

രോഹൻ കുന്നുമ്മൽ
അഹമ്മദാബാദ്: തമിഴ്നാടിനെതിരായ വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ കേരളത്തിന് തോൽവി. നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ തമിഴ്നാട് ഉയർത്തിയ 295 റൺസ് വിജയലക്ഷ‍്യം കേരളത്തിന് മറികടക്കാനായില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 217 റൺസിൽ ഓൾഔട്ടായി. ഇതോടെ ക്വാർട്ടർ ഫൈനൽ കാണാതെ ടൂർണമെന്‍റിൽ നിന്ന് കേരളം പുറത്തായി.
45 പന്തിൽ 7 ബൗണ്ടറിയും 5 സിക്സും ഉൾപ്പടെ 73 റൺസ് അടിച്ച ക‍്യാപ്റ്റൻ രോഹൻ കുന്നുമ്മലാണ് കേരളത്തിന്‍റെ ടോപ് സ്കോറർ. രോഹനു പുറമെ ബാബ അപരാജിതും (35) വിഷ്ണു വിനോദിനും (35) മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഓപ്പണിങ് ബാറ്റർ കൃഷ്ണപ്രസാദ് 14 റൺസും മുഹമ്മദ് അസറുദ്ദീൻ ഒരു റൺസും നേടി പുറത്തായി.
സൽമാൻ നിസാർ 25 റൺസെടുത്ത് മടങ്ങി. അങ്കിത് ശർമ (7), ഷറഫുദ്ദീൻ (1) എന്നിവർക്കും തിളങ്ങാൻ സാധിച്ചില്ല. തമിഴ്നാടിനു വേണ്ടി സച്ചിൻ രഥിയും എസ്. മുഹമ്മദ് അലിയും നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ സായ് കിഷോർ രണ്ടു വിക്കറ്റ് പിഴുതു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് മികച്ച തുടക്കമാണ് ഓപ്പണർമാരായ രോഹൻ കുന്നുമ്മലും സഞ്ജുവിന് പകരക്കാരനായെത്തിയ കൃഷ്ണപ്രസാദും സമ്മാനിച്ചത്. ഒന്നാം വിക്കറ്റിൽ തന്നെ 57 റൺസ് കൂട്ടുകെട്ട് ടീമിന് ചേർക്കാൻ സാധിച്ചു. പിന്നീട് കൃഷ്ണപ്രസാദ് പുറത്തായെങ്കിലും ബാബാ അപരാജിതിനെ കൂട്ടുപിടിച്ച് രോഹൻ ടീം സ്കോർ ഉയർത്തി. തുടർന്ന് 15.5 ഓവറിൽ 117 എന്ന നിലയിൽ രണ്ടാം വിക്കറ്റും കേരളത്തിന് നഷ്ടമായി.
ഉടനെ തന്നെ ബാബ അപരാജിതും പുറത്തായതോടെ പ്രതിരോധത്തിലായ ടീമിനെ വിഷ്ണു വിനോദും സൽമാൻ നിസാറും ചേർന്ന് മുന്നോട്ടു കൊണ്ടുപോയെങ്കിലും വിഷ്ണുവിനെ പുറത്താക്കികൊണ്ട് എസ്. മുഹമ്മദലി കേരളത്തിന്‍റെ പ്രതീക്ഷകൾക്ക് മുറിവേൽപ്പിച്ചു. വിഷ്ണു മടങ്ങിയതിനു ശേഷം കൂട്ടതകർച്ചയാണ് കാണാൻ സാധിച്ചത്.
ഏഴു മത്സരങ്ങളിൽ നിന്നും നാലു ജയവും മൂന്നു തോൽവിയും അടക്കം 16 പോയിന്‍റ് നേടിയ കേരളം ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. നേരത്തെ നാരായൻ ജഗദീഷൻ നേടിയ സെഞ്ചുറിയുടെ മികവിലാണ് തമിഴ്നാട് 294 റൺസ് അടിച്ചെടുത്തത്. 126 പന്തിൽ 9 ബൗണ്ടറിയും 5 സിക്സും ഉൾപ്പടെ 139 റൺസ് അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ബാറ്റിങ് പ്രകടനം. ജഗദീഷനു പുറമെ ഭൂപതി വൈഷ്ണ കുമാർ (35), അതീഷ് എസ്.ആർ (33), ആന്ധ്രെ സിഥാർഥ് (27) എന്നിവർക്ക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായത്. കേരളത്തിനു വേണ്ടി ഈഡൻ ആപ്പിൾ ടോം ആറു വിക്കറ്റ് വീഴ്ത്തിയപ്പോൾ അങ്കിത് ശർമയും ബിജു നാരായണനും ഓരോ വിരക്കറ്റ് വീതം വീഴ്ത്തി.