സഞ്ജു 4, കേരളം 234; മുംബൈക്കെതിരേ കൂറ്റൻ ജയം

ബാറ്റിങ് വിസ്ഫോടനവുമായി സൽമാൻ നിസാറും രോഹൻ കുന്നുമ്മലും; ബൗളിങ് ഹീറോയായി എം.ഡി. നിധീഷ്. മൂവരും ഐപിഎൽ ലേലത്തിൽ അവഗണിക്കപ്പെട്ടവർ.
Salman Nizar, MD Nidheesh, Rohan Kunnummal
സൽമാൻ നിസാറ്, എം.ഡി. നിധീഷ്, രോഹൻ കുന്നുമ്മൽ
Updated on

ഹൈദരാബാദ്: ക്യാപ്റ്റൻ സഞ്ജു സാംസൺ നാല് റൺസിന് പുറത്തായിട്ടും മുംബൈക്കെതിരേ സയീദ് മുഷ്താഖ് അലി ടി20 ടൂർണമെന്‍റിൽ കേരളത്തിന് കൂറ്റൻ ജയം. ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ ശ്രേയസ് അയ്യർ കേരളത്തെ ബാറ്റിങ്ങിനു ക്ഷണിച്ചു. കേരളം 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 234 റൺസെടുത്തപ്പോൾ, മുംബൈയുടെ മറുപടി 191/9 എന്ന നിലയിൽ അവസാനിച്ചു. 43 റൺസ് വിജയമാണ് കരുത്തരായ എതിരാളികൾക്കെതിരേ കേരളത്തിന്‍റെ ചുണക്കുട്ടികൾ കുറിച്ചത്.

ആദ്യ ഓവറിലെ നാലാമത്തെ പന്തിൽ തന്നെ ഓപ്പണർ സഞ്ജുവിനെ ശാർദൂൽ ഠാക്കൂർ ക്ലീൻ ബൗൾ ചെയ്തു. നാല് പന്തിൽ ഒരു ബൗണ്ടറി ഉൾപ്പെടെ നാല് റൺസാണ് സഞ്ജു നേടിയത്. നാലാമത്തെ ഓവറിൽ മുഹമ്മദ് അസറുദ്ദീൻ (13) പുറത്താകുകയും, പിന്നാലെ സച്ചിൻ ബേബി (7*) പരുക്കേറ്റ് മടങ്ങുകയും ചെയ്തതോടെ കേരളം പരുങ്ങലിൽ.

എന്നാൽ, അവിടെവച്ച് ഓപ്പണർ രോഹൻ കുന്നുമ്മലിനൊപ്പം ചേർന്ന സൽമാൻ നിസാർ തുടർന്നങ്ങോട്ട് മുംബൈ ബൗളർമാരുടെ ആത്മവിശ്വാസം കെടുത്തുന്ന ബാറ്റിങ്ങാണ് കെട്ടഴിച്ചത്. 49 പന്ത് മാത്രം നേരിട്ട സൽമാൻ, എട്ട് സിക്സും അഞ്ച് ഫോറും സഹിതം 99 റൺസെടുത്ത് പുറത്താകാതെ നിന്നു. 48 പന്ത് നേരിട്ട രോഹൻ ഏഴ് സിക്സും അഞ്ച് ഫോറും സഹിതം 87 റൺസും നേടി.

മുൻ ഇന്ത്യൻ താരം ശാർദൂൽ ഠാക്കൂറിന്‍റെ നാലോവറിൽ 69 റൺസാണ് പിറന്നത്. നാലോവറിൽ 44 റൺസ് വഴങ്ങിയ മോഹിത് അവസ്തി നാല് വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് മുൻ ഇന്ത്യൻ താരം പൃഥ്വി ഷാ മോശമല്ലാത്ത തുടക്കമാണ് നൽകിയത്. 13 പന്തിൽ 23 റൺസെടുത്ത പൃഥ്വിയെയും, 15 പന്തിൽ 16 റൺസെടുത്ത ഐപിഎൽ താരം അംഗ്കൃഷ് രഘുവംശിയെയും എം.ഡി. നിധീഷ് പുറത്താക്കി.

എന്നാൽ, ശ്രേയസ് അയ്യരും (18 പന്തിൽ 32) അജിങ്ക്യ രഹാനെയും (35 പന്തിൽ 68) ഉൾപ്പെട്ട മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് കേരള ബൗളർമാർക്ക് കടുത്ത ഭീഷണിയായി. ശ്രേയസിനെ അബ്ദുൾ ബാസിത് പുറത്താക്കിയെങ്കിലും രഹാനെ പോരാട്ടം തുടർന്നു. എന്നാൽ, മറുവശത്തുനിന്ന് രഹാനെയ്ക്ക് പിന്തുണ ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കേരള ബൗളർമാർക്കു സാധിച്ചു. പിന്നീട് വന്നവരിൽ വിക്കറ്റ് കീപ്പർ ഹാർദിക് തമോറെ (13 പന്തിൽ 23) മാത്രമാണ് പോരാട്ടവീര്യം കാണിച്ചത്.

നാലോവറിൽ 30 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ നിധീഷാണ് കേരള ബൗളർമാരിൽമ മികവ് പുലർത്തിയത്. വിനോദ് കുമാറും ബാസിതും രണ്ട് വിക്കറ്റ് വീതം നേടിയപ്പോൾ എൻ.പി. ബേസിലിന് ഒരു വിക്കറ്റ് കിട്ടി. സൽമാൻ നിസാറാണ് പ്ലെയർ ഓഫ് ദ മാച്ച്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com