
മുംബൈ: ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ മലയാളി താരം മിന്നു മണിയെ ഉൾപ്പെടുത്തി. ആദ്യമായാണ് മിന്നു ദേശീയ ടീമിൽ ഇടംപിടിക്കുന്നത്. വയനാട്ടിൽനിന്നുള്ള ഈ ഇരുപത്തിനാലുകാരി ഓൾറൗണ്ടറാണ്- ഇടങ്കൈ ബാറ്ററും ഓഫ്‌സ്‌പിന്നറും. വനിതാ ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസ് ടീമംഗമായിരുന്നു. ട്വന്‍റി20 ടീമിൽ മാത്രമാണ് മിന്നുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, ട്വന്‍റി20, ഏകദിന ടീമുകളിൽ നിന്ന് സ്റ്റാർ വിക്കറ്റ് കീപ്പർ റിച്ച ഘോഷിനെയും പേസ് ബൗളിങ് കുന്തമുന രേണുക സിങ്ങിനെയും ഒഴിവാക്കിയത് അമ്പരപ്പിക്കുന്ന തീരുമാനമായി. ഇരുവരെയും പുറത്താക്കാനുള്ള കാരണം ബിസിസിഐ വെളിപ്പെടുത്തിയിട്ടില്ല. പേസ് ബൗളർ ശിഖ പാണ്ഡെ, ഇടങ്കൈ സ്‌പിന്നർമാരായ രാജേശ്വരി ഗെയ്‌ക്ക്‌വാദ്, രാധ യാദവ് എന്നിവരാണ് പുറത്തായ മറ്റു പ്രമുഖർ. ഇവരുടെ കാര്യത്തിൽ ഫോമില്ലായ്മയാണ് കാരണമെന്ന് അനുമാനിക്കാം.
റിച്ചയുടെ അഭാവത്തിൽ അസമിൽനിന്നുള്ള ഉമ ഛേത്രിയെ ബാക്കപ്പ് വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്തിയിട്ടുണ്ട്. യസ്തിക ഭാട്ടിയ ആയിരിക്കും ഒന്നാം നമ്പർ കീപ്പർ.
മിന്നു മണിയെ കൂടാതെ ഇടങ്കൈ സ്പിന്നർമാരായ അനുഷ ബാറെഡ്ഡി, റാഷി കനോജിയ എന്നിവർക്കും ആദ്യമായി ദേശീയ ടീമിൽ ഇടംകിട്ടി. ടി20 ലോകകപ്പിൽ റിസർവ് കളിക്കാരായിരുന്ന ബാറ്റർ എസ്. മേഘന, പേസർ മേഘന സിങ് എന്നിവരെ മെയിൻ ടീമിൽ ഉൾപ്പെടുത്തി. ഇടങ്കൈ സീമർ മോണിക്ക പട്ടേൽ, ബാറ്റർ പ്രിയ പൂനിയ എന്നിവർ ടീമിൽ തിരിച്ചെത്തി.
ഹർമൻപ്രീത് കൗർ തന്നെയായിരിക്കും ഇരു ടീമുകളുടെയും ക്യാപ്റ്റൻ. സ്മൃതി മന്ഥനയെ വൈസ് ക്യാപ്റ്റനായും നിലനിർത്തിയിട്ടുണ്ട്.
ടീമുകൾ
ട്വന്‍റി20: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ഥന (വൈസ് ക്യാപ്റ്റൻ), ദീപ്തി ശർമ, ഷഫാലി വർമ, ജമീമ റോഡ്രിഗ്സ്, യസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പർ), ഹർലീൻ ഡിയോൾ, ദേവിക വൈദ്യ, ഉമ ഛേത്രി (വിക്കറ്റ് കീപ്പർ), അമൻജോത് കൗർ, എസ്. മേഘന, പൂജ വസ്ത്രകാർ, മേഘന സിങ്, അഞ്ജലി സർവാനി, മോണിക്ക പട്ടേൽ, റാഷി കനോജി, അനുഷ ബാറെഡ്ഡി, മിന്നു മണി.
ഏകദിനം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ഥന (വൈസ് ക്യാപ്റ്റൻ), ദീപ്തി ശർമ, ഷഫാലി വർമ, ജമീമ റോഡ്രിഗ്സ്, യസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പർ), ഹർലീൻ ഡിയോൾ, ദേവിക വൈദ്യ, ഉമ ഛേത്രി (വിക്കറ്റ് കീപ്പർ), അമൻജോത് കൗർ, പ്രിയ പൂനിയ, പൂജ വസ്ത്രകാർ, മേഘന സിങ്, അഞ്ജലി സർവാനി, മോണിക്ക പട്ടേൽ, റാഷി കനോജിയ, അനുഷ ബാറെഡ്ഡി, സ്നേഹ് റാണ.