
ആദ‍്യം പതറി, പിന്നീട് പൊരുതി; മഹാരാഷ്ട്രയുടെ രക്ഷകനായി ജലജ് സക്സേന
തിരുവനന്തപുരം: കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ മഹാരാഷ്ട്രയ്ക്ക് ബാറ്റിങ് തകർച്ച. ആദ‍്യ ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 81 റൺസെന്ന നിലയിലാണ് ടീം. 35 റൺസുമായി റുതുരാജ് ഗെയ്ക്‌വാദും 29 റൺസുമായി ജലജ് സക്സേനയുമാണ് ക്രീസിൽ. മത്സരത്തിന്‍റെ തുടക്കത്തിൽ തന്നെ ബാറ്റിങ് തകർച്ച നേരിട്ട മഹാരാഷ്ട്രയ്ക്ക് 18 റൺസ് നേടുന്നതിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടമായി.
ഓപ്പണിങ് ബാറ്റർ പ‍്യഥ്വി ഷാ (0), അർഷിൻ കുൽക്കർണി (0), സിദ്ധേഷ് വീർ (0) ക‍്യാപ്റ്റൻ അങ്കിത് ബാവ്‌നെ (0), സൗരഭ് നവാലെ (12) എന്നിവരുടെ വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. കേരളത്തിനു വേണ്ടി എം.ഡി. നിതീഷ് മൂന്നും എൻ. ബേസിൽ രണ്ടും വിക്കറ്റും വീഴ്ത്തി.
മുംബൈ വിട്ട് ഇത്തവണ മഹാരാഷ്ട്രയ്ക്കു വേണ്ടി അരങ്ങേറ്റം കുറിച്ച പ‍്യഥ്വി ഷായ്ക്ക് തിളങ്ങാനായില്ല. നിതീഷിന്‍റെ ആദ‍്യ ഓവറിലെ നാലാം പന്തിൽ തന്നെ ഷാ പുറത്തായി. രഞ്ജി ട്രേഫിക്കു മുന്നോടിയായി കഴിഞ്ഞാഴ്ച നടന്ന സന്നാഹ മത്സരത്തിൽ മുംബൈയ്ക്കെതിരേ പ‍്യഥ്വി ഷാ സെഞ്ചുറി നേടിയിരുന്നു. ഇതിനു പിന്നാലെയാണ് താരം കേരളത്തിനെതിരേ റൺസ് കണ്ടെത്താനാവാതെ മടങ്ങിയത്.
പ‍്യഥ്വി ഷാ പുറത്തായതിനു പിന്നാലെ സിദ്ധേഷ് വീറും അർഷിൻ കുൽക്കർണിയും റൺസ് നേടാനാവാതെ മടങ്ങി. ഇതോടെ സ്കോർ ഒന്നും നേടാതെ തന്നെ മൂന്നു വിക്കറ്റ് മഹാരാഷ്ട്രയ്ക്ക് നഷ്ടമായി. പിന്നീട് ക‍്യാപ്റ്റൻ അങ്കിത് ബാവ്നയെ ബേസിലും സൗരഭ് നവാലയെ നിതീഷും പുറത്താക്കിയതോടെ പ്രതിരോധത്തിലായ ടീമിനെ റുതുരാജ് ഗെയ്ക്‌വാദും ജലജ് സക്സേനയും ചേർന്നാണ് തകർച്ചയിൽ നിന്നും കരകയറ്റിയത്. ഇരുവരും ചേർന്ന് റൺനില ഉയർത്തി ടീമിനെ മുന്നോട്ടു കൊണ്ടുപോയി. 5 വിക്കറ്റ് നഷ്ടത്തിൽ 18 റൺസെന്ന നിലയിൽ നിന്ന ടീമിനെ വിക്കറ്റ് നഷ്ടമില്ലാതെ ഇരുവരും ചേർന്ന് 81 റൺസിലെത്തിച്ചു.
മഹാരാഷ്ട്ര പ്ലെയിങ് ഇലവന്‍: അങ്കിത് ബാവ്‌നെ(ക്യാപ്റ്റൻ), പൃഥ്വി ഷാ, അര്‍ഷിന്‍ കുല്‍ക്കര്‍ണി, എസ്.എ. വീര്‍, റുതുരാജ് ഗെയ്‌ക്‌വാദ്, സൗരഭ് നവാലെ, ജലജ് സക്‌സേന, വിക്കി ഓട്‌സ്വാള്‍, രാമകൃഷ്ണ ഘോഷ്‌കർ, മുകേഷ് ചൗധരി, രജനീഷ് ഗുർബാനി.
കേരള പ്ലെയിങ് ഇലവന്‍: അക്ഷയ് ചന്ദ്രൻ, രോഹൻ കുന്നുമ്മൽ, ബാബ അപരാജിത്ത്, സഞ്ജു സാംസൺ, സച്ചിൻ ബേബി, സൽമാൻ നിസാർ, മുഹമ്മദ് അസറുദ്ദീൻ, അങ്കിത് ശർമ, എം.ഡി. നിധീഷ്, നെടുമൺകുഴി ബേസിൽ, ഈഡൻ ആപ്പിൾ ടോം.