

സ്വന്തം ലേഖകൻ
കൊച്ചി: അംബേദ്കര്‍ സ്റ്റേഡിയം നിലനില്‍ക്കുന്ന 8 ഏക്കര്‍ സ്ഥലത്ത് ലോകോത്തര നിലവാരത്തിലുള്ള സ്പോർട്ട്സ് സിറ്റി നിർമിക്കാൻ ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്‍റ് അഥോറിറ്റിയുടെ (ജിസിഡിഎ) പദ്ധതി.
ഫുട്ബോള്‍ കോര്‍ട്ട്, വോളിബാള്‍ കോര്‍ട്ട്, ബാസ്കറ്റ് ബോള്‍ കോര്‍ട്ട്, അമ്പെയ്ത്ത് കേന്ദ്രം, ക്രിക്കറ്റ് നെറ്റ്സ്, 200 മീറ്റര്‍ അത്ലറ്റിക് ട്രാക്ക്, ത്രോ ആന്‍ഡ് ഫീല്‍ഡ് ഈവന്‍റ്സ് നടത്തുന്ന സ്ഥലം, ടെന്നീസ്, ബാഡ്മിന്‍റണ്‍, വോളിബാള്‍ കോര്‍ട്ടുകള്‍, നീന്തല്‍കുളം, ജിംനേഷ്യം എന്നിവയടങ്ങിയ സ്പോര്‍ട്ട്സ് കോംപ്ലക്സ്, മെഡിക്കല്‍ റൂം, ഡോര്‍മിറ്ററി, കഫറ്റേരിയ, ഓഫീസ് റൂം എന്നിവയടങ്ങിയതായിരിക്കും സ്പോര്‍ട്ട്സ് സിറ്റി.
ഇതിനായി രണ്ടു കോടി രൂപയാണ് ജിസിഡിഎ ബജറ്റിൽ പ്രാഥമികമായി വകയിരുത്തിയിട്ടുള്ളത്.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ പോളിഎത്തിലീന്‍ ടൈല്‍സ് വിരിച്ച് സ്റ്റേഡിയം വാണിജ്യ ആവശ്യങ്ങള്‍ക്ക് വിട്ടുനല്‍കുന്ന പദ്ധതിക്ക് എട്ടു കോടി രൂപയും ചെലവ് പ്രതീക്ഷിക്കുന്നു. ടര്‍ഫിന് കേട് വരാത്ത രീതിയില്‍ ഉയര്‍ന്ന സാന്ദ്രതയുള്ള പോളിഎത്തിലീന്‍ ഉപയോഗിച്ച് നിര്‍മിച്ച യുവി സ്റ്റെബിലൈസര്‍ സംവിധാനമുള്ള ടര്‍ഫ് പ്രൊട്ടക്ഷന്‍ ടൈലുകളാണ് സ്ഥാപിക്കുക. ഇതോടെ അവാര്‍ഡ് ഷോകള്‍, സംഗീതക്കച്ചേരികള്‍, വലിയ പൊതുസമ്മേളനം തുടങ്ങിയ പരിപാടികൾക്ക് സ്റ്റേഡിയം വിട്ടുനല്‍കാനാകും.
ചെങ്ങമനാട് പഞ്ചായത്തില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയം വരുന്നതോടെ സമീപ പ്രദേശങ്ങളില്‍ വന്‍ വികസനത്തിന് വഴിതെളിയുമെന്നാണ് ജിസിഡിഎ പ്രതീക്ഷിക്കുന്നത്. ജിസിഡിഎ കണ്ടെത്തിയ ഭൂമിയിലാണ് ബിസിസിഐയുടെ സഹായത്തോടെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയവും സ്പോര്‍ട്സ് സിറ്റിയും നടപ്പിലാക്കുന്നത്. പദ്ധതി പ്രദേശത്ത് ചെങ്ങമനാട് പഞ്ചായത്തും ജിസിഡിഎയും ചേര്‍ന്ന് വിശദമായ നഗരാസൂത്രണ പദ്ധതി തയാറാക്കാനും തീരുമാനമായി.