കിഷനെ ടീമിലെടുക്കണമെങ്കിൽ ആദ്യം ക്രിക്കറ്റ് കളിക്കണം: ദ്രാവിഡ്

''ഇന്ത്യൻ വിക്കറ്റ് കീപ്പർ സ്വന്തമായി ആവശ്യപ്പെട്ടതാണ് ക്രിക്കറ്റിൽ നിന്നുള്ള ഇടവേള. ഞങ്ങൾ സന്തോഷത്തോടെ അത് അംഗീകരിക്കുകയും ചെയ്തു''
ഇഷാൻ കിഷനും രാഹുൽ ദ്രാവിഡും.
ഇഷാൻ കിഷനും രാഹുൽ ദ്രാവിഡും.File photo
Updated on

വിശാഖപട്ടണം: ഇന്ത്യൻ വിക്കറ്റ് കീപ്പർ ഇഷാൻ കിഷനെ ടീമിലേക്കു പരിഗണിക്കണമെങ്കിൽ ആദ്യം അദ്ദേഹം ക്രിക്കറ്റിന്‍റെ ഏതെങ്കിലും ഫോർമാറ്റിൽ കളിക്കുന്നത് പുനരാരംഭിക്കണമെന്ന് മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്. കഴിഞ്ഞ നവംബറിലാണ് കിഷൻ അവസാനമായി ഇന്ത്യക്കു വേണ്ടി കളിക്കുന്നത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ വ്യക്തിപരമായ കാരണങ്ങളാൽ ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്ത് നാട്ടിലേക്കു മടങ്ങുകയായിരുന്നു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ കെ.എസ്. ഭരത് ബാറ്റിങ്ങിൽ ശോഭിക്കാത്തതാണ് കിഷനെക്കുറിച്ചുള്ള ചോദ്യങ്ങൾ വീണ്ടും ഉയരാൻ കാരണം. ഇക്കാര്യങ്ങൾ മുൻപു തന്നെ വിശദീകരിച്ചിട്ടുള്ളതാണെന്ന് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കവേ ദ്രാവിഡ് പറഞ്ഞു.

കിഷൻ സ്വയം ഇടവേളയെടുത്തതാണ്. കിഷൻ ഇടവേള ആവശ്യപ്പെട്ടു. ഞങ്ങൾ സന്തോഷത്തോടെ അത് അനുവദിച്ചു. തിരിച്ചുവരവിന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് തന്നെ കളിക്കണമെന്ന് നിർബന്ധമൊന്നുമില്ല. ഏതെങ്കിലും ടൂർണമെന്‍റ് കളിച്ചാൽ മതിയെന്നും ദ്രാവിഡ് പറഞ്ഞു.

ദക്ഷിണാഫ്രിക്കയിൽ നിന്നു നാട്ടിലേക്കു മടങ്ങിയ കിഷൻ രഞ്ജി ട്രോഫിയിൽ കളിക്കാനും ഇറങ്ങിയിരുന്നില്ല. ഝാർഖണ്ഡിന്‍റെ താരമാണ് കിഷൻ. പകരം കളിച്ച പത്തൊമ്പതുകാരൻ വിക്കറ്റ് കീപ്പർ കുമാർ കുശാഗ്ര ഇന്ത്യൻ എ ടീമിലേക്കു തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

കിഷൻ എപ്പോൾ ക്രിക്കറ്റ് കളിച്ചു തുടങ്ങണമെന്ന് കിഷൻ തന്നെയാണ് തീരുമാനിക്കേണ്ടതെന്നും രാഹുൽ ദ്രാവിഡ് കൂട്ടിച്ചേർത്തു. അതിന്‍റെ പേരിൽ ആരും അദ്ദേഹത്തെ നിർബന്ധിക്കുന്നില്ല. എന്നാൽ, ടീം മാനെജ്മെന്‍റ് കിഷനുമായി ആശയവിനിമയം നടത്തുന്നുമുണ്ട്- ദ്രാവിഡ് വിശദീകരിച്ചു.

കെ.എസ്. ഭരതിന്‍റെ കീപ്പിങ്ങിൽ താൻ തൃപ്തനാണെന്നും ദ്രാവിഡ് വ്യക്തമാക്കി. എന്നാൽ, ബാറ്റിങ്ങിൽ കൂടുതൽ ചെയ്യാൻ സാധിക്കുമായിരുന്നു എന്നു ഭരത് തന്നെ സമ്മതിക്കുമെന്നും ദ്രാവിഡ് കൂട്ടിച്ചേർത്തു. ഭരതിനെ കൂടാതെ ധ്രുവ് ജുറലാണ് വിക്കറ്റ് കീപ്പറായി ഇപ്പോൾ ടീമിലുള്ളത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com