തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മലയാളി കായികതാരങ്ങൾക്ക് കേരള സർക്കാർ പ്രത്യേക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മെഡൽ ജേതാക്കളെ സർക്കാർ അവഗണിക്കുന്നു എന്ന വിമർശനം ഉയർന്ന ശേഷമാണ് പ്രഖ്യാപനം.
സ്വർണ മെഡൽ നേടിയ താരങ്ങൾക്ക് 25 ലക്ഷം രൂപയാണ് നൽകുക. വെള്ളി നേടിയവർക്ക് 19 ലക്ഷം രൂപ വീതവും വെങ്കലം നേടിയവർക്ക് 12.5 ലക്ഷം രൂപയും നൽകും. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
സ്വർണ മെഡൽ നേടി നാട്ടിലെത്തിയ തന്നെ കാണാൻ ഒരു പഞ്ചായത്തംഗം പോലും വന്നില്ലെന്ന് ഹോക്കി താരം പി.ആർ. ശ്രീജേഷ് അടക്കമുള്ളവർ പരസ്യമായി വിമർശനമുന്നയിച്ചിരുന്നു. കേരളത്തിന്‍റെ അവഗണന കാരണം ഇനി സംസ്ഥാനത്തിനായി മത്സരിക്കാനില്ലെന്നും തമിഴ്‌നാട്ടിലേക്കു മാറുകയാണെന്നും ബാഡ്‌മിന്‍റൺ താരം എച്ച്.എസ്. പ്രണോയിയും പ്രഖ്യാപിച്ചിരുന്നു.
ഉചിതമായ സമയത്ത് സമ്മാനം പ്രഖ്യാപിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനങ്ങളോടു നേരത്തെ പ്രതികരിച്ചിരുന്നത്.