കേരളത്തിന്‍റെ കായികരംഗം കിഫ്ബിയുടെ പക്കൽ ഭദ്രം | Video
സംസ്ഥാനത്തിന്‍റെ സമഗ്ര വികസനമാണ് കിഫ്ബിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. മഹത്തായ പാരമ്പര്യമുള്ള കേരളത്തിന്‍റെ കായികരംഗവും ഇതിൽ ഉൾപ്പെടുന്നു. കിഫ്ബി ഫണ്ടും മന്ത്രി വി. അബ്ദുറഹിമാൻ നേതൃത്വം നൽകുന്ന സ്പോർട്സ് വകുപ്പിന്‍റെ തനത് ഫണ്ടും ഉള്‍പ്പെടെ 1600 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം കായിക മേഖലയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.
പറളി ഹയർ സെക്കൻഡറി സ്കൂളിൽ 6.58 കോടിയുടെ കിഫ്‌ബി ഫണ്ടിലാണ് സ്റ്റേഡിയം നിർമിച്ചിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങള്‍ക്ക് കൂടി മാതൃകയാക്കാവുന്ന കായിക കരുത്താണ് പറളിയിലെ കുട്ടികളുടേത്. സാധാരണ കുടുംബങ്ങളില്‍ നിന്നെത്തുന്ന ഇവര്‍ സ്വന്തം പ്രയത്നത്തിലൂടെയാണ് രാജ്യത്തെ തന്നെ മികച്ച നേട്ടം കൈവരിച്ചു വരുന്നത്. പറളിയിലെ കുട്ടികള്‍ക്ക് കൂടുതല്‍ കരുത്താര്‍ജിക്കാന്‍ സ്പോര്‍ട്സ് ഫെസിലിറ്റി സെന്‍റര്‍ സഹായകമാവുമെന്നാണ് പ്രതീക്ഷ. പ്രാദേശികാടിസ്ഥാനത്തില്‍ ഏറ്റവുമധികം കുട്ടികളെ പരിശീലിപ്പിക്കുന്ന സ്‌കൂളാണ് പറളി. താരങ്ങള്‍ക്ക് പരിശീലനത്തിന് മെഡിക്കല്‍ കോളേജ് ഗ്രൗണ്ട് മാത്രമായിരുന്നു ഇതുവരെയുള്ള ആശ്രയം.
കിഫ്ബിയില്‍ നിന്നും 6.937 കോടി രൂപയുടെ അനുമതി ലഭിച്ച പറളി സ്പോര്‍ട്സ് ഫെസിലിറ്റി സെന്‍ററിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കായിക വകുപ്പിന്‍റെ കീഴിലാണ് നടത്തിയത്. ഫിഫ മാനദണ്ഡ പ്രകാരം സ്പ്രിംഗ്ലര്‍ സംവിധാനത്തോടും സ്വാഭാവിക പുല്‍ത്തകിടിയോടും കൂടിയ സെവന്‍സ് ഫുട്ബോള്‍ ടര്‍ഫ്, പ്രാക്റ്റിസ് പൂള്‍ എന്നിവയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. രാത്രികാല മത്സരങ്ങള്‍ക്ക് സഹായകമാകുന്നതിന് ഫ്ളെഡ് ലൈറ്റ് സംവിധാനവും ഒരുക്കി. 6 ലെയ്ന്‍ 200 മീറ്റര്‍ സിന്തറ്റിക് അത്ലറ്റിക് ട്രാക്ക് തയാറാക്കി.
കിഫ്ബി പദ്ധതിയില്‍ ഉള്‍പെടുത്തി തൃത്താല, പറളി, ചിറ്റൂര്‍ സ്റ്റേഡിയങ്ങളും കായികവകുപ്പിന്‍റെ ഫണ്ടില്‍ കോട്ടായി സ്റ്റേഡിയവുമാണ് നിര്‍മിച്ചത്. തൃത്താല ചാത്തന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കിഫ്ബിയുടെ 8.87 കോടി ചെലവിലാണ് അന്താരാഷ്ട്ര നിലവാരമുള്ള ഫുട്‌ബോള്‍ മൈതാനവും മറ്റു സജ്ജീകരണങ്ങളും ഒരുക്കിയിരിക്കുന്നത്. 6 ലെയ്ന്‍ 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, ലോംഗ് ജംപ്, ട്രിപ്പിള്‍ ജംപ് കോര്‍ട്ടുകള്‍ എന്നിവയും രാത്രികാല മത്സരങ്ങള്‍ക്കും പരിശീലനത്തിനും ഫ്ളെഡ് ലൈറ്റ് സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. സുരക്ഷയ്ക്കായി ചുറ്റും ഇരുമ്പ് വേലിയും നിര്‍മിച്ചു.
കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ പുനലൂർ ഇൻഡോർ സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടനം സ്പോർട്സ് വകുപ്പ് മന്ത്രി വി. അബ്‌ദു റഹ്‌മാൻ നിർവ്വഹിച്ചു. 'കിഫ്ബി'യിൽനിന്ന് അനുവദിച്ച 5.63 കോടി ചെലവഴിച്ച് സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടറേറ്റും നഗരസഭയും ചേർന്നാണ് ഇൻഡോർ സ്റ്റേഡിയം നിർമിച്ചത്. രണ്ടര വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കി.
കാഞ്ഞിരപ്പള്ളി കുന്നംഭാഗം സ്‌പോർട്‌സ് സ്‌കൂൾ നിർമാണത്തിന് 27.7 കോടി രൂപയാണ് കിഫ്ബി വഴി അനുവദിച്ചത്. സ്‌പോർട്‌സ് സ്വിമ്മിങ് പൂൾ, ക്രിക്കറ്റ് നെറ്റ് പ്രാക്ടീസ്, വോളിബോൾ കോർട്ട്, 200 മീറ്റർ സിന്തറ്റിക് ട്രാക്ക്, സെവൻസ് ഫുട്‌ബോൾ സിന്തറ്റിക് ടർഫ്, സ്‌പോർട്‌സ് സ്‌കൂളിലെ കുട്ടികൾക്കും കോച്ചുമാർക്കുമുള്ള ഹോസ്റ്റലുകൾ, മൾട്ടിപ്പർപ്പസ് ഇൻഡോർ കോർട്ട്, കോംബാറ്റ് സ്‌പോർട്‌സ് ബിൽഡിങ്, ഭിന്നശേഷി സൗഹൃദ സ്‌പോർട്‌സ് സൗകര്യങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കാസര്‍ഗോഡ്, വയനാട്, തൃശൂര്‍, കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ഇടുക്കി എന്നിവിടങ്ങളില്‍ കിഫ്ബി ഫണ്ടുപയോഗിച്ചുള്ള ജില്ലാ കായിക സമുച്ചയങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നു. കൊടുമണ്‍, നീലേശ്വരം, മട്ടന്നൂര്‍, പറളി, തിരുമിറ്റക്കോട്, ചിറ്റൂര്‍, പ്രീതികുളങ്ങര, കല്‍പ്പറ്റ, താനൂര്‍, പുനലൂര്‍, വടകര, മേപ്പയ്യൂര്‍, നടുവണ്ണൂര്‍ എന്നിവിടങ്ങളില്‍ കായിക സമുച്ചയങ്ങള്‍ പൂര്‍ത്തിയായി. പത്തനംതിട്ട കൊടുമണ്‍ ഇ എം എസ് സ്റ്റേഡിയത്തിന് കിഫ്ബി 16 കോടി രൂപയാണ് അനുവദിച്ചത്.