നിലയുറപ്പിച്ച് രോഹൻ; സൗരാഷ്ട്രക്കെതിരേ കേരളത്തിന് മികച്ച തുടക്കം

ഒന്നാം ദിനം കളി നിർത്തുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 82 റൺസെന്ന നിലയിലാണ് കേരളം
kerala vs saurashtra ranji trophy match updates

രോഹൻ കുന്നുമ്മൽ

Updated on

തിരുവനന്തപുരം: സൗരാഷ്ട്രക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് മികച്ച തുടക്കം. ഒന്നാം ദിനം കളി നിർത്തുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 82 റൺസെന്ന നിലയിലാണ് കേരളം. 58 പന്തുകൾ നേരിട്ട് 9 ബൗണ്ടറിയും 1 സിക്സും അടക്കം 59 റൺസുമായി രോഹൻ കുന്നുമ്മലും മറുവശത്ത് 2 റൺസുമായി അഹമ്മദ് ഇമ്രാനുമാണ് ക്രീസിൽ. ഓപ്പണിങ് ബാറ്റർ എ.കെ. ആകർഷ്, സച്ചിൻ ബേബി എന്നിവരുടെ വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്.

രോഹനൊപ്പം 61 റൺസിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് ആകർഷ് മടങ്ങിയത്. ഇതിനു പിന്നാലെ തന്നെ സച്ചിൻ ബേബിയുടെ വിക്കറ്റും ടീമിനു നഷ്ടമായി. ഇനി 78 റൺസ് കൂടി നേടിയാൽ കേരളത്തിന് സൗരാഷ്ട്രയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനൊപ്പമെത്താം. 160 റൺസായിരുന്നു ഒന്നാം ഇന്നിങ്സിൽ സൗരാഷ്ട്ര അടിച്ചെടുത്തത്. നിലവിൽ 2 പോയിന്‍റുമായി പട്ടികയിൽ ഏഴാം സ്ഥാനത്താണ് കേരളം. ആദ‍്യ രണ്ടു മത്സരങ്ങളും സമനിലയിൽ കലാശിച്ചപ്പോൾ മൂന്നാം മത്സരം കേരളത്തിന് ഇന്നിങ്സ് തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. സൗരാഷ്ട്രയ്ക്കെതിരേ ജയം കേരളത്തിന് അനിവാര‍്യമാണ്.

നേരത്തെ ഒന്നാം ഇന്നിങ്സിൽ കേരളത്തിനു വേണ്ടി 6 വിക്കറ്റ് വീഴ്ത്തിയ പേസർ എം.ഡി. നിധീഷാണ് സൗരാഷ്ട്രയെ തകർത്തത്. നിധീഷിനു പുറമെ ബാബാ അപരാജിത് മൂന്നും ഏദൻ ആപ്പിൾ ടോം ഒരു വിക്കറ്റും വീഴ്ത്തി. 123 പന്തുകൾ നേരിട്ട് 11 ബൗണ്ടറിയും 2 സിക്സും ഉൾപ്പടെ 84 റൺസ് നേടിയ ജേ ഗോഹിലാണ് സൗരാഷ്ട്രയുടെ ടോപ് സ്കോറർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്ട്രയ്ക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്.

7 റൺസ് സ്കോർ ചേർക്കുന്നതിനിടെ ആദ‍്യ മൂന്നു വിക്കറ്റുകളും നഷ്ടമായിരുന്നു. ഹാർവിക് ദേശായി (0), ചിരാഗ് ജാനി (5), എ.വി. വാസവദ (0) എന്നിവരാണ് പുറത്തായത്. എന്നാൽ മൂന്നു വിക്കറ്റുകൾ നഷ്ടപ്പെട്ട് പ്രതിരോധത്തിലായ ടീമിനെ ജേ ഗോഹിൽ കൂട്ടത്തകർച്ചയിൽ നിന്നും രക്ഷിച്ചു. ഗോഹിലിനൊപ്പം മറുവശത്ത് പ്രേരക് മങ്കാദും നിലയുറപ്പിച്ചതോടെ ടീം സ്കോർ 50 കടന്നു. പിന്നീട് 76ൽ നിൽക്കെ നീധീഷാണ് കൂട്ടുകെട്ട് പൊളിച്ചത്.

നാലാം വിക്കറ്റിൽ 69 റൺസാണ് ഇരുവരും അടിച്ചെടുത്തത്. പിന്നാലെ ക്രീസിലെത്തിയ അൻഷ് ഗോസായിക്ക് കേരളത്തിന്‍റെ ബൗളിങ് നിരയ്ക്ക് മുൻപിൽ പിടിച്ചു നിൽക്കാനായില്ല. ഒരു റൺസെടുത്ത് താരം പുറത്തായി. നിധീഷിനു തന്നെയായിരുന്നു വിക്കറ്റ്. തുടർന്ന് ടീം സ്കോർ 123 റൺസിൽ നിൽക്കെ ജേ ഗോഹിൽ പുറത്തായത് സൗരാഷ്ട്രയ്ക്ക് തിരിച്ചടിയായി. പിന്നീട് വന്ന മധ‍്യനിര ബാറ്റർമാർക്ക് കാര‍്യമായ സംഭാവനകൾ ടീമിനു നൽകാൻ കഴിയാതെ വന്നതോടെ ടീം 160 റൺസിൽ കൂടാരം കയറി. ജേ ഗോഹിലിനു പുറമെ പ്രേരക് മങ്കാദ്, സമ്മർ ഗജ്ജർ (23), ക‍്യാപ്റ്റൻ ജയ്ദേവ് ഉനദ്ഘട്ട് (16) എന്നിവർക്കു മാത്രമാണ് രണ്ടക്കം കടക്കാനായത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com