ഉറങ്ങുന്ന സിംഹം കോമയിലായി, ഇനി ഉണരില്ലേ?

പുതിയ താഴ്ചകൾ തേടി ഇന്ത്യൻ ഫുട്ബോൾ, ലോക റാങ്കിങ്ങിൽ 142ാം സ്ഥാനത്തേക്കു പതിച്ചു
ഉറങ്ങുന്ന സിംഹം കോമയിലായി, ഇനി ഉണരില്ലേ? Indian football new low in FIFA ranking

ഇന്ത്യൻ ഫുട്ബോൾ ടീമിന്‍റെ ഫിഫ റാങ്കിങ് ഇടിഞ്ഞു.

AI-generated image

Updated on

ന്യൂഡൽഹി: സെപ് ബ്ലാറ്റർ ഫിഫ പ്രസിഡന്‍റായിരിക്കുന്ന കാലത്ത് ഇന്ത്യൻ ഫുട്ബോളിനെ വിശേഷിപ്പിച്ചത് ഉറങ്ങുന്ന സിംഹം എന്നാണ്. എന്നാൽ, ഇന്ത്യൻ ഫുട്ബോൾ ടീമിന്‍റെ ഇപ്പോഴത്തെ അവസ്ഥ വച്ചു നോക്കിയാൽ, ആ സിംഹം ഉറക്കത്തിൽ നിന്ന് കോമയിലേക്കു വഴുതിക്കഴിഞ്ഞെന്നു വേണം കരുതാൻ.

2027 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ബംഗ്ലാദേശിനോട് 0-1ന് ഏറ്റ നാണം കെട്ട തോൽവിക്കു പിന്നാലെ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം ഏറ്റവും പുതിയ ഫിഫ റാങ്കിങ്ങിൽ ആറ് സ്ഥാനങ്ങൾ താഴോട്ട് പോയി 142-ാം സ്ഥാനത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷമായി ദേശീയ ടീമിന് സംഭവിക്കുന്ന തുടർച്ചയായ ഇടിവാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

ഖാലിദ് ജമീൽ പരിശീലിപ്പിക്കുന്ന ടീം ചൊവ്വാഴ്ച ധാക്കയിൽ വെച്ച് 2003നു ശേഷം ആദ്യമായാണ് ബംഗ്ലാദേശിനോട് തോൽക്കുന്നത്. ടീമിന്‍റെ തുടർച്ചയായ ഈ പിന്നോട്ട് പോക്ക് രാജ്യത്തെ ഫുട്ബോൾ ആരാധകർക്ക് കടുത്ത നിരാശ നൽകി.

കഴിഞ്ഞ മാസം ഗോവയിൽ നടന്ന മത്സരത്തിൽ സിംഗപ്പൂരിനോട് തോറ്റതോടെ ടീം ഏഷ്യൻ കപ്പ് പോരാട്ടത്തിൽ നിന്ന് ഇതിനോടകം പുറത്തായിക്കഴിഞ്ഞു. അടുത്ത വർഷം ലോകകപ്പ് കളിക്കുന്ന ടീമുകളുടെ എണ്ണം 48 ആയി ഉയർത്തിയിട്ടും ഇന്ത്യക്ക് യോഗ്യതയുടെ ഏഴലയലത്തു പോലും എത്താൻ സാധിച്ചിരുന്നില്ല.

2016 ഒക്റ്റോബറിൽ 148-ാം സ്ഥാനത്തായിരുന്നതിനു ശേഷം ഇന്ത്യൻ ടീമിന്‍റെ ഏറ്റവും മോശം റാങ്കിങ്ങാണ് ഇപ്പോഴത്തേത്. 2023 ഡിസംബറിൽ 102ാം സ്ഥാനത്തായിരുന്ന ടീമിന് അതിനുശേഷം 40 സ്ഥാനങ്ങളാണ് നഷ്ടപ്പെട്ടത്.

ഫിഫ റാങ്കിംഗിൽ ഉൾപ്പെട്ടിട്ടുള്ള 46 ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യ ഇപ്പോൾ 27ാം സ്ഥാനത്താണ്. ജപ്പാൻ 18ാം സ്ഥാനത്തും ഇറാൻ (20), ദക്ഷിണ കൊറിയ (22), ഓസ്ട്രേലിയ (26), ഉസ്ബെക്കിസ്ഥാൻ (50) എന്നിവർ പിന്നിലായുമുണ്ട്.

1996 ഫെബ്രുവരിയിൽ 94ാം സ്ഥാനത്ത് എത്തിയതാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച റാങ്കിങ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com