

വിഷ്ണു വിനോദ്
പനാജി: ഗോവയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളം മികച്ച സ്കോറിൽ. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 9 വിക്കറ്റ് നഷ്ടത്തിൽ കേരളം 502 റൺസ് അടിച്ചെടുത്തിട്ടുണ്ട്. ഇതോടെ 147 റൺസിന്‍റെ ലീഡായി കേരളത്തിന്.
രോഹൻ കുന്നുമ്മലിനു പുറമെ ക‍്യാപ്റ്റൻ വിഷ്ണു വിനോദ് സെഞ്ചുറി നേടി. അടുത്തിടെ കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിലും മികച്ച പ്രകടനം പുറത്തെടുത്ത വിഷ്ണു വിനോദ് മിന്നും ഫോമിൽ തുടരുന്ന കാഴ്ചയാണ് കാണാനാവുന്നത്.
128 പന്തിൽ 14 ബൗണ്ടറിയും 2 ,സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ വെടിക്കെട്ട് ഇന്നിങ്സ്. വിഷ്ണു വിനോദിനു പുറമെ സൽമാൻ നിസാർ (52) അർധസെഞ്ചുറിയും അങ്കിത് ശർമ 36 റൺസും അഹമ്മദ് ഇമ്രാൻ 31 റൺസും നേടി പുറത്തായി.
ശ്രീഹരി എസ് നായർ (4), മാനവ് കൃഷ്ണ (12) എന്നിവർ മോശം പ്രകടനമാണ് കാഴ്ചവച്ചത്. നിലവിൽ എൻ. ബേസിലും എം.ഡി. നിധീഷുമാണ് ക്രീസിൽ. ഗോവയ്ക്കു വേണ്ടി അമൂല‍്യ പന്ദ്രേക്കറും ലളിത് യാദവും മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ അർജുൻ ടെൻഡുൾക്കർ രണ്ടു വിക്കറ്റ് വീഴ്ത്തി.