
അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ അണിനിരക്കുന്ന മാര്‍ച്ച് പാസ്റ്റിന്‍റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. സമഗ്ര ശിക്ഷാ കേരളത്തിന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിൽ നിന്ന് 171 ഭിന്നശേഷി കുരുന്നുകൾ അണിനിരക്കുന്ന നൃത്തശിൽപ്പം ചടങ്ങിന്‍റെ മാറ്റു കൂട്ടും. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വീൽചെയറിലിരുന്നു ചുവടുകൾ പരിശീലിക്കുന്ന അഷ്ടമിയും കൂട്ടുകാരും.
കെ.ബി. ജയചന്ദ്രൻ | Metro Vaartha
തിരുവനന്തപുരം: 67ാം സംസ്ഥാന സ്‌കൂൾ കായികമേളയുടെ ലഹരിയിലേക്ക് കേരളത്തിന്‍റെ തലസ്ഥാന നഗരി. ഒക്റ്റോബർ 21 മുതൽ 28 വരെയാണ് ഒളിംപിക്സ് മാതൃകയിലുള്ള മേള സംഘടിപ്പിക്കുന്നത്. വൈകിട്ട് നാലു മണിക്കു യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും.
കായിക താരങ്ങളുടെ മാർച്ച് പാസ്റ്റോടെയാകും തുടക്കം. ക്രിക്കറ്റ് താരം സഞ്ജു സാംസൺ നേരത്തെ മേളയുടെ ബ്രാൻഡ് അംബാസഡരായി നിയോഗിക്കപ്പെട്ടിരുന്നു. നടി കീർത്തി സുരേഷ് ഗുഡ്‌വിൽ അംബാസഡറാണ്.
ഉദ്ഘാടനച്ചടങ്ങിനു ശേഷം കേരളത്തിന്‍റെ സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികൾ അരങ്ങേറും. 3,000ത്തോളം കുട്ടികൾ പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടികളും ഓരോ ജില്ലയിൽ നിന്നും 300 കുട്ടികൾ പങ്കെടുക്കുന്ന വിപുലമായ മാർച്ച് പാസ്റ്റുമാണ് ഒരുക്കിയിരിക്കുന്നത്.
12 വേദികളിൽ 40 ഇനങ്ങളിലായാണ് അത്‌ലറ്റിക്സ്, ഗെയിംസ് മത്സരങ്ങൾ. ഇവ ബുധനാഴ്ച ആരംഭിക്കും. 12 ഗെയിംസ് മത്സരങ്ങൾ നടക്കുന്ന സെൻട്രൽ സ്റ്റേഡിയമാണു മുഖ്യ വേദി. അവിടെ ജർമൻ ഹാംഗർ പന്തലിൽ താത്കാലിക സ്റ്റേഡിയങ്ങൾ ഒരുക്കി. മഴ ശക്തമായാലും മത്സരങ്ങളെ ബാധിക്കാത്ത രീതിയിലാണ് ഒരുക്കങ്ങൾ.
പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഭക്ഷണപ്പുരയുടെ പ്രവർത്തനം. 2,500 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള വിപുലമായ ശാലയാണ് പുത്തരിക്കണ്ടം മൈതാനത്ത് തയാറാക്കിയിട്ടുള്ളത്. ഇതടക്കം നാല് പാചകപ്പുരകളും പാകം ചെയ്ത ഭക്ഷണം മറ്റു നാലിടങ്ങളിൽ കൂടി എത്തിച്ചുനൽകാനുള്ള സൗകര്യവുമുണ്ട്.