5 കളി, മൂന്നെണ്ണം എവേ; ബ്ലാസ്‌റ്റേഴ്‌സിന് കഠിനം

പ്ലേ ഓഫിലെത്തിയാല്‍ സ്വന്തം നാട്ടില്‍ പ്ലേ ഓഫ് കളിക്കാനാകും. അത് ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് മേല്‍ക്കൈ ഉണ്ടാക്കുന്ന ഘടകമാണ്.
kerala blasters ipl 2024
kerala blasters ipl 2024

സ്‌പോര്‍ട്‌സ് ലേഖകൻ

കൊച്ചി: ഐഎസ്എല്ലില്‍ തുടക്കത്തിലേയുള്ള ആളിക്കത്തലിനു ശേഷം കേരള ബ്ലാസ്‌റ്റേഴ്‌സിന്‍റെ വീഴ്ച കണ്ട സീസണ്‍ അവസാനിക്കാന്‍ ഇനി അധികകാലമില്ല. കണക്കെടുക്കുമ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇനിയുള്ള കടമ്പകളില്‍ അപായ സൂചന ഒളിഞ്ഞിരിപ്പുണ്ട്. നിലവില്‍ 17 മത്സരങ്ങളില്‍നിന്ന് 29 പോയിന്‍റുള്ള ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്. പ്ലേ ഓഫില്‍ കയറാന്‍ വലിയ ബുദ്ധിമുട്ടില്ല എന്നു കരുതുമ്പോഴും ഇനിയുള്ള അഞ്ച് മത്സരങ്ങളില്‍ നാലും എവേ മത്സരങ്ങളാണ് എന്നത് ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് നെഞ്ചിടിപ്പ് കൂട്ടും. കാരണം ബ്ലാസ്റ്റേഴ്‌സ് കൂടുതലും ജയിച്ചിരിക്കുന്നത് സ്വന്തം തട്ടകത്തിലാണ്. പ്ലേ ഓഫിലെത്തിയാല്‍ സ്വന്തം നാട്ടില്‍ പ്ലേ ഓഫ് കളിക്കാനാകും. അത് ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് മേല്‍ക്കൈ ഉണ്ടാക്കുന്ന ഘടകമാണ്.

ആറ് ടീമുകളാണ് അടുത്ത റൗണ്ടിലേക്ക് കയറുന്നത്. അതേസമയം,, പോയിന്‍റ് നിലയില്‍ ആദ്യമെത്തുന്ന രണ്ട് ടീമുകള്‍ക്ക് നേരിട്ട് സെമി അവരുടെ തട്ടകത്തില്‍ കളിക്കാം. നിലവിലെ സാഹചര്യത്തില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തണമെങ്കില്‍ അദ്ഭുതങ്ങള്‍ സംഭവിക്കണം. കേരളത്തിന്‍റെ അടുത്ത കളി 13-ാം തീയതി ബുധനാഴ്ച സ്വന്തം തട്ടകത്തില്‍ മൊഹന്‍ ബഗാനെതിരേയാണ്. പിന്നീട് 30-ാം തീയതി ജംഷഡ്പുരിനെതിരേ എവേ മത്സരം. ഏപ്രില്‍ മൂന്നിന് നാട്ടില്‍ ഈസ്റ്റ് ബംഗാളിനെ നേരിടും. ഈ സീസണിലെ ബ്ലാസ്റ്റേഴ്‌സിന്‍റെ അവസാന ഹോം മത്സരമാണിത്. പിന്നീട് ഏപ്രില്‍ ആറിന് നോര്‍ത്ത് ഈസ്റ്റിനെതിരേയും 12ന് ഹൈദരാബാദിനെതിരേയും പോരാടും. ജംഷഡ്പുര്‍, നോര്‍ത്ത് ഈസ്റ്റ് എന്നീ ടീമുകള്‍ക്ക് പ്ലേ ഓഫിനുള്ള സാധ്യതകളുണ്ട്.

സ്വന്തം മൈതാനത്ത് അവര്‍ക്ക് മേല്‍ക്കൈയുമുണ്ട്. ഈ പ്രതികൂല സാഹചര്യങ്ങളെ മറികടന്നുവേണം ബ്ലാസ്റ്റേഴ്‌സിന് ജയിക്കാന്‍. അത്ര മികച്ച ടീമല്ലാതിരുന്നിട്ടും ബംഗളൂരുവിനെതിരേ പരാജയപ്പെട്ടത് ബ്ലാസ്റ്റേഴ്‌സിന് വലിയ തിരിച്ചടിയാണുണ്ടാക്കിയത്. അത് ജയിച്ചിരുന്നെങ്കില്‍ ഗോവയെ മറികടന്ന് നാലാം സ്ഥാനത്തേക്കുയരാമായിരുന്നു. സ്ഥിരതയില്ലായ്മയാണ് ബ്ലാസ്‌റ്റേഴ്‌സിന്‍റെ വലിയ പ്രശ്‌നം. കേരളം അവസാനം കളിച്ച അഞ്ച് കളികളില്‍ ഒന്നില്‍ മാത്രമാണ് ജയിച്ചത്. കൂടാതെ ടീമില്‍ വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങളും വിനയാകുന്നുണ്ടെന്നു വേണം മനസിലാക്കാന്‍. ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് നടത്തിയ മികച്ച സൈനിങ്ങായിരുന്നു പ്രീതം കോട്ടാലിന്‍റേത്. എന്നാല്‍, അദ്ദേഹത്തെ ഫലപ്രദമായി ബ്ലാസ്റ്റേഴ്‌സ് ഉപയോഗിക്കുന്നില്ല. മോഹന്‍ ബഗാനിലായിരിക്കുമ്പോള്‍ സെന്‍റര്‍ ബാക്ക് പൊസിഷനില്‍ മികച്ച പ്രകടനം നടത്തിയ താരമായിരുന്നു അദ്ദേഹം. എന്നാല്‍, ഇവിടെയെത്തിയപ്പോള്‍ ഭൂരിഭാഗം മത്സരങ്ങളിലും റൈറ്റ് ബാക്കിലേക്ക് കോട്ടാലിനെ മാറ്റി. സെന്‍റര്‍ ബാക്കായി ഹോര്‍മിപാം തുടരുകയും ചെയ്യുന്നു. ഹോര്‍മിപാം വളരെ മോശം ഫോമിലാണ് കളിക്കുന്നതും. പൊസിഷന്‍ മാറിയതോടെ കോട്ടലിന്‍റെ താളം പോയതായി കാണാം. ബ്ലാസ്റ്റേഴ്‌സിന് ശേഷിക്കുന്ന അഞ്ച് മത്സരങ്ങളും ജയിച്ചാല്‍ ആദ്യ രണ്ട് സ്ഥാനത്ത് ഫിനിഷ് ചെയ്യാനുള്ള സാധ്യത ബ്ലാസ്റ്റേഴ്‌സിന് ഇനിയും ഉണ്ട്.

അഞ്ച് മത്സരങ്ങളും ജയിക്കുന്നതിന് ഒപ്പം നിലവില്‍ ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലുള്ള ഒഡീഷ, മുംബൈ, മോഹന്‍ ബഗാന്‍, ഗോവ ടീമുകള്‍ അവരുടെ ശേഷിക്കുന്ന മത്സരങ്ങളില്‍ ചുരുങ്ങിയത് രണ്ട് തോല്‍വിയെങ്കിലും നേരിടുകയും വേണം.

Trending

No stories found.

Latest News

No stories found.