

രോഹൻ കുന്നുമ്മൽ
പനാജി: ഗോവയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിനു വേണ്ടി ഓപ്പണിങ് ബാറ്റർ രോഹൻ കുന്നുമ്മൽ സെഞ്ചുറി നേടി. 107 പന്തിൽ 11 ബൗണ്ടറിയും 4 സിക്സും അടക്കം 101 റൺസുമായി ക്രീസിൽ തുടരുകയാണ് താരം. മറുവശത്ത് 16 റൺസുമായി സച്ചിൻ ബേബിയാണ് ക്രീസിൽ. ഇനി 200 റൺസ് കൂടി വേണം കേരളത്തിന് ഗോവയ്ക്കെതിരേ ലീഡ് എടുക്കാൻ.
ഓപ്പണിങ് ബാറ്റർ അഭിഷേക് ജെ. നായർ (32) പുറത്തായി. ഗോവയ്ക്കു വേണ്ടി അമൂല്യ പന്ദ്രേക്കറാണ് വിക്കറ്റ് വീഴ്ത്തിയത്. ലളിത് യാദവ് അടക്കമുള്ള മറ്റു താരങ്ങൾക്ക് വിക്കറ്റ് വീഴ്ത്താനായില്ല. നേരത്തെ 8 വിക്കറ്റ് നഷ്ടത്തിൽ 279റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ്ങ് ആരംഭിച്ച ഗോവയുടെ ഇന്നിങ്സ് 355 റൺസിലാണ് അവസാനിച്ചത്.
സമർ ദുബാഷി (55) നേടിയ അർധസെഞ്ചുറിയും വി. കൗശിക് (21), അമൂല്യ പന്ദ്രേക്കർ (10) എന്നിവർ കാഴ്ചവച്ച മോശമല്ലാത്ത പ്രകടനമാണ് ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. കേരളത്തിനു വേണ്ടി അങ്കിത് ശർമ 6 വിക്കറ്റ് വീഴ്ത്തിയപ്പോൾ എൻ. ബേസിൽ രണ്ടും സച്ചിൻ ബേബി, എം.ഡി. നിധീഷ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.