MD Nidheesh
എം.ഡി. നിധീഷ്File photo

നിധീഷിന് 5 വിക്കറ്റ്; കശ്മീരിനു കേരളത്തിന്‍റെ കടിഞ്ഞാൺ

രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ റൗണ്ടിൽ മുംബൈ - ഹരിയാന, തമിഴ്നാട് - വിദർഭ, സൗരാഷ്ട്ര - ഗുജറാത്ത് മത്സരങ്ങളും പുരോഗമിക്കുന്നു

പൂനെ: അഞ്ച് വർഷത്തെ ഇടവേളയ്ക്കു ശേഷം രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിന് യോഗ്യത നേടിയ കേരളത്തിന് ജമ്മു കശ്മീരിനെതിരേ മോശമല്ലാത്ത തുടക്കം.

പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടോസ് നേടിയ കേരള ക്യാപ്റ്റൻ സച്ചിൻ ബേബി എതിരാളികളെ ബാറ്റിങ്ങിനു ക്ഷണിക്കുകയായിരുന്നു. ആദ്യ ദിവസം കളി അവസാനിക്കുമ്പോൾ ജമ്മു കശ്മീർ എട്ട് വിക്കറ്റ് നഷ്ടത്തിൽ 228 റൺസെടുത്തിട്ടുണ്ട്.

അഞ്ച് വിക്കറ്റ് നേടിയ പേസ് ബൗളർ എം.ഡി. നിധീഷ് ഒരിക്കൽക്കൂടി കേരളത്തിന്‍റെ ബൗളിങ് ഹീറോയായി. എൻ.പി. ബേസിൽ, ബേസിൽ തമ്പി, ആദിത്യ സർവാതെ എന്നിവർക്ക് ഓരോ വിക്കറ്റ്. വിശ്വസ്തനായ ഓഫ് സ്പിൻ ഓൾറൗണ്ടർ ജലജ് സക്സേനയ്ക്ക് ഇതുവരെ വിക്കറ്റൊന്നും കിട്ടിയിട്ടില്ല.

കേരളത്തിനെതിരേ 67 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായ ജമ്മു കശ്മീരിനെ വിക്കറ്റ് കീപ്പർ കനയ്യ വധ്വാന്‍റെയും (48) സാഹിൽ ലോത്രയുടെയും (35) ലോൺ നാസിറിന്‍റെയും (44) ചെറുത്തുനിൽപ്പാണ് വൻ തകർച്ചയിൽനിന്നു കരകയറ്റിയത്.

വമ്പൻമാരെ വിറപ്പിച്ച കൊമ്പൻമാർ

Salman Nizar
സൽമാൻ നിസാർ

പരമ്പരാഗതമായി ദുർബലരെന്നു കരുതപ്പെടുന്ന ടീമാണെങ്കിലും ഇക്കുറി ഏഴ് ഗ്രൂപ്പ് മത്സരങ്ങളിൽ മുംബൈ അടക്കം അഞ്ച് ടീമുകളെ തോൽപ്പിച്ചാണ് ജമ്മു കശ്മീരിന്‍റെ വരവ്. കേരളമാകട്ടെ, പരാജയത്തിന്‍റെ വക്കിൽ നിന്നു പിടിച്ചുവാങ്ങിയവ അടക്കം പൊരുതി നേടിയ 28 പോയിന്‍റുമായാണ് നോക്കൗട്ട് ഘട്ടത്തിലേക്കു മുന്നേറിയത്. ഹരിയാനയും പഞ്ചാബും ബംഗാളും ഉത്തർ പ്രദേശും മധ്യപ്രദേശും അടക്കം ഉൾപ്പെട്ട സി ഗ്രൂപ്പിലെ ചാംപ്യൻമാരായാണ് കേരളത്തിന്‍റെ വരവ്. മരണ ഗ്രൂപ്പിൽ നിന്ന് രണ്ട് ബോണസ് പോയിന്‍റ് ജയങ്ങൾ ഉൾപ്പെടെ 28 പോയിന്‍റ് കേരളം നേടി.

അതേസമയം, പ്രധാനമായും ബൗളിങ് കരുത്തിനെ ആശ്രയിച്ച് ഇതുവരെ മുന്നേറ്റം നടത്തിയ കേരളത്തിന്‍റെ ബാറ്റിങ് നിര സീസണിൽ സ്ഥിരത പുലർത്തിയിട്ടില്ലാത്തത് ആശങ്കയാണ്. മികവുറ്റ ബാറ്റർമാരായ രോഹൻ കുന്നുമ്മലും സച്ചിൻ ബേബിയും കൃത്യ സമയത്ത് ഫോം വീണ്ടെടുക്കാതെ കേരളത്തിന് ഇനിയുള്ള പ്രയാണം എളുപ്പമാകില്ല. മധ്യനിരയിൽ സൽമാൻ നിസാർ മാത്രമാണ് സ്ഥിരത പുലർത്തുന്നത്.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര അവസാനിച്ചെങ്കിലും സഞ്ജു സാംസണെ കേരള ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ഐപിഎൽ താരമായ വിക്കറ്റ് കീപ്പർ ബാറ്റർ വിഷ്ണു വിനോദ് പതിനേഴംഗ ടീമിലുണ്ടെങ്കിലും പ്ലെയിങ് ഇലവനിൽ ഉൾപ്പെട്ടിട്ടില്ല.

ടീമുകൾ:

കേരളം- അക്ഷയ് ചന്ദ്രൻ, രോഹൻ കുന്നുമ്മൽ, സച്ചിൻ ബേബി (ക്യാപ്റ്റൻ), മുഹമ്മദ് അസറുദ്ദീൻ (വിക്കറ്റ് കീപ്പർ), സൽമാൻ നിസാർ, ഷോൺ റോജർ, ജലജ് സക്സേന, ആദിത്യ സർവാതെ, ബേസിൽ തമ്പി, എം.ഡി. നിധീഷ്, എൻ.പി. ബേസിൽ.

ജമ്മു കശ്മീർ- ശുഭം ഖജുരിയ, യാവർ ഹസൻ, വിവ്രാന്ത് ശർമ, പരസ് ദോഗ്ര (ക്യാപ്റ്റൻ), കനയ്യ വധ്വാൻ (വിക്കറ്റ് കീപ്പർ), സാഹിൽ ലോത്ര, ലോൺ നാസിർ, ആബിദ് മുഷ്താഖ്, യുധ്‌വീർ സിങ്, അക്വിബ് നബി, ഉമർ നസീർ മിർ.

ഹെവിവെയ്റ്റ് പോരാട്ടത്തിൽ മുംബൈക്ക് തുണ വാലറ്റം

Suryakumar Yadav clean bowled by Sumit Kumar
സുമിത് കുമാറിന്‍റെ പന്തിൽ ക്ലീൻ ബൗൾഡാകുന്ന സൂര്യകുമാർ യാദവ്.

ഹെവിവെയ്റ്റ് പോരാട്ടം എന്നു വിശേഷിപ്പിക്കാവുന്ന മുംബൈ - ഹരിയാന മത്സരത്തിൽ സീസണിലെ ബാറ്റിങ് ദൗർബല്യം തുടർന്ന മുംബൈക്ക് ഒരിക്കൽക്കൂടി വാലറ്റം രക്ഷയായി. 113 റൺസെടുക്കുന്നതിനിടെ ഏഴ് വിക്കറ്റ് നഷ്ടമായ ടീമിനെ ഷംസ് മുലാനിയുടെയും (91) തനുഷ് കൊടിയാന്‍റെയും (85 നോട്ടൗട്ട്) അർധ സെഞ്ചുറികളാണ് കരകയറ്റിയത്.

ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോൾ അവർ 278/8 എന്ന നിലയിലാണ്. ഹരിയാനയ്ക്കു വേണ്ടി പേസ് ബൗളർ അൻഷുൽ കാംഭോജ് മൂന്ന് വിക്കറ്റ് വീഴ്ത്തിക്കഴിഞ്ഞു. ഇന്ത്യയുടെ ടി20 സ്പെഷ്യലിസ്റ്റുകളായ സൂര്യകുമാർ യാദവ് 9 റൺസിനും ശിവം ദുബെ 28 റൺസിനും പുറത്തായി.

കരുൺ നായർക്ക് സെഞ്ചുറി

Karun Nair
കരുൺ നായർഫയൽ ചിത്രം

തമിഴ്നാടിനെതിരേ വിദർഭ ആദ്യ ദിവസം 264/6 എന്ന നിലയിലാണ് കളി അവസാനിപ്പിച്ചിരിക്കുന്നത്. കരുൺ നായർ 100 റൺസെടുത്ത് പുറത്താകാതെ നിൽക്കുന്നു.

പുജാരയ്ക്കു നിരാശ

Cheteshwar Pujara
ചേതേശ്വർ പുജാര

സൗരാഷ്ട്രയെ 216 റൺസിനു പുറത്താക്കിയ ഗുജറാത്ത് ആദ്യ ദിവസം വിക്കറ്റ് നഷ്ടം കൂടാതെ 21 റൺസെടുത്തിട്ടുണ്ട്. 69 റൺസെടുത്ത ഓപ്പണർ ചിരാഗ് ജാനിയാണ് സൗരാഷ്ട്രയുടെ ടോപ് സ്കോറർ.

മുൻ ഇന്ത്യൻ താരം ചേതേശ്വർ പൂജാര 26 റൺസെടുത്ത് പുറത്തായി. ഗുജറാത്തിനു വേണ്ടി ചിന്തൻ ഗജ നാല് വിക്കറ്റ് സ്വന്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com