ബൗളർമാരെ കണക്കിന് തല്ലി സഞ്ജുവും രോഹനും; മഹാരാഷ്ട്രയ്‌ക്കെതിരേ കൂറ്റൻ സ്കോർ ഉയർത്തി കേരളം

നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 211 റൺസാണ് കേരളം അടിച്ചെടുത്തത്
Kerala vs maharashtra syed mustaq ali trophy match updates

സഞ്ജു സാംസൺ, രോഹൻ കുന്നുമ്മൽ

Updated on: 

ന‍്യൂ ചണ്ഡീഗഡ്: മഹാരാഷ്ട്രയ്ക്കെതിരായ സയീദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ കൂറ്റൻ സ്കോർ ഉയർത്തി കേരളം. നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 211 റൺസാണ് കേരളം അടിച്ചെടുത്തത്. സഞ്ജു സാംസൺ(16 പന്തിൽ 47), രോഹൻ കുന്നുമ്മൽ (47 പന്തിൽ 75) എന്നിവരുടെ പ്രകടനങ്ങളാണ് ടീമിന് കരുത്തേകിയത്. മഹാരാഷ്ട്രയ്ക്കു വേണ്ടി മുകേഷ് ചൗധരി മൂന്നും വിക്കി ഒസ്ത്വാൾ രണ്ടും രാമകൃഷ്ണ ഘോഷ്, പ്രശാന്ത് സോളങ്കി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. ടീം സ്കോർ അഞ്ചിൽ നിൽക്കുമ്പോൾ ആദ‍്യ വിക്കറ്റ് നഷ്ടമായി. ഓപ്പണിങ് ബാറ്റർ മുഹമ്മദ് അസറുദ്ദീനാണ് പുറത്തായത്. 5 പന്തുകൾ നേരിട്ട താരത്തിന് ആകെ ഒരു റൺസ് മാത്രമാണ് നേടാനായത്. പിന്നാലെയെത്തിയ അഹമ്മദ് ഇമ്രാൻ രണ്ടാം വിക്കറ്റിൽ രോഹൻ കുന്നുമ്മലിനൊപ്പം ചേർന്ന് 45 റൺസിലേറെ കൂട്ടുകെട്ട് പടുത്തുയർത്തിയത് ടീമിന് ആശ്വാസമായി.

രോഹൻ ഒരുവശത്ത് ആക്രമണോത്സുക പുറത്തെടുത്ത് ബാറ്റ് വീശിയപ്പോൾ സിംഗിളുകളെടുത്ത് കരുതലോടെയാണ് അഹമ്മദ് നീങ്ങിയത്. തനയ് സാംഗ്വിയെ അടുപ്പിച്ച് രണ്ട് ബൗണ്ടറി പറത്തിയെങ്കിലും 12 പന്തിൽ 13 റൺസ് മാത്രമായിരുന്നു അഹമ്മദ് ഇമ്രാന്‍റെ സമ്പാദ‍്യം. മധ‍്യപ്രദേശിനെതിരായ കഴിഞ്ഞ മത്സരത്തിലും മോശം പ്രകടനമാണ് അഹമ്മദ് ഇമ്രാൻ പുറത്തെടുത്തത്.

വിക്കി ഒസ്ത്വാൾ എറിഞ്ഞ പന്തിൽ എൽബിഡബ‍്യുവിൽ പുറത്താകുകയായിരുന്നു താരം. പിന്നാലെയെത്തിയ സ്റ്റാർ ബാറ്റർ സഞ്ജു സാംസൺ ആദ‍്യ പന്തിൽ തന്നെ ബൗണ്ടറി പറത്തി സ്കോർബോർഡ് ചലിപ്പിച്ചു. പിന്നീട് പ്രശാന്ത് സോളങ്കിയെ അടുപ്പിച്ച് രണ്ട് സിക്സും ഒരു ബൗണ്ടറിയും അടിച്ച് സഞ്ജു വെടിക്കെട്ട് ബാറ്റിങ്ങിന് തിരികൊളുത്തി.

സാംഗ്വി എറിഞ്ഞ 10ാം ഓവറിൽ 3 സിക്സാണ് തുടരെ തുടരെ സഞ്ജു പറത്തിയത്. ഇതോടെ 2 വിക്കറ്റ് നഷ്ടത്തിൽ ടീം സ്കോർ 116ലെത്തി. 11.60 ആയിരുന്നു ഈ സമയം ടീമിന്‍റെ റൺറേറ്റ്. തൊട്ടടുത്ത ഓവറിൽ വിക്കി ഒസ്ത്വാൾ ഓഫ് സൈഡിലെറിഞ്ഞ യോർക്കറിലാണ് സഞ്ജു രാഹുൽ ത്രിപാഠിക്ക് ക‍്യാച്ച് നൽകി മടങ്ങുന്നത്.

സഞ്ജു ഔട്ടായെങ്കിലും രോഹൻ ഒറ്റയാൾ പോരാട്ടത്തിന് ശ്രമിച്ച് ടീമിനെ മുന്നോട്ടുകൊണ്ടുപോയി. രാമകൃഷ്ണ ഘോഷ് എറിഞ്ഞ 13ാം ഓവറിൽ 3 ബൗണ്ടറിയാണ് രോഹന്‍റെ ബാറ്റിൽ നിന്നും പിറന്നത്. 15ാം ഓവറിൽ രോഹൻ പുറത്തായതിനു ശേഷം കാര‍്യമായ റൺസ് ഉയർന്നില്ല. അഞ്ചാമനായി ക്രീസിലെത്തിയ വിഷ്ണു വിനോദ് (19) നിരാശപ്പെടുത്തി. നിഖിൽ മുരളീധരൻ ഡക്കായി മടങ്ങിയതോടെ 6 വിക്കറ്റ് നഷ്ടത്തിൽ 173 റൺസെന്ന നിലയിലായി കേരളം. തുടർന്ന് സൽമാൻ നിസാർ 13 പന്തിൽ നിന്നും 29 റൺസടിച്ച് പുറത്താകാതെ നിന്നതോടെയാണ് കേരളം 211 റൺസിലെത്തിയത്.