

AI generated summary, newsroom reviewed
ന്യൂ ചണ്ഡിഗഡ്: സയീദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിൽ പുതുച്ചേരിക്കെതിരേ കേരളത്തിന് 18 റൺസ് വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 204 റൺസെടുത്തു. പുതുച്ചേരിക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.
ടൂർണമെന്‍റിൽ ഇതുവരെയുള്ള മത്സരങ്ങളിൽ ഒന്നു മുതൽ ഏഴ് വരെയുള്ള സ്ഥാനങ്ങളിൽ ബാറ്റ് ചെയ്ത കേരള ക്യാപ്റ്റൻ സഞ്ജു സാംസൺ ഇക്കുറി നാലാം നമ്പറിലിറങ്ങി, ഒമ്പത് പന്തിൽ 17 റൺസാണ് നേടിയത്. ഓപ്പണർമാരായ മുഹമ്മദ് അസറുദ്ദീനും (48 പന്തിൽ 78) രോഹൻ കുന്നുമ്മലും (35 പന്തിൽ 59) ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്. 11.5 ഓവറിൽ സ്കോർ 118ൽ എത്തിയപ്പോഴാണ് രോഹൻ പുറത്താകുന്നത്. മൂന്ന് ഫോറും നാല് സിക്സും ഉൾപ്പെട്ട ഇന്നിങ്സ്.
മുഹമ്മദ് അസറുദ്ദീൻ
File
തുടർന്നെത്തിയ വിഷ്ണു വിനോദ് (19 പന്തിൽ 34) തകർത്തടിച്ചതോടെ റൺ റേറ്റ് കുതിച്ചു. 17-ാം ഓവറിലാണ് അസറുദ്ദീൻ പുറത്താകുന്നത്. അതിനകം ഏഴ് ഫോറും മൂന്ന് സിക്സും നേടിയിരുന്നു.
എന്നാൽ നാല് ഫോറും ഒരു സിക്സും നേടിയ വിഷ്ണു കൂടി പുറത്തായതോടെ സ്കോറിങ് നിരക്കിന് ബ്രേക്ക് വീണു. ഒമ്പത് പന്ത് നേരിട്ട സഞ്ജു രണ്ട് സിക്സർ നേടിയെങ്കിലും, ഇന്നിങ്സിൽ മൂന്ന് പന്ത് കൂടി ശേഷിക്കെ പുറത്തായി. സൽമാൻ നിസാറും (9) അബ്ദുൾ ബാസിതും (1) പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങിൽ പ്രസാദ് പവാർ (67), അങ്കിത് ശർമ (45), സാഗർ ത്രിവേദി (34) എന്നിവരുടെ പോരാട്ടം കൊണ്ട് പുതുച്ചേരിക്ക് കേരളത്തിന്‍റെ സ്കോർ എത്തിപ്പിടിക്കാൻ സാധിച്ചില്ല. 39 റൺസിന് നാല് വിക്കറ്റ് വീഴ്ത്തിയ എം.ഡി. നിധീഷ് ഒരിക്കൽക്കൂടി കേരള ബൗളിങ്ങിന്‍റെ നടുനായകത്വം വഹിച്ചു. കാർത്തിക് ബി. നായർ രണ്ട് വിക്കറ്റ് നേടിയപ്പോൾ, കെ.എം. ആസിഫിനും ഷറഫുദ്ദീനും ഓരോ വിക്കറ്റ്.
AI generated summary, newsroom reviewed