സച്ചിനും കടന്ന് കോലി
ന്യൂഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ താരം വിരാട് കോലി. ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലായിരുന്നു കോലിയുടെ ഈ നേട്ടം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 25000 റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് കോലി സ്വന്തമാക്കിയത്.
ഇതിഹാസ താരം സച്ചിന് ടെന്‍ഡുല്‍ക്കറുടെ പേരില്‍ 577 ഇന്നിംഗ്സിലുണ്ടായിരുന്ന റെക്കോര്‍ഡ് തകര്‍ക്കാന്‍ കോലിക്ക് 549 ഇന്നിംഗ്സുകളേ വേണ്ടിവന്നുള്ളൂ. 588 ഇന്നിംഗ്സുകളില്‍ ക്ലബിലെത്തിയ ഓസീസ് ബാറ്റിംഗ് ഇതിഹാസം റിക്കി പോണ്ടിംഗാണ് മൂന്നാം സ്ഥാനത്ത്. പട്ടികയില്‍ പിന്നാലെയുള്ള ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക്ക് കാലിസിന് നേട്ടത്തിലെത്താന്‍ 594 ഉം ലങ്കന്‍ മുന്‍ താരങ്ങളായ കുമാര്‍ സംഗക്കാരയ്ക്ക് 608 ഉം മഹേള ജയവര്‍ധനെയ്ക്ക് 701 ഉം ഇന്നിംഗ്സുകള്‍ വേണ്ടിവന്നു. 25000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ ഡൽഹി ടെസ്റ്റില്‍ 52 റണ്‍സ് മാത്രമേ കോലിക്ക് വേണ്ടിയിരുന്നുള്ളൂ.
ഡല്‍ഹിയിലെ ആദ്യ ഇന്നിംഗ്സില്‍ 44 ഉം രണ്ടാം ഇന്നിംഗ്സില്‍ 20 ഉം റണ്‍സ് നേടിയതോടെ കോലി നേട്ടത്തിലെത്തി. രണ്ട് ഇന്നിങ്സുകളിലുമായി 64 റണ്‍സെടുത്തതോടെയാണ് കരിയറില്‍ 25000 റണ്‍സെന്ന നേട്ടത്തില്‍ താരമെത്തിയത്.