''അയ്യോ പോവല്ലേ, അയ്യോ പോവല്ലേ''; ഇല്ല, ബ്ലാസ്റ്റേഴ്സ് കൊച്ചി വിടില്ല

കൊച്ചി വീണ്ടും മഞ്ഞക്കടലാകും; ബ്ലാസ്റ്റേഴ്സിന്‍റെ ഹോം ഗ്രൗണ്ട് കലൂർ സ്റ്റേഡിയം തന്നെ, കോഴിക്കോടേക്ക് മാറാനുള്ള നീക്കം ഉപേക്ഷിച്ചു
Kerala Blasters Kochi Home Ground Confirmed

കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഔദ്യോഗിക ആരാധകക്കൂട്ടായ്മ മഞ്ഞപ്പട കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഗ്യാലറിയിൽ.

Updated on
Summary

ഐഎസ്എൽ പുതിയ സീസണിലും കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഹോം ഗ്രൗണ്ട് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം തന്നെയായിരിക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണം. വാടക സംബന്ധിച്ച തർക്കങ്ങൾ പരിഹരിച്ചതും കോഴിക്കോട് സ്റ്റേഡിയത്തിലെ അസൗകര്യങ്ങളുമാണ് കൊച്ചിയിൽ തന്നെ തുടരാൻ ക്ലബ്ബിനെ പ്രേരിപ്പിച്ചത്.

സ്പോർട്സ് ലേഖകൻ

കൊച്ചി: വരുന്ന ഐഎസ്എൽ സീസണിലും കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഔദ്യോഗിക ഹോം ഗ്രൗണ്ടായി കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം തന്നെ തുടരും. ആഴ്ചകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ക്ലബ് അധികൃതർ തന്നെയാണ് ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയത്.

സ്റ്റേഡിയം വാടകയെച്ചൊല്ലിയുള്ള തർക്കങ്ങളും നവീകരണ പ്രവർത്തനങ്ങളിലെ കാലതാമസവും കാരണം ഹോം മത്സരങ്ങൾ കോഴിക്കോട്ടേക്ക് മാറ്റാൻ നേരത്തെ ആലോചനകളുണ്ടായിരുന്നു.

വാടക കുറയ്ക്കാൻ ജിസിഡിഎ

സ്റ്റേഡിയം ഉടമകളായ ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്‍റ് അഥോറിറ്റി (ജിസിഡിഎ) വാടക കുറയ്ക്കാൻ തയാറായതാണ് കൊച്ചിയിൽ തന്നെ തുടരാനുള്ള തീരുമാനത്തിൽ നിർണായകമായത്.

ഭീമമായ വാടകയും നവീകരണത്തിലെ പ്രതിസന്ധികളും കാരണം ക്ലബ് സാമ്പത്തിക സമ്മർദത്തിലായിരുന്നു. എന്നാൽ, ജിസിഡിഎ വിട്ടുവീഴ്ചയ്ക്ക് തയാറായതോടെ അനിശ്ചിതത്വം നീങ്ങി. ഫ്ലഡ്‌ലൈറ്റുകൾ ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങൾ ജിസിഡിഎ നേരിട്ട് പൂർത്തിയാക്കും.

കോഴിക്കോട് ഒഴിവാകാൻ കാരണമുണ്ട്

ഹോം മത്സരങ്ങൾ കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലേക്ക് മാറ്റാൻ ബ്ലാസ്റ്റേഴ്സ് ഗൗരവമായി ആലോചിച്ചിരുന്നു. എന്നാൽ, അവിടെ സ്റ്റേഡിയം ഒരുക്കിയെടുക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ തിരിച്ചടിയായി.

സ്റ്റേഡിയത്തിൽ നടന്ന ബൈക്ക് റേസിനെത്തുടർന്ന് പുൽമൈതാനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. ഇത് മത്സരസജ്ജമാക്കാൻ കൂടുതൽ സമയമെടുക്കുമെന്നതിനാലാണ് ബ്ലാസ്റ്റേഴ്സ് വീണ്ടും കൊച്ചിയിലേക്ക് തന്നെ മടങ്ങിയത്.

ആദ്യ ഹോം മത്സരം ഫെബ്രുവരി 22ന്

ഐഎസ്എൽ കലണ്ടർ പ്രകാരം ഫെബ്രുവരി 22ന് മുംബൈ സിറ്റി എഫ്സിക്കെതിരേയാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഹോം മത്സരം. ഇതിന് പുറമെ ഫെബ്രുവരി 28, മാർച്ച് 7, 21, ഏപ്രിൽ 15, 18, 23, മെയ് 10, 17 തീയതികളിലും കൊച്ചിയിൽ മത്സരങ്ങൾ നടക്കും.

ആരാധകർക്ക് നന്ദി പറഞ്ഞ് ക്ലബ്

ഇന്ത്യയിലെ തന്നെ ഏറ്റവും ആവേശകരമായ ഫുട്ബോൾ വേദിയായി കൊച്ചിയെ മാറ്റുന്നത് തങ്ങളുടെ ആരാധകരാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ആരാധകരോടും സംസ്ഥാനത്തെ ഫുട്ബോൾ സമൂഹത്തോടുമുള്ള പ്രതിബദ്ധതയാണ് ഈ തീരുമാനത്തിലൂടെ ഒരിക്കൽ കൂടി വ്യക്തമാകുന്നതെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com