

മുഹമ്മദ് ഷമി
തിരുവനന്തപുരം: ബംഗാളിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ഒന്നാം ഇന്നിങ്സിൽ കേരളം 141 റൺസിന് പുറത്ത്. ഇതോടെ ബംഗാളിന് 209 റൺസ് ലീഡായി. കേരളത്തിനു വേണ്ടി 47 പന്തിൽ 41 റൺസ് നേടിയ ക‍്യാപ്റ്റൻ വിഷ്ണു വിനോദാണ് ടോപ് സ്കോറർ. വിഷ്ണുവിനു പുറമെ മുഹമ്മദ് അസറുദ്ദീൻ (30) മാത്രമാണ് തിളങ്ങിയത്.
സൽമാൻ നിസാർ (11), സച്ചിൻ ബേബി (23) അടക്കമുള്ള താരങ്ങൾ നിരാശപ്പെടുത്തി. ബംഗാളിനു വേണ്ടി വെറ്ററൻ പേസർ മുഹമ്മദ് ഷമി മൂന്നും പ്രദീപ്ത പ്രമാണിക് നാലും ഷഹബാസ് അഹമ്മദ് രണ്ടു വിക്കറ്റും വീഴ്ത്തി.
6 വിക്കറ്റ് നഷ്ടത്തിൽ 101 റൺസെന്ന നിലയിലാണ് മൂന്നാം ദിനം കേരളം ബാറ്റിങ് ആരംഭിച്ചത്. അതിഥി താരം ജലജ് സക്സേനയും അസറുദ്ദീനുമായിരുന്നു ക്രീസിൽ. എന്നാൽ 20 റൺസ് പിന്നിട്ടപ്പോൾ തന്നെ ജലജ് സക്സേന മടങ്ങി. തൊട്ടടുത്ത് തന്നെ വൈശാഖ് ചന്ദ്രനെയും മടക്കി അയച്ച് പ്രദീപ്ത പ്രമാണിക് മറുപടി നൽകി.
പത്താമനായി ബാറ്റിങ്ങിനിറങ്ങിയ എം.ഡി. നിധീഷ് ഗോൾഡൻ ഡക്കായി കളം വിട്ടു. നെടുമാൻകുഴി ബേസിൽ റണ്ണൗട്ടാകുകയും ചെയ്തതോടെ 141 റൺസിലൊതുങ്ങുകയായിരുന്നു കേരളത്തിന്‍റെ ഒന്നാമിന്നിങ്സ്.
അതേസമയം, ഫിറ്റ്നസില്ലായ്മയുടെ പേരിൽ സെലക്റ്റർമാർ അവഗണിക്കുമ്പോഴും ആഭ‍്യന്തര ക്രിക്കറ്റിൽ തകർപ്പൻ പ്രകടനമാണ് മുഹമ്മദ് ഷമി പുറത്തെടുക്കുന്നത്. 11 ഓവർ പന്തെറിഞ്ഞ താരം 3.18 ബൗളിങ് എക്കണോമിയിൽ 35 റൺസ് മാത്രം വഴങ്ങിയാണ് മൂന്നുവിക്കറ്റ് സ്വന്തമാക്കിയത്. ഓപ്പണിങ് ബാറ്റർ അഭിഷേക് നായരെ ബൗൾഡാക്കി ആദ‍്യ പ്രഹരമേൽപ്പിച്ച താരം പിന്നാലെ വിഷ്ണു വിനോദിനെയും ബൗൾഡാക്കി. കേരളത്തിന്‍റെ പ്രധാന താരങ്ങളെ ഗ‍്യാലറിയിലേക്ക് പറഞ്ഞയച്ച് ഷമി ആഹ്‌ളാദം കണ്ടെത്തി. ഒപ്പം പ്രദീപ്ത പ്രമാണിക്കും പിന്തുണ നൽകിയതോടെ കേരളത്തെ എളുപ്പത്തിൽ ബംഗാൾ എറിഞ്ഞിട്ടു.
നേരത്തെ ഒന്നാം ഇന്നിങ്സിൽ ഷഹബാസ് അഹ്‌മദിന്‍റെ തകർപ്പൻ സെഞ്ചുറിയുടെ ബലത്തിലാണ് ബംഗാൾ 350 റൺസ് അടിച്ചെടുത്തത്. ഷഹ്ബാസിനു പുറമെ അങ്കുർ പോൾ (66), സുമന്ത ഗുപ്ത (49) എന്നിവരും തിളങ്ങിയിരുന്നു. കേരളത്തിനു വേണ്ടി ആദിത‍്യ സർവാതെ നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ നെടുമാൻകുഴി ബേസിൽ മൂന്നും എം.ഡി. നിധീഷ് രണ്ടും ജലജ് സക്സേന ഒരു വിക്കറ്റും വീഴ്ത്തി.