

വിഷ്ണു വിനോദ്
അഹമ്മദാബാദ്: പുതുച്ചേരിക്കെതിരായ വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ കേരളത്തിന് ജയം. 47.4 ഓവറിൽ പുതുച്ചേരി ഉയർത്തിയ 248 റൺസ് വിജയലക്ഷ‍്യം കേരളം 8 വിക്കറ്റ് ശേഷിക്കെ 29 ഓവറിൽ മറികടന്നു. വെടിക്കെട്ട് ബാറ്റർ വിഷ്ണു വിനോദിന്‍റെ സെഞ്ചുറിയാണ് കേരളത്തിന് തുണയായത്.
84 പന്തുകൾ നേരിട്ട താരം എതിരാളികളെ തെല്ലും ഭയമില്ലാതെ അടിച്ചു ബൗണ്ടറി കടത്തി 162 റൺസാണ് അടിച്ചെടുത്തത്. 14 സിക്സും 13 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ മികവാർന്ന ബാറ്റിങ് പ്രകടനം. വിഷ്ണുവിനു പുറമെ ബാബ അപരാജിത് (63 നോട്ടൗട്ട്) അർധസെഞ്ചുറി നേടി.
65 പന്തിലാണ് ബാബ അപരാജിത് അർധ സെഞ്ചുറി തികച്ചത്. അതേസമയം, കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയ ക‍്യാപ്റ്റൻ സഞ്ജു സാംസനും രോഹൻ കുന്നുമ്മലും ഇത്തവണ നിരാശപ്പെടുത്തി. സഞ്ജു 11 റൺസും രോഹൻ 8 റൺസും നേടി പുറത്തായി.
പോണ്ടിച്ചേരിക്കു വേണ്ടി ഭുപേന്ദർ ചൗഹാനും പാർഥ് വാഗനിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ‍്യം ബാറ്റ് ചെയ്ത പോണ്ടിച്ചേരി അജയ് രൊഹേരയുടെയും ജഷ്‌വന്ത് ശ്രീറാമിന്‍റെയും അർധസെഞ്ചുറികളുടെ ബലത്തിലാണ് 247 റൺസ് അടിച്ചത്. മറ്റു താരങ്ങൾ തിളങ്ങിയില്ല. കേരളത്തിനു വേണ്ടി എം.ഡി. നിധീഷ് നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ ഈഡൻ ആപ്പിൾ ടോം അങ്കിത് ശർമ എന്നിവർ രണ്ടും ബിജു നാരായണൻ ബാബ അപരാജിത് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.