കോളെജ് പ്രീമിയർ ലീഗ് ടി-20 ക്രിക്കറ്റിനു തുടക്കമാകുന്നു

10 സർവകലാശാലകളിൽ നിന്നായി അറുപതോളം കോളെജുകളും തൊള്ളായിരത്തിലധികം വിദ്യാർഥികളും മാറ്റുരയ്ക്കും
Kerala College Premiere League cricket

ലയൺസ് കേരള കോളെജ് പ്രീമിയർ ലീഗ് ടി20 ക്രിക്കറ്റ്.

Updated on

അങ്കമാലി: ലയൺസ് കേരള കോളെജ് പ്രീമിയർ ലീഗ് ടി20 ക്രിക്കറ്റ് ചാംപ്യൻഷിപ്പിനു തിങ്കളാഴ്ച തുടക്കം. ലയൺസ് ഇന്‍റർനാഷണൽ മൾട്ടിപ്പിൾ ഡിസ്ട്രിക് 318-ന്‍റെ ആഭിമുഖ്യത്തിൽ സ്പോർട്സ് എക്സോട്ടിക്കയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ടൂർണമെന്‍റിന്‍റെ ഉദ്ഘാടന മത്സരങ്ങൾ അങ്കമാലി ഫിസാറ്റ് കോളെജ് ഗ്രൗണ്ടിലും ബിസിജി ഗ്രൗണ്ടിലുമായാണ് നടക്കുന്നത്.

കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ യൂത്ത് ക്രിക്കറ്റ് ടാലന്‍റ് സെർച്ചിന്‍റെ ഭാഗമായി തുടർച്ചയായി ഏഴാമത്തെ വർഷം സംഘടിപ്പിക്കുന്ന ഈ മെഗാ ടൂർണമെന്‍റിൽ സംസ്ഥാനത്തെ 10 സർവകലാശാലകളിൽ നിന്നായി അറുപതോളം കോളെജുകളും തൊള്ളായിരത്തിലധികം വിദ്യാർഥികളും മാറ്റുരയ്ക്കും. സൗത്ത്, സെൻട്രൽ, നോർത്ത് സോണുകളായാണ് മത്സരം നടക്കുന്നത്. 35 ദിവസം നീളുന്ന ടൂർണമെന്‍റിൽ ഓരോ സോണിലും 20 ടീമുകൾ വീതമാണുള്ളത്.

സെൻട്രൽ സോണിലെ മത്സരങ്ങൾ മാർച്ച് ഒമ്പതിന് ആരംഭിക്കുമ്പോൾ മറ്റ് സോണുകളിലെ മത്സരങ്ങൾ അതത് മേഖലകളിലെ കെസിഎ സ്റ്റേഡിയങ്ങളിൽ നടത്തും. അഞ്ച് വേദികളിലായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. തെക്കൻ മേഖലാ മത്സരങ്ങൾ തിരുവനന്തപുരത്തും മധ്യമേഖലാ മത്സരങ്ങൾ തൊടുപുഴ, ആലപ്പുഴ എന്നിവടങ്ങളിലും. വടക്കൻ ജില്ലകൾ ഉൾപ്പെടുന്ന നോർത്ത് സോൺ മത്സരങ്ങൾക്ക് തലശ്ശേരിയും പെരിന്തൽമണ്ണയാണ് വേദി.

ഓരോ സോണിൽ നിന്നും മുന്നിലെത്തുന്ന ടീമുകൾ ആലപ്പുഴയിലും തൃപ്പൂണിത്തുറയിലുമായി നടത്തുന്ന 'സൂപ്പർ സിക്സ്' ഘട്ടത്തിലേക്ക് യോഗ്യത നേടും. ചാംപ്യൻഷിപ്പിലാകെ 80 മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. പകൽ-രാത്രി മത്സരങ്ങളുടെ മാതൃകയിൽ പിങ്ക് പന്തുകളാണ് ടൂർണമെന്‍റിൽ ഉപയോഗിക്കുന്നത്.

കഴിഞ്ഞ ആറ് സീസണുകളിലായി ആറ് വ്യത്യസ്ത ചാംപ്യൻമാരെ സമ്മാനിച്ച ടൂർണമെന്‍റിന്‍റെ രണ്ടാം ഘട്ടം മുതൽ മികച്ച കളിക്കാരെ കണ്ടെത്താൻ കേരള ക്രിക്കറ്റ് ലീഗിലെ വിവിധ ഫ്രാഞ്ചൈസികൾ നേരിട്ടെത്തും. മദ്യത്തിനും മയക്കുമരുന്നിനും എതിരെ യുവതലമുറയെ അണിനിരത്തുക എന്ന വലിയ സാമൂഹിക ലക്ഷ്യത്തോടെയാണ് ലയൺസ് ക്ലബ് ഇന്‍റർനാഷണൽ ഈ ടൂർണമെന്‍റിന് രണ്ടാം തവണ നേതൃത്വം നൽകുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com