

കൊച്ചി മെട്രൊ റെയിലിന്‍റെ കളർ ടോണിനോടു യോജിക്കുന്ന രീതിയിൽ മുൻപ് പെയിന്‍റടിച്ച കൊച്ചി കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം. ഇതിനു മുകളിലാണ് ഗ്രേയും ചുവപ്പും നിറം പൂശിയത്.
File photo
ജിബി സദാശിവൻ
കൊച്ചി: മെസി വരുന്നു എന്നു പറഞ്ഞ് വിശാല കൊച്ചി വികസന അഥോറിറ്റി (ജിസിഡിഎ) കരാർ പോലുമില്ലാതെ സ്വകാര്യ വ്യക്തിക്കു കൈമാറിയ കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ വിചിത്രമായ നവീകരണങ്ങൾ. എല്ലാം കുത്തിപ്പൊളിച്ചു പണിയുന്നതിനിടെ, സ്റ്റേഡിയത്തിനുള്ളിലെ നിറം സ്പോൺസർ ആരോടും ആലോചിക്കാതെ മാറ്റി.
ഏതാനും മാസം മുൻപ് 66 ലക്ഷം രൂപ ചെലവഴിച്ച് ജിസിഡിഎ പെയിന്‍റടിച്ച് ഭംഗിയാക്കിയതാണ്. ഫുട്ബോൾ താരം മെസിയെ കൊണ്ടുവരാമെന്നു പറയുന്ന സ്പോൺസർ ആരോടും ചോദിക്കാതെ അതിനു മുകളിൽ വേറെ നിറം അടിച്ചു. കൊച്ചി മെട്രൊ റെയിലിനോടു സമാനതകളുണ്ടായിരുന്ന ഇളം നീലയും പച്ചയും വെള്ളയും നിറമുള്ള സ്റ്റേഡിയത്തിലാണ് സ്പോൺസർ ഗ്രേയും ചുവപ്പും പൂശിയത്.
ഡ്യുറോലാക്സ് കമ്പനി അടിച്ച പെയ്ന്‍റിന് 5 വർഷത്തേക്കു ഡിഫക്റ്റ് ലയബിലിറ്റി പീരീഡ് (ഡിഎൽപി) വാറന്‍റി ഉണ്ടായിരുന്നു. എന്നാൽ, അതിനു പുറത്തു വേറെ പെയിന്‍റ് അടിച്ചതോടെ ഇനി ആ വാറന്‍റി അവകാശപ്പെടാനാവില്ലെന്ന് ജിസിഡിഎ സെക്രട്ടറിയെ എൻജിനീയറിങ് വിഭാഗം അറിയിച്ചു.
ഏറെ സമയമെടുത്താണ് പുതിയ പെയിന്‍റ് അടിച്ച് സ്റ്റേഡിയം മനോഹരമാക്കിയത്. 95 ശതമാനം ജോലി പൂർത്തിയായി. അതു പുരോഗമിക്കവേയാണ് അർജന്‍റീന - ഓസ്ട്രേലിയ സൗഹൃദ ഫുട്ബോൾ മത്സരത്തിന്‍റെ പേരിൽ സ്റ്റേഡിയം സ്പോൺസർക്ക് കൈമാറിയത്. തുടർന്നാണ് സ്പോൺസറുടെ തന്നിഷ്ടപ്രകാരം നിറം മാറ്റിയത്. സ്റ്റേഡിയത്തിനുള്ളിലെ കളർ ടോൺ തന്നെ മാറ്റിയെടുത്തു.
സ്പോൺസർ നടത്തിവരുന്ന സ്റ്റേഡിയം നവീകരണം പരിശോധിക്കാനെത്തിയ ജിസിഡിഎ എൻജിനീയറിങ് വിഭാഗമാണ് നിറം മാറ്റുന്നതു കണ്ടുപിടിച്ചത്. ഇവർ ഉടൻ സെക്രട്ടറിയെ അറിയിച്ചു. ഇതിലുള്ള എതിർപ്പ് വ്യക്തമാക്കിയാണ് സെക്രട്ടറിയെ എൻജിനീയറിങ് വിഭാഗം വിവരം ധരിപ്പിച്ചത്. പെയ്ന്‍റിങ്ങിൽ തകരാറുകളുണ്ടായാൽ ഡ്യൂറോലാക്സ് കമ്പനിയോട് അത് പരിഹരിക്കാൻ നിർദേശിക്കാനുള്ള അവസരം ഇല്ലാതായെന്ന് അവർ അറിയിച്ചു.
സ്റ്റേഡിയം പരിസരത്തെ മരങ്ങളൊക്കെ നേരത്തേ സ്പോൺസർ മുറിപ്പിച്ചിരുന്നു. മെസിയുടെ വരവുമായി ബന്ധപ്പെട്ട് കേരള ഫുട്ബോൾ അസോസിയേഷനുമായോ ജില്ലാ ഫുട്ബാൾ അസോസിയേഷനുമായോ ഇതുവരെ ഒരു കൂടിയാലോചനയും സർക്കാരോ സ്പോൺസറോ നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. എന്നാൽ, സ്റ്റേഡിയത്തിനുള്ളിൽ കസേരകൾ മാറ്റുന്നതും ടർഫ് പൊളിക്കുന്നതും അടക്കമുള്ള പണികൾ തുടരുകയാണ്.