

സഞ്ജു സാംസൻ
അഹമ്മദാബാദ്: ഝാർഖണ്ഡിനെതിരായ വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ സഞ്ജു സാംസനും രോഹൻ കുന്നുമ്മലിനും സെഞ്ചുറി. 48 പന്തിൽ അർധസെഞ്ചുറി അടിച്ച സഞ്ജു 90 പന്തിലാണ് സെഞ്ചുറി തികച്ചത്.
9 ബൗണ്ടറിയും മൂന്നു സിക്സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്‍റെ ബാറ്റിങ് പ്രകടനം. അതേസമയം, രോഹൻ 78 പന്തിൽ 8 ബൗണ്ടറിയും 11 സിക്സും അടക്കം 124 റൺസെടുത്തു.
ഇരുവർക്കും പുറമെ ബാബ അപരാജിത് 41 റൺസും വിഷ്ണു വിനോദ് 40 റൺസുമെടുത്ത് പുറത്താവാതെ നിന്നു. ഇതോടെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഝാർഖണ്ഡ് നിശ്ചിത 50 ഓവറിൽ ഉയർത്തിയ 312 റൺസ് വിജയലക്ഷ‍്യം 42.3 ഓവറിൽ 8 വിക്കറ്റ് ശേഷിക്കെ കേരളം മറികടന്നു. ഇതോടെ ടൂർണമെന്‍റിൽ അഞ്ച് മത്സരങ്ങൾ കളിച്ച കേരളം മൂന്നാം ജയം സ്വന്തമാക്കി. തുടക്കം മുതൽ വെടിക്കെട്ട് പ്രകടനം കാഴ്ചവച്ച രോഹനാണ് ടീമിന് അടിത്തറ പാകിയത്.
സഞ്ജു കരുതലോടെ നീങ്ങിയപ്പോൾ ആക്രമണോത്സുക ബാറ്റിങ് പുറത്തെടുത്ത് രോഹൻ എതിരാളികളെ തച്ചു തകർത്തു. 25.2 ഓവറിൽ കേരളം വിക്കറ്റ് നഷ്ടമില്ലാതെ അടിച്ചെടുത്തത് 212 റൺസായിരുന്നു. ഇരുവരെയും പുറത്താക്കാൻ പ്രയാസപ്പെടുന്ന ഝാർഖണ്ഡ് ബൗളർമാരെയാണ് കാണാൻ സാധിച്ചത്. പിന്നീട് രോഹനെ വികാസ് സിങ്ങും സഞ്ജുവിനെ ശുഭം സിങ്ങും പുറത്താക്കിയെങ്കിലും ബാബ അപരാജിതും വിഷ്ണു വിനോദും തെല്ലും ഭയമില്ലാതെ ബൗളർമാരെ അടിച്ചു പറത്തിയപ്പോൾ ടീം വിജയത്തിലേക്ക് കുതിച്ചു.
നേരത്തെ ആദ‍്യം ബാറ്റ് ചെയ്ത ഝാർഖണ്ഡ് കുമാർ കുശാഗ്ര (143 നോട്ടൗട്ട്), അങ്കുൽ റോയ് (72) എന്നിവർ നേടിയ മികച്ച പ്രകടനത്തിന്‍റെ മികവിലാണ് കൂറ്റൻ സ്കോർ അടിച്ചെടുത്തത്. കേരളത്തിനു വേണ്ടി എം.ഡി. നിധീഷ് നാലും ബാബ അപരാജിത് രണ്ടും ഈഡൻ ആപ്പിൾ ടോം ഒരു വിക്കറ്റും വീഴ്ത്തി.