

സച്ചിൻ ബേബി
തിരുവനന്തപുരം: ചണ്ഡീഗഢിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് ബാറ്റിങ് തകർച്ച. 56 ഓവർ പൂർത്തിയായപ്പോൾ കേരളം 139 റൺസിന് ഓൾഔട്ടായി. ചണ്ഡീഗഢിനു വേണ്ടി നാലു വിക്കറ്റ് വീഴ്ത്തിയ നിഷുങ്ക് ബിർളയാണ് കേരളത്തെ തകർത്തത്.
നിഷുങ്കിനു പുറമെ രോഹിത് ദണ്ഡെ മൂന്നും ജഗ്ജീത് സിങ് രണ്ടും കാർത്തിക് സാൻദിൽ ഒരു വിക്കറ്റും വീഴ്ത്തി. 107 പന്തുകൾ നേരിട്ട് 49 നേടിയ ബാബാ അപരാജിതാണ് കേരളത്തിന്‍റെ ടോപ് സ്കോറർ. ഒരു റൺസിനാണ് താരത്തിന് അർധസെഞ്ചുറി നഷ്ടമായത്. 7 ബൗണ്ടറി അടങ്ങുന്നതായിരുന്നു ബാബാ അപരാജിതിന്‍റെ ഇന്നിങ്സ്.
ബാബാ അപരാജിതിനു പുറമെ സച്ചിൻ ബേബി മാത്രമാണ് അൽപ്പമെങ്കിലും പൊരുതി നിന്നത്. 110 പന്തുകൾ നേരിട്ട താരം 41 റൺസെടുത്തു. മുഹമ്മദ് അസറുദ്ദീൻ (4), വിഷ്ണു വിനോദ് (0) അടക്കമുള്ള താരങ്ങൾ നിരാശപ്പെടുത്തി. ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 87 റൺസെന്ന നിലയിലായിരുന്നു കേരളം. സച്ചിൻ- അപരാജിത് സഖ‍്യം 57 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയിരുന്നു.
എന്നാൽ പിന്നീട് 44 റൺസ് ചേർക്കുന്നതിനിടെ 8 വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്. വാലറ്റത്ത് ഈഡൻ ആപ്പിൾ ടോം (0), നിധീഷ് എംഡി (1) എന്നിവർക്കും കാര‍്യമായ സംഭാവനകൾ നൽകാൻ സാധിച്ചില്ല. 13 റൺസെടുത്ത സൽമാൻ നിസാർ മാത്രമാണ് പുറത്താവാതെ ക്രീസിൽ നിന്നത്. ആദ‍്യ സെഷനിൽ തന്നെ ഓപ്പണർമാരായ അഭിഷേക് നായർ (1), ആകർഷ് എകെ (14) എന്നിവർ പുറത്തായിരുന്നു. കഴിഞ്ഞ 5 മത്സരങ്ങളിലും സമനില പിടിച്ച കേരളത്തിന് ശേഷിക്കുന്ന മത്സരങ്ങൾ വളരെയധികം നിർണായകമാണ്.