അയ്യർ vs അയ്യർ: KKR ഫാൻസ് ഹാപ്പിയല്ല, പക്ഷേ, വെങ്കടേശ് ക്യാപ്റ്റനാകാൻ റെഡി

18 കോടിക്ക് ശ്രേയസിനെയും 14 കോടിക്ക് വെങ്കടേശിനെയും നിലനിർത്താൻ അവസരമുണ്ടായിട്ടും അതു ചെയ്യാതെ ലേലത്തിൽ ഒരാളെ നഷ്ടപ്പെടുത്തുകയും ഒരാൾക്കു വേണ്ടി വൻതുക മുടക്കുകയുമാണ് കെകെആർ ചെയ്തത്
Venkatesh Iyer and Shreyas IKyer
വെങ്കടേശ് അയ്യരും ശ്രേയസ് അയ്യരുംFile photo
Updated on

കൊൽക്കത്ത: കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഐപിഎൽ കിരീടത്തിലേക്കു നയിച്ച ശ്രേയസ് അയ്യരെ ടീം ഇക്കുറി നിലനിർത്തിയിട്ടില്ല. ലേലത്തിൽ തിരിച്ചുപിടിക്കാൻ കാര്യമായ ശ്രമവും ഉണ്ടായില്ല. റൈറ്റ് ടു മാച്ച് സൗകര്യം ഉണ്ടായിരുന്നെങ്കിലും ശ്രേയസിന്‍റെ മൂല്യം അപ്പോഴേക്കും ലേലത്തിൽ കുത്തനെ ഉയർന്നിരുന്നു. പക്ഷേ, അപ്രതീക്ഷിത നീക്കത്തിൽ ഓൾറൗണ്ടർ വെങ്കടേശ് അയ്യരെ 23.75 കോടി രൂപ എന്ന അവിശ്വസനീയ തുക മുടക്കി സ്വന്തമാക്കാൻ കെകെആർ മടിച്ചതുമില്ല.

ശ്രേയസിനെ പോലെ തന്നെ കെകെആർ ടീമിൽ നിലനിർത്താതിരുന്ന താരമാണ് വെങ്കടേശും. 18 കോടിക്ക് ശ്രേയസിനെയും 14 കോടിക്ക് വെങ്കടേശിനെയും നിലനിർത്താൻ അവർക്ക് അവസരമുണ്ടായിരുന്നു. എന്നാൽ, നാല് കോടി വീതം മുടക്കി രമൺദീപ് സിങ്ങിനെയും ഹർഷിത് റാണയെയും ടീം നിലനിർത്തി. എന്നിട്ട്, ലേലത്തിൽ ഉയർന്ന തുകയ്ക്ക് വെങ്കടേശിനെ തിരിച്ചുപിടിക്കുകയും ചെയ്തു.

ഇതിനു പിന്നിലെ യുക്തി കെകെആർ ആരാധകരിൽ പലർക്കും അത്ര ദഹിച്ചിട്ടില്ല. ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ, വരുൺ ചക്രവർത്തി, റിങ്കു സിങ് എന്നിവരാണ് ലേലത്തിനു മുൻപേ കെകെആർ നിലനിർത്തിയ മറ്റു താരങ്ങൾ.

26.75 കോടി രൂപയ്ക്ക് ശ്രേയസിനെ സ്വന്തമാക്കിയ ലഖ്നൗ സൂപ്പർ ജയന്‍റ്സ് അദ്ദേഹത്തെ ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനത്തേക്കാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കിക്കഴിഞ്ഞു. പക്ഷേ, 23.75 കോടി മുടക്കാൻ മാത്രം വെങ്കടേശിൽ കെകെആർ മാനേജ്മെന്‍റ് എന്താണു കണ്ടിരിക്കുന്നതെന്ന് പല ആരാധകരും ചോദിക്കുന്നു.

കഴിഞ്ഞ സീസണിൽ കിരീടം നേടിയ ടീമിന്‍റെ കോർ പരമാവധി നിലനിർത്താനുള്ള ശ്രമം എന്നാണ് ടീം മാനേജ്മെന്‍റിന്‍റെ വിശദീകരണം. എന്നാൽ, വെങ്കടേശ് ഒരു പടി കൂടി കടന്ന്, താനാണ് ടീമിന്‍റെ അടുത്ത ക്യാപ്റ്റൻ എന്ന പരോക്ഷ സൂചനയാണ് നൽകുന്നത്. ശ്രേയസിന്‍റെ ഒഴിവിൽ കെകെആറിന് ക്യാപ്റ്റനെ ആവശ്യമുണ്ട് എന്നത് വസ്തുതയുമാണ്.

അതേസമയം, സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ചാൽ ശ്രേയസിനു ലഭിച്ച ഉയർന്ന തുക അത്ര അനർഹമാണെന്നു പറയാനും സാധിക്കില്ല. കഴിഞ്ഞ രണ്ടു സീസണുകളിലായി 30 റൺസിനു മുകളിൽ ശരാശരിയും 150നു മുകളിൽ സ്ട്രൈക്ക് റേറ്റുമായി 500 റൺ നേടിയിട്ടുള്ള ഏഴ് ഇന്ത്യൻ ബാറ്റർമാരിൽ ഒരാളാണ് വെങ്കടേശ് അയ്യർ. മറ്റ് ആറു പേരെയും അതതു ടീമുകൾ നിലനിർത്തിയപ്പോൾ, വെങ്കടേശിനെ മാത്രമാണ് ലേലത്തിൽ ലഭ്യമായിരുന്നത്.

അദ്ദേഹത്തിനു വേണ്ടി ആർസിബി സജീവമായി ലേലം വിളിച്ചതാണ് തുക ഇത്രയും ഉയരാൻ കാരണമായത്. കഴിഞ്ഞ സീസണിൽ കപ്പ് നേടിയ ടീമിൽനിന്ന് ശ്രേയസ് അയ്യരെയും മിച്ചൽ സ്റ്റാർക്കിനെയും നഷ്ടപ്പെട്ടു കഴിഞ്ഞിരുന്ന കെകെആർ എന്തു വില കൊടുത്തും വെങ്കടേശിനെ സ്വന്തമാക്കാൻ കച്ച മുറുക്കുകയും ചെയ്തിരുന്നു.

എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ്, കെകെആർ ക്യാപ്റ്റൻസി വാഗ്ദാനം ചെയ്താൽ ഏറ്റെടുക്കാൻ തയാറാണെന്ന് വെങ്കടേശ് അയ്യർ വ്യക്തമാക്കിയിരിക്കുന്നത്. നിതീഷ് റാണ ക്യാപ്റ്റനായിരുന്നപ്പോൾ താൻ വൈസ് ക്യാപ്റ്റനായിരുന്നു എന്നും, നിതീഷിനു പരുക്കേറ്റപ്പോൾ കെകെആറിനെ നയിച്ചിട്ടുണ്ട് എന്നും കുറിപ്പിൽ വെങ്കടേശ് ഓർമിപ്പിക്കുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com