കേരളത്തിന്‍റെ രക്ഷകനായി വീണ്ടും സൽമാൻ; ജമ്മു കശ്മീരിനെതിരേ അവിശ്വസനീയ തിരിച്ചുവരവ്

തുടരെ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടിയ സൽമാൻ നിസാറും പതിനൊന്നാം നമ്പർ ബാറ്റർ ബേസിൽ തമ്പിയും ഒരുമിച്ച കൂട്ടുകെട്ടിൽ പിറന്നത് 81 റൺസ്.
Salman Nizar scores century in second consecutive match
സൽമാൻ നിസാറിന് തുടരെ രണ്ടാം മത്സരത്തിലും സെഞ്ചുറി
Updated on

പൂനെ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജമ്മു കശ്മീരിനെതിരേ കേരളത്തിന്‍റെ അവിശ്വസനീയ തിരിച്ചുവരവ്. ഒറ്റ വിക്കറ്റ് മാത്രം ശേഷിക്കെ 80 റൺസ് പിന്നിൽ മൂന്നാം ദിവസം രാവിലെ കളി തുടങ്ങിയ കേരളം ഒരു റണ്ണിന്‍റെ നിർണായക ലീഡുമായാണ് ഒന്നാം ഇന്നിങ്സ് പൂർത്തിയാക്കിയത്. ജമ്മു കശ്മീരിന്‍റെ ആദ്യ ഇന്നിങ്സ് 280 റൺസിൽ അവസാനിച്ചപ്പോൾ, കേരളം 281 റൺസിന് ഓൾഔട്ടായി.

തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ സൽമാൻ നിസാർ ഒരിക്കൽക്കൂടി കേരളത്തിന്‍റെ രക്ഷകനായി. അതേസമയം, രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടങ്ങിയ ജമ്മു കശ്മീർ മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ 180 റൺസ് എന്ന ശക്തമായ നിലയിലാണ്.

ഒൻപത് വിക്കറ്റിന് 200 റൺസെന്ന നിലയിൽ കളി തുടങ്ങിയ കേരളത്തിന് ലീഡെന്ന സ്വപ്നം വളരെ അകലെയായിരുന്നു. എന്നാൽ അസംഭവ്യമെന്ന് കരുതിയത് അവസാന വിക്കറ്റിൽ യാഥാർഥ്യമാക്കുകയായിരുന്നു സൽമാൻ നിസാറും ബേസിൽ തമ്പിയും ചേർന്ന്. ഇരുവരും ചേർന്ന് 81 റൺസാണ് അവസാന വിക്കറ്റിൽ കൂട്ടിച്ചേർത്തത്. പരമാവധി പന്തുകൾ സ്വയം നേരിട്ട്, നിശ്ചയദാർഢ്യത്തോടെയുള്ള സൽമാന്‍റെ പ്രകടനമാണ് കേരളത്തിന് നിർണായക ലീഡ് സമ്മാനിച്ചത്. 12 ഫോറും നാല് സിക്സുമടക്കം 112 റൺസുമായി സൽമാൻ പുറത്താകാതെ നിന്നു.

മറുവശത്ത് ബേസിൽ തമ്പി സൽമാന് മികച്ച പിന്തുണ നൽകി. പതിനൊന്നാം നമ്പർ ബാറ്ററെ പരമാവധി സംരക്ഷിച്ചു കളിച്ച സൽമാൻ, ഫേസ് ചെയ്യാൻ വിട്ടുകൊടുത്തത് വെറും 35 പന്ത്. അതിൽ ബേസിൽ തമ്പി 15 റൺസും നേടി.

ലീഡ് നേടാനായതോടെ മത്സരം സമനിലയിൽ അവസാനിച്ചാൽ കേരളം സെമി ഫൈനലിൽ കടക്കുമെന്ന സ്ഥിതിയാണ്. ജമ്മു കശ്മീരിന് സെമിയിലെത്താൻ ഇനി ഈ മത്സരം ജയിച്ചേ തീരൂ. ആദ്യ ഇന്നിങ്സിൽ അവർക്കു വേണ്ടി അക്വിബ് നബി ആറ് വിക്കറ്റ് നേടി.

രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടങ്ങിയ ജമ്മു കശ്മീരിന് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. രണ്ട് റൺസെടുത്ത ശുഭം ഖജൂരിയയെയും 16 റൺസെടുത്ത യാവർ ഹസ്സനെയും പുറത്താക്കി എം.ഡി. നിധീഷാണ് കേരളത്തിന് മികച്ച തുടക്കം നൽകിയത്. തുടർന്ന് ക്യാപ്റ്റൻ പരസ് ദോഗ്രയും വിവ്രാന്ത് ശർമയും ഒരുമിച്ച 39 റൺസ് കൂട്ടുകെട്ട് കശ്മീരിനെ കരകയറ്റിയത്.

37 റൺസെടുത്ത വിവ്രാന്ത് ശർമയെ എൻ.പി. ബേസിൽ പുറത്താക്കിയെങ്കിലും തുടർന്നെത്തിയ കനയ്യ വധ്വാൻ ക്യാപ്റ്റന് മികച്ച പിന്തുണയായി. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 102 റൺസ് കൂട്ടിച്ചേർത്ത് കഴിഞ്ഞു. കളി നിർത്തുമ്പോൾ പരസ് ജോഗ്ര 73 റൺസും വാധ്വാൻ 42 റൺസും നേടി ക്രീസിലുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com