കിനാവിന്‍റെ പടിവാതിലിൽ...: രഞ്ജി ട്രോഫി ഫൈനലിന് കേരളം ഇറങ്ങുന്നു

ചരിത്രത്തിൽ ഇതാദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റ് ചാംപ്യൻമാരാകുകയെന്ന മോഹം സാക്ഷാത്കരിക്കാൻ കേരളത്തിനാവുമോ?

പ്രത്യേക ലേഖകൻ

ചരിത്രത്തിൽ ഇതാദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റ് ചാംപ്യൻമാരാകുകയെന്ന മോഹം സാക്ഷാത്കരിക്കാൻ കേരളത്തിനാവുമോ? വിസിഎ സ്റ്റേഡിയത്തിൽ ബുധനാഴ്ച ആരംഭിക്കുന്ന ഫൈനൽ അതിന് ഉത്തരം നൽകും. മുൻ ചാംപ്യൻമാരായ വിദർഭയുമായുള്ള പോരാട്ടം അത്ര എളുപ്പമാവില്ലെന്നുറപ്പാണ്. സ്വന്തം നാട്ടിലാണു മത്സരം നടക്കുന്നതെന്നതിന്‍റെ ആനുകൂല്യം വിദർഭയ്ക്കുണ്ട്. നാലാം തവണയാണ് അവർ ഫൈനൽ കളിക്കുന്നത്. രണ്ടു തവണ ചാംപ്യൻമാരുമായിട്ടുണ്ട്. ആ നിലയ്ക്കുള്ള അവരുടെ ആത്മവിശ്വാസവും കേരളം മറികടക്കേണ്ടിവരും. പോരാത്തതിനു മികച്ച ഫോമിലാണു വിദർഭ ടീം.

ക്വാർട്ടർ ഫൈനലിൽ ഒരു റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡിൽ ജമ്മു കശ്മീരിനെയും സെമിയിൽ രണ്ടു റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡിൽ ഗുജറാത്തിനെയും മറികടന്ന കേരളത്തിന് ഇതുവരെ ഒപ്പമുണ്ടായിരുന്ന ഭാഗ്യത്തിന്‍റെ കൂട്ട് ഫൈനലിലും ലഭിക്കുമെന്ന പ്രതീക്ഷയാവും കേരളത്തിലെ ക്രിക്കറ്റ് ആരാധകർക്ക്. അതിനൊപ്പം സച്ചിൻ ബേബിയുടെ ടീം മികച്ച പ്രകടനം തുടരുകയും വേണം. ഭാഗ്യം മാത്രമല്ല, ക്ഷമയോടെ കഠിനാധ്വാനം ചെയ്യാനുള്ള സന്നദ്ധതയും കൂടിയാണ് കേരളത്തെ ഇവിടെവരെ എത്തിച്ചത്. പൂനെയിൽ ജമ്മു കശ്മീരിനെതിരായ മത്സരത്തിന്‍റെ അവസാന ദിവസം മുഴുവൻ പിടിച്ചുനിന്ന കേരളത്തിന്‍റെ ബാറ്റിങ് പ്രകടനം പ്രശംസനീയം തന്നെയായിരുന്നു. വിജയം മാത്രം ലക്ഷ്യമിട്ടുള്ള എതിരാളികളുടെ ബൗളിങ് ആക്രമണം പ്രതിരോധിക്കുക അന്ന് ഒട്ടും എളുപ്പമായിരുന്നില്ല.

ഗുജറാത്തിനെ അവരുടെ സ്വന്തം ഗ്രൗണ്ടിൽ മറികടന്ന കേരളത്തിന്‍റെ പ്രകടനവും ശ്രദ്ധേയമായി. 341 പന്തുകളിൽ 177 റൺസെടുത്ത മുഹമ്മദ് അസറുദ്ദീന്‍റെ ബാറ്റിങ്ങാണ് കേരളത്തെ ശക്തമായ നിലയിലേക്ക് ഉയർത്തിയത്. ഈ രഞ്ജി സീസണിൽ എട്ടു മത്സരങ്ങളിൽ നിന്ന് 86.71 ശരാശരിയോടെ 607 റൺസ് നേടിക്കഴിഞ്ഞ സൽമാൻ നിസാറാണ് കേരള നിരയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ബാറ്റ്സ്മാൻ. രണ്ടു സെഞ്ചുറികളും മൂന്ന് അർധ സെഞ്ചുറികളും സൽമാൻ നിസാർ നേടിയിട്ടുണ്ട്. അസറുദ്ദീൻ ഒമ്പതു മത്സരങ്ങളിൽ നിന്ന് 601 റൺസ് നേടിയിട്ടുണ്ട്; 75.12 റൺസ് ശരാശരിയിൽ. ഒരു സെഞ്ചുറിയും നാല് അർധ സെഞ്ചുറികളും ആ ബാറ്റിൽ നിന്ന് ഉതിർന്നു.

ഈ സീസണിൽ കേരളത്തിനായി ഏറ്റവുമധികം വിക്കറ്റ് നേടിയ ബൗളർ ജലജ് സക്സേന തന്നെ. 38 വിക്കറ്റുകൾ സക്സേന നേടിക്കഴിഞ്ഞു. മുൻ വിദർഭ താരം കൂടിയായ ആദിത്യ സർവാതെ സക്സേനയ്ക്കു ശക്തമായ പിന്തുണ നൽകുന്നുണ്ട്. 30 വിക്കറ്റുകളാണ് സർവാതെ ഈ രഞ്ജി സീസണിൽ നേടിയിരിക്കുന്നത്.

ഗ്രൂപ്പ് ഘട്ടത്തിൽ പഞ്ചാബിനെ എട്ടു വിക്കറ്റിനു തോൽപ്പിച്ചുകൊണ്ടാണ് കേരളം ഇത്തവണത്തെ രഞ്ജി ട്രോഫിക്കു തുടക്കമിടുന്നത്. കർണാടകയും ബംഗാളുമായുള്ള മത്സരങ്ങൾ ഒന്നാം ഇന്നിങ്സ് പൂർത്തിയാക്കാനാവാത്ത സമനിലകളായിരുന്നു. ഉത്തർപ്രദേശിനെ ഇന്നിങ്സിനും 117 റൺസിനും തോൽപ്പിച്ചു. ഹരിയാനക്കെതിരേ സമനിലയായ മത്സരത്തിൽ ഒന്നാം ഇന്നിങ്സ് ലീഡ് നേടി. മധ്യപ്രദേശുമായുള്ള മത്സരവും സമനിലയായപ്പോൾ, ഒന്നാം ഇന്നിങ്സ് ലീഡ് കേരളത്തിനായിരുന്നു. ബിഹാറിനെ ഇന്നിങ്സിനും 169 റൺസിനും തകർത്തു.

അതേസമയം, ഈ രഞ്ജി സീസണിലെ തങ്ങളുടെ ഒമ്പതു മത്സരങ്ങളിൽ എട്ടിലും വിജയിച്ചാണ് അക്ഷയ് വഡ്കർ നയിക്കുന്ന വിദർഭ ടീം സ്വന്തം മണ്ണിൽ കേരളത്തെ നേരിടാനിറങ്ങന്നത്. ശേഷിച്ച ഒരു മത്സരം സമനിലയായിരുന്നു. അപരാജിതരായി ഗ്രൂപ്പ് ഘട്ടം കടന്ന അവർ ക്വാർട്ടർ ഫൈനലിൽ തമിഴ്നാടിനെ 198 റൺസിനും സെമിയിൽ നിലവിലുള്ള ചാംപ്യൻമാരായ മുംബൈയെ 80 റൺസിനും പരാജയപ്പെടുത്തി. രണ്ടും ഗംഭീര വിജയങ്ങൾ. 2017-18, 2018-19 സീസണുകളിലെ ചാംപ്യൻമാരായ വിദർഭ കഴിഞ്ഞ തവണ ഫൈനലിൽ മുംബൈയോടു പരാജയപ്പെടുകയായിരുന്നു. ഈ സീസണിലെ വിജയ് ഹസാരെ ട്രോഫി ഫൈനലിലും അവർ കളിച്ചു. ഇത്തവണത്തെ ഒമ്പതു രഞ്ജി മത്സരങ്ങളിൽനിന്ന് 933 റൺസ് നേടിയ യാഷ് റാത്തോഡാണ് ബാറ്റിങ് നിരയിൽ അവരുടെ പ്രധാന താരം. അഞ്ച് സെഞ്ചുറികളും മൂന്ന് അർധ സെഞ്ചുറികളും റാത്തോഡ് നേടിക്കഴിഞ്ഞു.

വിക്കറ്റ് കീപ്പർ കൂടിയായ നായകൻ വഡ്കർ ഒമ്പതു മത്സരങ്ങളിൽ 674 റൺസ് നേടിയിട്ടുണ്ട്. രണ്ടു സെഞ്ചുറികളും രണ്ട് അർധ സെഞ്ചുറികളും ഇതിലുൾപ്പെടും. മൂന്നു സെഞ്ചുറികളും ഒരു അർധ സെഞ്ചുറിയും ഉൾപ്പെടെ കരുൺ നായർ എട്ടു മത്സരങ്ങളിൽ നിന്ന് 642 റൺസ് നേടിയിട്ടുണ്ട്. ഡാനിഷ് മലേവാർ (557 റൺസ്), ധ്രുവ് ഷോരെ (446 റൺസ്) എന്നിവരും മോശമല്ല. ഇരുപത്തിരണ്ടുകാരനായ ഹർഷ് ദുബെയാണ് ബൗളിങ്ങിൽ അവരുടെ പ്രധാന പ്രതീക്ഷ. ഒമ്പതു മത്സരങ്ങളിൽ നിന്ന് 66 വിക്കറ്റുകൾ ദുബെ നേടിക്കഴിഞ്ഞു. 2018-19 സീസണിൽ എട്ടു മത്സരങ്ങളിൽ നിന്ന് 68 വിക്കറ്റ് നേടിയ ബിഹാറിന്‍റെ അശുതോഷ് അമനാണ് ഒരു രഞ്ജി സീസണിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ താരം. ഈ റെക്കോഡ് മറികടക്കാൻ ദുബെയ്ക്കു കഴിയുമോയെന്ന് വരുംദിനങ്ങളിലറിയാം.

Kerala vs Vidarbha Ranji Trophy final preview
കിനാവിന്‍റെ പടിവാതിലിൽ...: രഞ്ജി ട്രോഫി ഫൈനലിന് കേരളം ഇറങ്ങുന്നു

ടീമുകൾ ഇങ്ങനെ

കേരളം: സച്ചിൻ ബേബി (ക്യാപ്റ്റൻ), രോഹൻ കുന്നുമ്മൽ, ബാബാ അപരാജിത്, സൽമാൻ നിസാർ, മുഹമ്മദ് അസറുദ്ദീൻ (വിക്കറ്റ് കീപ്പർ), വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പർ), അക്ഷയ് ചന്ദ്രൻ, ജലജ് സക്സേന, ഷോൺ റോജർ, ആദിത്യ സർവാതെ, ബേസിൽ തമ്പി, എം.ഡി. നിധീഷ്, എൻ.പി. ബേസിൽ, വരുൺ നായനാർ, അഹമ്മദ് ഇമ്രാൻ, കെ.എം. ആസിഫ്.

വിദർഭ: അക്ഷയ് വഡ്കർ (ക്യാപ്റ്റൻ & വിക്കറ്റ് കീപ്പർ), അഥർവ തയ്ഡെ, അമൻ മൊഖാഡെ, യാഷ് റാത്തോഡ്, ഹർഷ് ദുബെ, അക്ഷയ് കർനെവാർ, യാഷ് കദം, അക്ഷയ് വഖാരെ, ആദിത്യ താക്കറെ, ദർശൻ നൽകണ്ഡെ, നചികേത് ഭുടെ, സിദ്ധേഷ് വാത്ത് (വിക്കറ്റ് കീപ്പർ), യാഷ് ഠാക്കൂർ, ഡാനിഷ് മലേവാർ, പാർഥ് രേഖഡെ, കരുൺ നായർ, ധ്രുവ് ഷോരെ.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com