കെസിഎൽ: ന്യൂ ലുക്കിൽ ആലപ്പി റിപ്പിൾസ്

കെസിഎൽ ടീം പരിചയം - ആലപ്പി റിപ്പിൾസ് | KCL Team preview- Alleppy Ripples
കെസിഎൽ ടീം പരിചയം - ആലപ്പി റിപ്പിൾസ് | KCL Team preview- Alleppy Ripples

മുഹമ്മദ് അസറുദ്ദീൻ

Updated on

പുതുക്കിപ്പണിത ടീമുമായി കെസിഎല്ലിന്‍റെ രണ്ടാം സീസണിൽ അങ്കത്തിനിറങ്ങുകയാണ് ആലപ്പി റിപ്പിൾസ്. നിലനിർത്തിയ നാല് താരങ്ങളായ മുഹമ്മദ് അസറുദീൻ, അക്ഷയ് ചന്ദ്രൻ, വിഘ്നേഷ് പുത്തൂർ, ടി.കെ. അക്ഷയ് എന്നിവരൊഴിച്ചാൽ, താരതമ്യേന പുതിയൊരു ടീമാണ് ഇത്തവണ ആലപ്പി റിപ്പിൾസിന്‍റേത്. അസറുദീനാണ് റിപ്പിൾസിന്‍റെ നായകൻ.

ക്യാപ്റ്റൻ അസറുദീൻ തന്നെയാണ് ആലപ്പി റിപ്പിൾസ് ബാറ്റിങ് നിരയുടെ പ്രധാന കരുത്ത്. കഴിഞ്ഞ സീസണിൽ, നാല് അർധ സെഞ്ചുറികളടക്കം 410 റൺസ് അസർ അടിച്ചുകൂട്ടിയിരുന്നു. രഞ്ജി ട്രോഫിയിലടക്കം സീസണിലാകെ മികച്ച പ്രകടനം കാഴ്ചവച്ചു. കെസിഎല്ലിലും അസർ സമാന പ്രകടനം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്മെന്‍റ്.

വമ്പൻ തുകയ്ക്ക് കൂടെക്കൂട്ടിയ ജലജ് സക്സേനയാണ് റിപ്പിൾസിന്‍റെ മറ്റൊരു പ്രതീക്ഷ. വാശിയേറിയ ലേലത്തിനൊടുവിൽ 12.40 ലക്ഷത്തിനായിരുന്നു ജലജിനെ ആലപ്പി റിപ്പിൾസ് റാഞ്ചിയത്. ജലജിന്‍റെ കന്നി കെസിഎൽ സീസണാണിത്. എങ്കിലും ആഭ്യന്തര ക്രിക്കറ്റിലെ ജലജിന്‍റെ വ‍ർഷങ്ങളുടെ പരിചയസമ്പത്ത് ടീമിന് വലിയ മുതൽക്കൂട്ടാവും.

അസറുദീൻ കഴിഞ്ഞാൽ കഴിഞ്ഞ സീസണിൽ റിപ്പിൾസിനുവേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ ടി.കെ. അക്ഷയ് ഇത്തവണയും മിന്നാൻ സാധ്യതയുള്ള താരങ്ങളുടെ നിരയിലാണ്. യുവതാരങ്ങളായ അനൂജ് ജോതിൻ, കെ.എ. അരുൺ, അർജുൻ നമ്പ്യാർ എന്നിവരും ആലപ്പി ടീമിന്‍റെ ബാറ്റിങ് നിരയിൽ ഇടംപിടിക്കുന്നു. കഴിഞ്ഞ എൻഎസ്കെ ട്രോഫിയിലടക്കം കൂറ്റൻ ഷോട്ടുകളുമായി തിളങ്ങിയ താരമാണ് അരുൺ. അസറുദീനൊപ്പം വിക്കറ്റ് കീപ്പറായി ടീമിലുള്ള ആകാശ് പിള്ള, മുഹമ്മദ് കൈഫ് എന്നിവരും ബാറ്റിങ്ങിൽ മികവ് തെളിയിച്ചിട്ടുള്ളവരാണ്.

ജലജ് സക്സേനയും അക്ഷയ് ചന്ദ്രനും ടി.കെ. അക്ഷയും അടങ്ങുന്ന ഓൾ റൗണ്ടർമാരാണ് റിപ്പിൾസിന്‍റെ കരുത്ത് കൂട്ടുന്നത്. അക്ഷയ് ചന്ദ്രൻ കഴിഞ്ഞ സീസണിൽ ടീമിനായി പ്രകടനം കാഴ്ചവച്ചിരുന്നു. ബാറ്റിങ്ങിനൊപ്പം ഇടംകയ്യൻ സ്പിന്നറെന്ന നിലയിലും ടീമിന് മുതൽക്കൂട്ടാണ് അക്ഷയ്. ശ്രീരൂപ്, അഭിഷേക് പ്രതാപ്, ബാലു ബാബു എന്നിവരാണ് മറ്റ് ഓൾ റൗണ്ടർമാർ. ഫോമിലുള്ള എൻ.‌പി. ബേസിലാവും ഇക്കുറി ആലപ്പിയുടെ ബൗളിങ് നിരയെ നയിക്കുക. കഴിഞ്ഞ സീസണിൽ കൊല്ലത്തിനുവേണ്ടി മികവുകാട്ടിയ ബേസിൽ രഞ്ജി ട്രോഫിയിലടക്കം തിളങ്ങിയിരുന്നു.

ബേസിലിനൊപ്പം രാഹുൽ ചന്ദ്രനും മുഹമ്മദ് നസീലും ആദിത്യ ബൈജുവുമാണ് മറ്റ് പേസർമാർ. ഭാവി വാഗ്ദാനമെന്ന് വാഴ്ത്തപ്പെടുന്ന ആദിത്യ എംആർഎഫ് പേസ് ഫൗണ്ടേഷനിൽ പരിശീലനം നേടിയ താരമാണ്. വിനു മങ്കാദ് ട്രോഫിയിൽ ഉത്തരാഖണ്ഡിനെതിരേ ഏഴ് വിക്കറ്റ് വീഴ്ത്തി ശ്രദ്ധേയ പ്രകടനം പുറത്തെടുത്തിരുന്നു. കഴിഞ്ഞ കെസിഎ പ്രസിഡൻസ് കപ്പിലടക്കം തിളങ്ങിയ താരമാണ് രാഹുൽ ചന്ദ്രൻ. ഐപിഎല്ലിൽ മുംബൈയ്ക്കായി മിന്നിയ വിഘ്നേഷ് പുത്തൂരും ശ്രീഹരി നായരുമാണ് സ്പിന്നർമാർ. 3.75 ലക്ഷത്തിനാണ് വിഘ്നേഷിനെ ആലപ്പി നിലനിർത്തിയത്.

കേരള രഞ്ജി ടീം മുൻ ക്യാപ്റ്റൻ സോണി ചെറുവത്തൂരാണ് ടീമിന്‍റെ ഹെഡ് കോച്ച്. കെ. എസ്. സൂരജ് അസിസ്റ്റന്‍റ് കോച്ച്. കാർത്തിക് രാജൻ ബാറ്റിങ് കോച്ചായും എച്ച്. അഭിറാം ഫീൽഡിങ് കോച്ചായും ടീമിനൊപ്പമുണ്ട്. ഫർസീനാണ് മാനെജർ. ശ്രീജിത് (ഫിസിയോ തെറാപ്പിസ്റ്റ്) അർജുൻ അനിൽ (സ്ട്രങ്ത് ആൻഡ് കണ്ടീഷനിങ് കോച്ച്), ശ്രീവത്സൻ (പെർഫോമൻസ് അനലിസ്റ്റ്), വിജയ് ശ്രീനിവാസൻ (അനലിസ്റ്റ്) എന്നിവർ സപ്പോർട്ട് സ്റ്റാഫുകളിൽ ഉൾപ്പെടുന്നു.

ടീം:

അനുജ് ജോതിൻ, കെ.എ. അരുൺ, അർജുൻ സുരേഷ് നമ്പ്യാർ, മുഹമ്മദ് അസറുദീൻ (ക്യാപ്റ്റൻ), ആകാശ് പിള്ള, മൊഹമ്മദ് കൈഫ്, ജലജ് സക്സേന, അക്ഷയ് ചന്ദ്രൻ, എം.പി. ശ്രീരൂപ്, അഭിഷേക് പ്രതാപ്, ബാലു ബാബു, ടി.കെ. അക്ഷയ്, എൻ.പി. ബേസിൽ, രാഹുൽ ചന്ദ്രൻ, ശ്രീഹരി നായർ, മുഹമ്മദ് നസീൽ, ആദിത്യ ബൈജു, വിഘ്നേഷ് പുത്തൂർ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com