പ്ലേ ഓഫിനു തൊട്ടടുത്ത് കേരള ബ്ലാസ്റ്റേഴ്സ്

ഈസ്റ്റ് ബംഗാളിനെതിരേ സമനില നേടിയാൽ പോലും പ്ലേ ഓഫിലെത്താം
Kerala Blasters
Kerala BlastersKerala Blasters

കൊച്ചി: ഐഎസ്എല്‍ ഈ സീസണില്‍ സ്വന്തം മൈതാനത്തെ അവസാന മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ബുധനാഴ്ച രാത്രി 7.30നാകും കൊമ്പന്മാരിറങ്ങുന്നത്. എതിരാളികള്‍ കോല്‍ക്കത്തയില്‍നിന്നുള്ള ഈസ്റ്റ് ബംഗാള്‍. ഈ മത്സരത്തില്‍ സമനില നേടിയാല്‍ പോലും കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് യോഗ്യത നേടും. അതുകൊണ്ട് കളിക്കാരെയും ആരാധകരെയും സംബന്ധിച്ച് കൊച്ചിയിലെ പോരാട്ടം നിര്‍ണായകമാണ്.

ജംഷഡ്പുര്‍ എഫ്സിക്കെതാരായ അവസാന പോരാട്ടത്തില്‍ ബ്ലാസ്റ്റേഴ്സ് 1-1ന് സമനില വഴങ്ങിയിരുന്നു. ഇതോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് എലിമിനേറ്റര്‍ റൗണ്ട് യോഗ്യതയ്ക്ക് തൊട്ടരികില്‍ ലെത്തിയത്. അതേസമയം, ഈ മത്സരത്തില്‍ വിജയിച്ചിരുന്നുവെങ്കില്‍ ഇതിനോടകം പ്ലേ ഓഫിലെത്തിയനെ.

കാരണം, 19 മത്സരങ്ങളില്‍ 30 പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. ഇത്രയും മത്സരങ്ങളില്‍ 21 പോയിന്‍റുമായി പഞ്ചാബ് എഫ് സിയും ചെന്നൈയിന്‍ എഫ് സിയും എട്ട്, ഒന്‍പത് സ്ഥാനങ്ങളിലുണ്ട്. പഞ്ചാബ് എഫ് സിക്ക് ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ കടുപ്പമേറിയതാണ്. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റിന് എതിരേയും ഒഡീഷ എഫ്സിക്കെതിരെയുമാണ് മത്സരങ്ങള്‍.

ഏതായാലും ഇന്ന് ഈസ്റ്റ് ബംഗാള്‍ ക്ലബ്ബിന് എതിരേ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്‍റെ ലക്ഷ്യം ജയം മാത്രമാണ്. ഈ കളിയില്‍ വിജയിക്കാനോ സമനില നേടാനോ സാധിച്ചാല്‍ മറ്റൊരു ടീമിന്‍റെയും മത്സരഫലത്തെ ആശ്രയിക്കാതെ ടീമിന് ഔദ്യോഗികമായി പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കാം. നേരത്തെ കൊല്‍ക്കത്തയില്‍ ഇരുവരും തമ്മില്‍ നടന്ന ആദ്യ പാദത്തില്‍ 2 - 1 ന്‍റെ വിജയം കേരള ബ്ലാസ്റ്റേഴ്സ് നേടിയിരുന്നു. തുടര്‍ച്ചയായ മൂന്നാം സീസണിലും പ്ലേ ഓഫ് യോഗ്യത ഏറെക്കുറെ ഉറപ്പിച്ചതിന്‍റെ സന്തോഷത്തിലാണ് ഇവാന്‍ വുകോമനോവിച്ചും സംഘവും. ഇത് തുടര്‍ച്ചായായ മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ പ്ലേ ഓഫിനിറങ്ങുന്നത്. ക്ലബ് ചരിത്രത്തില്‍ ആദ്യമായാണ് തുടര്‍ച്ചയായ മൂന്ന് സീസണില്‍ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് റൗണ്ട് കളിക്കാന്‍ ഒരുങ്ങുന്നത്.

ലീഗ് റൗണ്ടില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യാന്‍ സാധിച്ചാല്‍ പ്ലേ ഓഫ് എലിമിനേറ്റര്‍ സ്വന്തം മൈതാനത്ത് കളിക്കാം എന്നതും കൊച്ചി ക്ലബ്ബിനു മുന്നിലെ മറ്റൊരു ലക്ഷ്യമാണ്. അല്ലെങ്കില്‍ 2022 - 2023 സീസണിലേതു പോലെ പ്ലേ ഓഫ് എലിമിനേറ്റര്‍ എവേ മൈതാനത്ത് കളിക്കേണ്ടി വരം. കഴിഞ്ഞ സീസണിലെ പ്ലേ ഓഫ് എലിമിനേറ്ററില്‍ ബംഗളൂരു എഫ് സിയോട് അധിക സമയത്തെ വിവാദ ക്വിക്ക് ഫ്രീകിക്ക് ഗോളിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് തോല്‍വി വഴങ്ങിയത്.

ഈസ്റ്റ് ബംഗാളിന്‍റെ കാര്യമെടുത്താല്‍ കഴിഞ്ഞ മൂന്നു മത്സരങ്ങളിലെ തുടര്‍ തോല്‍വിക്കു ശേഷമാണ് അവര്‍ കൊച്ചിയിലെത്തുന്നത്. മലയാളിയും സന്തോഷ് ട്രോഫി മുന്‍ പരിശീലകനുമായ ബിനോ ജോര്‍ജാണ് അവരുടെ സഹപരിശീലകന്‍. ഇരുവരും ആദ്യപാദത്തില്‍ നേരിട്ടപ്പോള്‍ ഡയമന്‍റക്കോസായിരുന്നു ഈസ്റ്റ്ബംഗാളിനെ തകര്‍ത്തത്. അദ്ദേഹം തന്നെയാണ് ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകളുമായി (13) മുന്നില്‍.

ഈസ്റ്റ് ബംഗാളും ബ്ലാസ്റ്റേഴ്സും ഐഎസ്എല്‍ ചരിത്രത്തില്‍ ഏഴു തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ മൂന്നു തവണ ബ്ലാസ്റ്റേഴ്സ് ജയിച്ചപ്പോള്‍ ഒന്നില്‍ മാത്രമായിരുന്നു ഈസ്റ്റ് ബംഗാളിനു വിജയം. മൂന്നു മത്സരം സമനിലയില്‍ കലാശിച്ചു.

മാറ്റങ്ങള്‍ എവിടെ?

ഈസ്റ്റ് ബംഗാളിന് എതിരേ ഇറങ്ങുമ്പോള്‍ കഴിഞ്ഞ മത്സരങ്ങളില്‍നിന്ന് എന്തൊക്കെ മാറ്റങ്ങളാവും വുകമാനോവിച്ച് വരുത്തുക എന്നതാവും ശ്രദ്ധേയമാവുന്നത്. പരുക്കേറ്റ് പുരത്തായ ജസ്റ്റിന്‍ ഇമ്മാനുവലിന് പകരം ഫെഡോര്‍ സെര്‍ണിച്ച് മധ്യനിരയില്‍ എത്തിയേക്കും. അതുപോലെ ഡാനിഷ് ഫറൂഖ് ബട്ടിനു പകരം ജീക്സണ്‍ സിംഗും എത്താന്‍ സാധ്യതയുണ്ട്. പ്രതിരോധത്തില്‍ മിലോസ് ഡ്രിന്‍സിച്ചിനു പകരം റൂയിവ ഹോര്‍മിപാം സ്റ്റാര്‍ട്ടിങ് ഇലവനില്‍ കളിച്ചേക്കും.

സാധ്യതാ ഇലവന്‍

ഗോള്‍ കീപ്പര്‍ - കരണ്‍ജിത് സിംഗ്. പ്രതിരോധം - സന്ദീപ് സിങ്, റൂയിവ ഹോര്‍മിപാം, മാര്‍ക്കൊ ലെസ്കോവിച്ച്, നവോച്ച സിങ്.

മധ്യനിര - മുഹമ്മദ് അയ്മന്‍, ജീക്സണ്‍ സിംഗ്, വിബിന്‍ മോഹനന്‍, രാഹുല്‍ കെ പി.

മുന്നേറ്റനിര - ദിമിത്രിയോസ് ഡയമന്‍റകോസ്, ഫെഡോര്‍ സെര്‍ണിച്ച്.

Trending

No stories found.

Latest News

No stories found.