ഇംഗ്ലണ്ടിനെതിരേ കെ.എൽ. രാഹുൽ വിക്കറ്റ് കീപ്പറാകില്ല

കെ.എസ്. ഭരത്, അല്ലെങ്കിൽ ധ്രുവ് ജുറൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകും. ടീമിന്‍റെ കോംബിനേഷൻ എങ്ങനെ?
കെ.എൽ. രാഹുൽ
കെ.എൽ. രാഹുൽ
Updated on

ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ കെ.എൽ. രാഹുൽ ആയിരിക്കില്ല ഇന്ത്യയുടെ വിക്കറ്റ് കീപ്പറെന്ന് മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്. കെ.എസ്. ഭരത്, ധ്രുവ് ജുറൽ എന്നീ സ്പെഷ്യലിസ്റ്റ് കീപ്പർമാരെ ടീമിൽ ഉൾപ്പെടുത്തിയതിൽനിന്നു തന്നെ ഇതു വ്യക്തമാണെന്നും ദ്രാവിഡ് ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തിൽ, വിരാട് കോലി കളിക്കാത്ത ആദ്യ രണ്ടു ടെസ്റ്റിലും പകരം ടീമിലെത്തുക ഒരു വിക്കറ്റ് കീപ്പറായിരിക്കുമെന്ന് ഉറപ്പായി. നാലാം നമ്പറിൽ ആര് ബാറ്റിങ്ങിനിറങ്ങും എന്നതു മാത്രമാണ് ഇനി അറിയാനുള്ളത്.

വിക്കറ്റ് കീപ്പർ എന്ന നിലയിൽ കെ.എൽ. രാഹുൽ ദക്ഷിണാഫ്രിക്കയിൽ മികച്ച പ്രകടനം തന്നെയാണ് നടത്തിയതെന്ന് ദ്രാവിഡ് പറഞ്ഞു. എന്നാൽ, അഞ്ച് ടെസ്റ്റുകളടങ്ങിയ ദീർഘമായ പരമ്പരയാണെന്നതും, നാട്ടിലെ കാലാവസ്ഥയും പിച്ചിന്‍റെ സാഹചര്യങ്ങളും കൂടി കണക്കിലെടുത്താണ് ഇംഗ്ലണ്ടിനെതിരേ രാഹുലിനെ കീപ്പറാക്കേണ്ടെന്നു തീരുമാനിച്ചതെന്നും ദ്രാവിഡ് വ്യക്തമാക്കി.

സ്പിന്നർമാർക്ക് മികച്ച ടേണും ബൗൺസും ലഭിക്കുന്ന ഇന്ത്യൻ പിച്ചുകളിൽ ആർ. അശ്വിനും രവീന്ദ്ര ജഡേജയ്ക്കും മറ്റും പരമാവധി ആനുകൂല്യം ലഭിക്കാൻ ഒരു സ്പെഷ്യലിസ്റ്റ് കീപ്പർ തന്നെ വിക്കറ്റിനു പിന്നിൽ വേണമെന്ന ആവശ്യം ശക്തമായ ഉയരുന്നതിനിടെയാണ് ദ്രാവിഡിന്‍റെ പ്രതികരണം.

അഞ്ച് ടെസ്റ്റ് കളിച്ചിട്ടുള്ള കെ.എസ്. ഭരതിനു തന്നെയാണ് മുൻതൂക്കം. ഇന്ത്യയിൽ നിലവിലുള്ള ഏറ്റവും മികച്ച വിക്കറ്റ് കീപ്പറായാണ് ഭരത് കരുതപ്പെടുന്നത്. കൂടുതൽ ആക്രമണോത്സുകമായി ബാറ്റ് ചെയ്യാനുള്ള ശേഷിയാണ് ധ്രുവ് ജുറലിനുള്ള ആനുകൂല്യം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com