
തിരുവനന്തപുരം: രഞ്ജി ട്രോഫി എലൈറ്റ് ലീഗിലെ നിർണായക മത്സരത്തിൽ കേരളത്തിന് ബിഹാറിനെതിരേ ഇന്നിങ്സ് വിജയം. ഇതോടെ സി ഗ്രൂപ്പിലെ പോയിന്‍റ് നിലയിൽ കേരളം ഹരിയാനയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി, ക്വാർട്ടർ ഫൈനലിൽ സ്ഥാനവും ഉറപ്പാക്കി.
ഏഴ് മത്സരങ്ങളിൽ മൂന്ന് ജയവും നാല് സമനിലകളുമായി 28 പോയിന്‍റാണ് കേരളത്തിന്. ഹരിയാനയ്ക്ക് ആറ് മത്സരങ്ങളിൽ 26 പോയിന്‍റും. ഹരിയാനയുടെ അവസാന മത്സരം കർണാടകക്കെതിരേ പുരോഗമിക്കുകയാണ്. ബംഗാൾ, പഞ്ചാബ്, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ ശക്തമായ ടീമുകൾ കൂടി ഉൾപ്പെട്ടതാണ് സി ഗ്രൂപ്പ്.
ബിഹാറിനെതിരേ ആദ്യ ഇന്നിങ്സിൽ 350 റൺസെടുത്ത കേരളം, എതിരാളികളെ വെറും 64 റൺസിന് എറിഞ്ഞൊതുക്കുകയായിരുന്നു. 287 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ ബിഹാർ ഫോളോ ഓൺ ചെയ്ത് രണ്ടാം ഇന്നിങ്സിൽ 118 റൺസിന് വീണ്ടും ഓൾഔട്ടായി. ഇതോടെ കേരളം ഇന്നിങ്സിനും 169 റൺസിനും ജയം ഉറപ്പിക്കുകയും നോക്കൗട്ട് പ്രതീക്ഷ നിലനിർത്തുകയുമായിരുന്നു.
രണ്ട് ഇന്നിങ്സിലും അഞ്ച് വിക്കറ്റ് വീതം വീഴ്ത്തിയ ജലജ് സക്സേനയാണ് കേരളത്തിന്‍റെ വിജയശിൽപ്പി. ആദ്യ ഇന്നിങ്സിൽ 7.1 ഓവർ മാത്രം പന്തെറിഞ്ഞ ജലജ്, 19 റൺസിനാണ് അഞ്ച് വിക്കറ്റ് പിഴുതത്. രണ്ടാം ഇന്നിങ്സിൽ 11.1 ഓവറിൽ 34 റൺസ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് കൂടി സ്വന്തമാക്കി. മധ്യപ്രദേശിൽ നിന്നുള്ള അതിഥിതാരം കരിയറിൽ പത്താം തവണയാണ് പത്ത് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. 32 തവണ അഞ്ച് വിക്കറ്റ് നേട്ടത്തിലുമെത്തിയിട്ടുണ്ട് ഈ മുപ്പത്തെട്ടുകാരൻ.
നേരത്തെ, 302/9 എന്ന നിലയിലാണ് കേരളം രണ്ടാം ദിനം രാവിലെ ബാറ്റിങ് പുനരാരംഭിച്ചത്. 111 റൺസുമായി പുറത്താകാതെ നിന്ന സൽമാൻ നിസാർ 150 തികച്ചു. 236 പന്ത് നേരിട്ട സൽമാന്‍റെ ഐതിഹാസിക ഇന്നിങ്സിൽ 15 ഫോറും രണ്ട് സിക്സറും ഉൾപ്പെടുന്നു.
പത്താം വിക്കറ്റ് കൂട്ടുകെട്ടിൽ വൈശാഖ് ചന്ദ്രനൊപ്പം 71 റൺസാണ് സൽമാൻ കൂട്ടിച്ചേർത്തത്. പതിനൊന്നാം നമ്പറിൽ കളിക്കാനിറങ്ങിയ വൈശാഖ് 54 പന്ത് നേരിട്ട് അഞ്ച് റൺസുമായി പുറത്താകാതെ നിന്നു.
81 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായിരുന്ന കേരളത്തെ സൽമാൻ കരകയറ്റിയത് ഷോൺ റോജർ (59), എം.ഡി. നിധീഷ് (30) എന്നിവരുടെ ഉറച്ച പിന്തുണയോടെയാണ്. 202 റൺസെടുക്കുന്നതിനിടെ എട്ട് വിക്കറ്റ് നഷ്ടമായെങ്കിലും അവസാനത്തെ രണ്ട് ബാറ്റർമാരുമൊത്ത് ആകെ 149 റൺസ് കൂടി കൂട്ടിച്ചേർക്കാൻ സൽമാനു സാധിച്ചു.
തുടർന്ന് പേസ് ബൗളർ എം.ഡി. നിധീഷിനൊപ്പം ന്യൂബോൾ പങ്കുവച്ചത് ജലജ് സക്സേന. നിധീഷ് രണ്ട് വിക്കറ്റ് നേടിയപ്പോൾ, സ്പിന്നർമാരായ വൈശാഖ് ചന്ദ്രനും ആദിത്യ സർവാതെയും ഓരോ വിക്കറ്റും സ്വന്തമാക്കി. ബിഹാറിന്‍റെ അവസാന ബാറ്റർ റണ്ണൗട്ടുമായി.
64 റൺസിനു പുറത്തായ ബിഹാറിനെ ഫോളോ ഓൺ ചെയ്യിക്കാനാണ് കേരള ക്യാപ്റ്റൻ സച്ചിൻ ബേബി തീരുമാനിച്ചത്. ഇക്കുറി രണ്ടാമത്തെ ബൗളിങ് ചേഞ്ചായാണ് ജലജ് സക്സേന നിയോഗിക്കപ്പെട്ടതെങ്കിലും, വിക്കറ്റ് വേട്ട തുടങ്ങാൻ താമസമുണ്ടായില്ല.
സർവാതെ രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റുമായി ജലജിന് ഉറച്ച പിന്തുണ നൽകി. നിധീഷിനും വൈശാഖിനും ഓരോ വിക്കറ്റ്. ആദ്യ ഇന്നിങ്സിൽ 23.1 ഓവർ മാത്രം ബാറ്റ് ചെയ്യാൻ സാധിച്ച ബിഹാറിന്‍റെ രണ്ടാം ഇന്നിങ്സ് 41.1 ഓവറിലും അവസാനിച്ചു.