രഞ്ജി ട്രോഫി: കേരളത്തിന് ഇന്നിങ്സ് വിജയം

ഒഡീഷക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് ബോണസ് പോയിന്‍റോടെ വിജയം. ഇന്നിങ്സിനും 36 റൺസിനുമാണ് കേരളം ഒഡീഷയെ തകർത്തത്
Kerala vs Odisha Ranji Trophy innings victory

ഒഡീഷയുടെ വിക്കറ്റ് ആഘോഷിക്കുന്ന കേരള താരങ്ങൾ.

Updated on: 

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ ഒഡീഷക്കെതിരേ കേരളത്തിന് തകർപ്പൻ വിജയം. ഒരിന്നിങ്സിനും 36 റൺസിനുമാണ് കേരളം ഒഡീഷയെ തോൽപ്പിച്ചത്. ഇതോടെ ബോണസ് പോയിന്‍റും ഉറപ്പാക്കാൻ കേരളത്തിനു സാധിച്ചു. മത്സരത്തിൽ നിന്ന് കേരളത്തിന് ഏഴ് പോയിന്‍റ് ലഭിച്ചു.

ആദ്യ ഇന്നിങ്സിൽ 179 റൺസിന്‍റെ ലീഡ് വഴങ്ങി ഫോളോ ഓൺ ചെയ്ത ഒഡീഷ രണ്ടാം ഇന്നിങ്സിൽ 143 റൺസിന് ഓൾഔട്ടാവുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയുടെ ഉജ്ജ്വല ബൗളിങ്ങാണ് രണ്ടാം ഇന്നിങ്സിൽ ഒഡീഷ ബാറ്റിങ് നിരയെ തകർത്തത്. ആദ്യ ഇന്നിങ്സിൽ വൈശാഖ് ചന്ദ്രൻ നാല് വിക്കറ്റും നേടിയിരുന്നു.

ആദ്യ ഇന്നിങ്സിൽ കേരളം 404 റൺസും ഒഡീഷ 225 റൺസുമാണ് നേടിയത്. സച്ചിൻ ബേബിയുടെയും മുഹമ്മദ് അസറുദ്ദീന്‍റെയും സെഞ്ചുറികളാണ് കേരള ഇന്നിങ്സിനു കരുത്ത് പകർന്നത്.

മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 102 റൺസെന്ന നിലയിൽ അവസാന ദിവസം കളിക്കാനിറങ്ങിയ ഒഡീഷയ്ക്ക് ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ 77 റൺസ് കൂടിയാണ് വേണ്ടിയിരുന്നത്. എന്നാൽ 42 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ അവർക്ക് ശേഷിക്കുന്ന വിക്കറ്റുകൾ കൂടി നഷ്ടമായി. 10 റൺസെടുത്ത നിനാദ് രഥ്വയാണ് ആദ്യം പുറത്തായത്. തൊട്ടുപിറകെ 14 റൺസെടുത്ത സന്ദീപ് പട്നായിക്കും രണ്ട് റൺസെടുത്ത രാജേഷ് ധൂപ്പറും പുറത്തായി.

തുടർന്നെത്തിയവർ കാര്യമായ ചെറുത്തുനിൽപ്പുപോലുമില്ലാതെ കീഴടങ്ങിയതോടെ ഒഡീഷയുടെ ഇന്നിങ്സ് 143 റൺസിൽ അവസാനിച്ചു. ആദിത്യ സർവാതെ രണ്ട് വിക്കറ്റും വൈശാഖ് ചന്ദ്രൻ ഒരു വിക്കറ്റും വീഴ്ത്തി.

logo
Metro Vaartha
www.metrovaartha.com