
കൊച്ചി: സ്വന്തം തട്ടകത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് വിജയവഴിയില്‍. ഒരു ഗോളിനു പിന്നില്‍നിന്ന ശേഷം രമ്ടു ഗോളുകള്‍ തിരിച്ചടിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഒഡിഷയ്ക്കെതിരേ വെന്നിക്കൊടി നാട്ടി. 15-ാം മിനിറ്റില്‍ ഡിയേഗോ മൗറിസിയോയിലൂടെ ഗോള്‍ നേടിയ ഒഡിഷയ്ക്കെതിരേ രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചു. 66-ാം മിനിറ്റില്‍ സൂപ്പര്‍ താരം ദിമിത്രിയോസ് ഡയമന്റാക്കോസിലൂടെ സമനില കണ്ടെത്തിയ ബ്ലാസ്റ്റേഴ്സിന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത് നായകന് അഡ്രിയന്‍ ലൂണയാണ്. 84-ാം മിനിറ്റിലായിരുന്നു ലൂണയുടെ മിന്നും ഗോള്‍.
ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ഉണര്‍ന്നത്. മൂന്നാം മിനിറ്റില്‍ തന്നെ കെ പി രാഹുലിന്റെ ഷോട്ട് ഒഡീഷയുടെ ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തി. ആറാം മിനിറ്റില്‍ ഒഡീഷയുടെ ഭാഗത്ത് നിന്ന് ആദ്യ ഗോള്‍ശ്രമവുമുണ്ടായി. 12-ാം മിനിറ്റില്‍ പ്രിതം കോട്ടലിന്റെ ഹെഡ്ഡര്‍ പുറത്തേക്ക്. 15-ാം മിനിറ്റില്‍ മൗറിസിയോയുടെ ഗോളെത്തി. സീ ഗൊദാര്‍ഡിന്റെ അസിസ്റ്റിലായിരുന്നു മൗറിസിയോയുടെ ഗോള്‍. 22-ാം മിനിറ്റില്‍ ഒഢീഷയ്ക്ക് ലീഡെടുക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ മൗറിസിയോയുടെ പെനാല്‍റ്റി കിക്ക് ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ സച്ചിന് സുരേഷ് രക്ഷപ്പെടുത്തി. ബ്ലാസ്റ്റേഴ്സ് താരം നവോച്ച സിംഗിന്റെ കയ്യില്‍ പന്ത് തട്ടിയതിനെ തുടര്‍ന്നാണ് പെനാല്‍റ്റി വിധിച്ചത്. ഇടത്തോട് ചാടിയ സുരേഷ് കിക്ക് രക്ഷപ്പെടുത്തുകയായിരുന്നു. പിന്നാലെ ബ്ലാസ്റ്റേഴ്സ് ആക്രമണം കടുപ്പിച്ചു. ദെയ്സുകെ സകായ് പായിച്ച് ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക്. ആദ്യ പകുതിക്ക് അങ്ങനെ അവസാനമായി.
ഇതോടെ ബ്ലാസ്റ്റേഴ്സിന് അഞ്ച് കളികളില്‍നിന്ന് 10 പോയിന്റായി. മൂന്നു മത്സരങ്ങള്‍ ജയിച്ചപ്പോള്‍ ഒരെണ്ണം സമനിലയിലായി. കേരളാ ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്താണ് ഇപ്പോള്‍. നാലു കളികളില്‍ 10 പോയന്റുമായി എഫ് സി ഗോവയാണ് ഒന്നാം സ്ഥാനത്ത്.