

രഞ്ജി ട്രോഫിയിൽ മധ്യ പ്രദേശിനെതിരേ സെഞ്ചുറി നേടിയ കേരളത്തിന്‍റെ സച്ചിൻ ബേബിയും ബാബാ അപരാജിതും.
ഇന്ദോർ: രഞ്ജി ട്രോഫി സീസണിൽ തുടർച്ചയായി തന്ത്രപരമായ പിഴവുകൾ ആവർത്തിക്കുന്ന കേരളം മധ്യ പ്രദേശിനെതിരേ ജയിക്കാവുന്ന കളിയും സമനിലയിൽ അവസാനിപ്പിച്ചു. മൂന്നാം ദിവസം അവസാനിപ്പിക്കുമ്പോൾ 315 റൺസ് ലീഡുണ്ടായിരുന്ന കേരളം, നാലാമത്തെയും അവസാനത്തെയും ദിവസമായ ബുധനാഴ്ച ഡിക്ലറേഷൻ വൈകിച്ചതാണ് മധ്യ പ്രദേശിനെ തോൽവിയിൽ നിന്നു രക്ഷിച്ചത്.
സ്കോർ: കേരളം - 281, 314/5 ഡിക്ല. മധ്യ പ്രദേശ് - 192 & 159/8
മൂന്ന് ദിവസം പൂർത്തിയാകുമ്പോൾ 226/3 എന്ന നിലയിലായിരുന്നു കേരളം. 85 റൺസിൽ ബാറ്റിങ് പുനരാരംഭിച്ച സച്ചിൻ ബേബിയും 89 റൺസിൽ തുടർന്ന് ബാറ്റ് ചെയ്ത ബാബാ അപരാജിതും നാലാം ദിവസം ആദ്യ സെഷനിൽ സെഞ്ചുറികൾ നേടിയിട്ടും കേരളം ഡിക്ലറേഷനു തയാറായില്ല. 314/5 എന്ന നിലയിൽ ഒടുവിൽ ഡിക്ലയർ ചെയ്യുമ്പോൾ, മധ്യ പ്രദേശിന്‍റെ പത്ത് വിക്കറ്റും ഏകദേശം 60 ഓവറിൽ വീഴ്ത്തുക എന്ന വെല്ലുവിളിയാണ് മുന്നിലുണ്ടായിരുന്നത്.
217 പന്ത് നേരിട്ട സച്ചിൻ ബേബി 122 റൺസെടുത്ത് പുറത്താകാതെ നിന്നു. അതേസമയം, 149 പന്തിൽ 105 റൺസെടുത്ത ബാബാ അപരാജിതിന്‍റെ മികച്ച സ്ട്രൈക്ക് റേറ്റിലുള്ള ഇന്നിങ്സാണ് കേരളത്തിനു ജയ സാധ്യതയെങ്കിലും നൽകിയത്.
404 റൺസ് വിജയലക്ഷ്യം മുന്നിൽ കണ്ടിറങ്ങിയ മധ്യ പ്രദേശിന് രണ്ടു സെഷനുകളിലായി അതു നേടാവില്ലെന്ന് ഉറപ്പുള്ള സാഹചര്യത്തിൽ അവരുടെ കളി സമനിലയ്ക്കു വേണ്ടിയാകുമെന്ന് ഉറപ്പായിരുന്നു. ചലഞ്ചിങ് ടോട്ടൽ മുന്നോട്ടു വച്ച് ബൗളർമാർക്ക് എതിർ ബാറ്റർമാരെ പുറത്താക്കാൻ മതിയായ സമയം നൽകാതിരുന്ന കേരള ടീം മാനെജ്മെന്‍റിന്‍റെ തീരുമാനം തെറ്റിപ്പോയെന്ന് തുടക്കത്തിൽ തന്നെ ഉറപ്പായിരുന്നു.
എന്നാൽ, മധ്യ പ്രദേശിന്‍റെ ടോപ് 5 ബാറ്റർമാരിൽ നാലു പേരെ തിരിച്ചയച്ച അരങ്ങേറ്റക്കാരൻ സ്പിന്നർ ശ്രീഹരി എസ്. നായർ കേരളത്തിനു പ്രതീക്ഷ പകർന്നു.
മധ‍്യപ്രദേശിനെതിരേ കൂറ്റൻ വിജയലക്ഷ‍്യം ഉയർത്തി കേരളം; മറുപടി ബാറ്റിങ്ങിൽ രണ്ടു വിക്കറ്റ് നഷ്ടം
പക്ഷേ, അവിടെനിന്നിങ്ങോട്ട് മധ്യ പ്രദേശ് ബാറ്റർമാരുടെ ചെറുത്തുിൽപ്പാണ് കണ്ടത്. ആരും അർധ സെഞ്ചുറിയൊന്നും നേടിയില്ലെങ്കിലും, ഋഷഭ് ചൗഹാൻ (39 പന്തിൽ 7), സാരാംശ് ജയിൻ (51 പന്തിൽ 31), ആര്യൻ പാണ്ഡെ (85 പന്തിൽ 23 നോട്ടൗട്ട്), കുമാർ കാർത്തികേയ (54 പന്തിൽ 16) എന്നിവർ ടീമിനെ തോൽവിയുടെ വക്കിൽ നിന്നു കരകയറ്റി.
കേരളത്തിനു വേണ്ടി ശ്രീഹരി നാല് വിക്കറ്റ് നേടിയപ്പോൾ, മറ്റു ബൗളർമാർക്കൊന്നും കാര്യമായ പിന്തുണ നൽകാനും സാധിച്ചില്ല. ആദ്യ ഇന്നിങ്സിൽ നാല് വിക്കറ്റ് വീഴ്ത്തിയ ഏദൻ ആപ്പിൾ ടോമിന് രണ്ടാം ഇന്നിങ്സിൽ പത്തോവർ മാത്രമാണു നൽകിയത്. രണ്ട് വിക്കറ്റും നേടി. 21 ഓവർ എറിഞ്ഞ ഇറക്കുമതി സ്പിന്നർ അങ്കിത് ശർമയ്ക്ക് വിക്കറ്റൊന്നുമില്ല.
മുൻ മത്സരങ്ങളിൽ വാലറ്റക്കാരെക്കൊണ്ട് ബാറ്റിങ് ഓപ്പൺ ചെയ്യിച്ചും, സ്പെഷ്യലിസ്റ്റ് ഓപ്പണർമാരെ പത്താം നമ്പർ വരെ ഡീപ്രൊമോട്ട് ചെയ്തുമായിരുന്നു കേരളത്തിന്‍റെ മധ്യ പ്രദേശുകാരൻ കോച്ച് അമയ് ഖുറാസിയയുടെയും പുതിയ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീന്‍റെയും വിചിത്രമായ പരീക്ഷണങ്ങൾ. ഫലം, സീസണിൽ കേരളത്തിന് ഇതുവരെ ഒരു ജയം പോലുമില്ല!
കേരളം ഫൈനൽ കളിച്ച കഴിഞ്ഞ സീസണിൽ നിർണായക ബാറ്റിങ് പ്രകടനങ്ങൾ കാഴ്ചവച്ച സൽമാൻ നിസാർ ഇപ്പോൾ പ്ലെയിങ് ഇലവനിൽ പോലുമില്ല. പ്രതിഭാധനനായ വിക്കറ്റ് കീപ്പർ ബാറ്റർ വിഷ്ണു വിനോദ് ആകട്ടെ, കഴിഞ്ഞ സീസണിൽ മുതൽ ടീമിനു പുറത്താണ്.