പഞ്ചാബിനെ വരിഞ്ഞു മുറുക്കി കേരള ബൗളർമാർ

രഞ്ജി ട്രോഫിയിൽ വീണ്ടും കേരള ബൗളർമാരുടെ മികച്ച പ്രകടനം; ബേസിലിനും അങ്കിതിനും അപരാജിതിനും രണ്ട് വിക്കറ്റ് വീതം
കേരളം - പഞ്ചാബ് രഞ്ജി ട്രോഫി | Kerala vs Punjab Ranji Trophy

രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരേ സെഞ്ചുറി നേടിയ പഞ്ചാബ് ഓപ്പണർ ഹർനൂർ സിങ്.

File photo

Updated on

ചണ്ഡിഗഡ്: രഞ്ജി ട്രോഫിയിൽ പഞ്ചാബിനെതിരെ പിടിമുറുക്കി കേരളം. ആദ്യ ദിവസം കളി അവസാനിക്കുമ്പോൾ ആറ് വിക്കറ്റിന് 240 റൺസെന്ന നിലയിലാണ് പഞ്ചാബ്. സെഞ്ച്വറി നേടി പുറത്താകാതെ നില്ക്കുന്ന ഓപ്പണർ ഹർനൂർ സിങ്ങിന്‍റെ പ്രകടനമാണ് പഞ്ചാബിനെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ രണ്ടു മാറ്റം വരുത്തിയാണ് കേരളം പഞ്ചാബിനെ നേരിടാനിറങ്ങിയത്. സഞ്ജു സാംസനും ഏദൻ ആപ്പിൾ ടോമിനും പകരം വത്സൽ ഗോവിന്ദും അഹമ്മദ് ഇമ്രാനും പ്ലെയിങ് ഇലവനിലെത്തി.

ടോസ് നേടിയ പഞ്ചാബ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഐപിഎൽ താരം പ്രഭ്സിമ്രൻ സിങ്ങും യുവതാരം ഹർനൂർ സിങ്ങും ചേർന്നാണ് ഇന്നിങ്സ് തുറന്നത്. പ്രഭ്സിമ്രന്‍റെ വിക്കറ്റാണ് പഞ്ചാബിന് ആദ്യം നഷ്ടമായത്. 23 റൺസെടുത്ത പ്രഭ്സിമ്രനെ കേരള വൈസ് ക്യാപ്റ്റൻ ബാബാ അപരാജിത് ക്ലീൻ ബൗൾ ചെയ്തു.

തുടർന്നെത്തിയ ഉദയ് സഹാരനും ഹർനൂറും ചേർന്ന് അതീവശ്രദ്ധയോടെയാണ് ഇന്നിങ്സ് മുന്നോട്ടു നീക്കിയത്. ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഒരു വിക്കറ്റിന് 107 റൺസെന്ന നിലയിലായിരുന്നു പഞ്ചാബ്. ടീം സ്കോർ 138ൽ നിൽക്കെ ഉദയ് സഹാരനെ പുറത്താക്കി കേരളത്തിന്‍റെ അതിഥി താരം അങ്കിത് ശർമ കൂട്ടുകെട്ട് പൊളിച്ചു. 37 റൺസെടുത്ത ഉദയ് ക്ലീൻ ബൗൾഡാവുകയായിരുന്നു.

ചായയ്ക്ക് പിരിയുന്നതിന് തൊട്ടു മുൻപ് ഒരോവറിൽ ഇരട്ടപ്രഹരമേല്പിച്ച് എൻ.പി. ബേസിൽ പഞ്ചാബിനെ സമ്മർദത്തിലാക്കി. അൻമോൽപ്രീത് സിങ്ങും ക്യാപ്റ്റൻ നമൻ ധീറും ഓരോ റണ്ണെടുത്ത് മടങ്ങി. ഇരുവരും ബേസിലിന്‍റെ പന്തിൽ വിക്കറ്റ് കീപ്പർ മുഹമ്മദ് അസറുദ്ദീനു ക്യാച്ച് നൽകുകയായിരുന്നു.

ആറ് റൺസെടുത്ത രമൺദീപ് സിങ്ങിനെ അങ്കിത് ശർമയും പുറത്താക്കിയതോടെ അഞ്ച് വിക്കറ്റിന് 162 റൺസെന്ന നിലയിലായിരുന്നു പഞ്ചാബ്. എന്നാൽ, ഹർനൂർ സിങ്ങും സലിൽ അറോറയും ചേർന്ന് ആറാം വിക്കറ്റിൽ 74 റൺസ് കൂട്ടിച്ചേർത്തു.

ആദ്യ ദിവസത്തെ കളി അവസാനിക്കുന്നതിനു തൊട്ടു മുൻപാണ് 36 റൺസെടുത്ത സലിൽ അറോറയെ ബാബാ അപരാജിത് വിക്കറ്റിനു മുന്നിൽ കുടുക്കിയത്.

സ്റ്റമ്പെടുക്കുമ്പോൾ ഹർനൂർ സിങ് 126 റൺസോടെയും കൃഷ് ഭഗത് രണ്ട് റൺസോടെയും ക്രീസിലുണ്ട്. രഞ്ജി ട്രോഫിയിൽ ഹർനൂറിന്‍റെ ആദ്യ സെഞ്ച്വറിയാണിത്. 11 ബൌണ്ടറികൾ അടങ്ങുന്നതായിരുന്നു ഹർനൂറിന്‍റെ ഇന്നിങ്സ്. കേരളത്തിന് വേണ്ടി എൻ.പി. ബേസിലും അങ്കിത് ശർമയും ബാബാ അപരാജിത്തും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com