
വിരാട് കോലിയും ഗൗതം ഗംഭീറും
File photo
ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ടെസ്റ്റ് റിട്ടയർമെന്‍റിനു പിന്നിൽ കോച്ച് ഗൗതം ഗംഭീറിന്‍റെ പങ്ക് കൂടുതൽ വ്യക്തമാകുന്നു. പ്രത്യക്ഷമായല്ലെങ്കിൽ പരോക്ഷമായെങ്കിലും ഗംഭീറിന്‍റെ രീതികൾ കോലിയുടെ വിരമിക്കലിനു കാരണമായിട്ടുണ്ടെന്നാണ് വിവരം. മുൻപ് അനിൽ കുംബ്ലെ ഇന്ത്യൻ പരിശീലക സ്ഥാനമൊഴിഞ്ഞത് അന്നു ക്യാപ്റ്റനായിരുന്ന കോലിയുമായുള്ള ഉരസലിന്‍റെ പേരിലായിരുന്നു. എന്നാൽ, ഇപ്പോൾ കോലിയെ പിന്തുണച്ച് കുംബ്ലെയും രംഗത്തെത്തിയിട്ടുണ്ട്. ആർ. അശ്വിൻ, രോഹിത് ശർമ, വിരാട് കോലി എന്നിവർ വിരമിക്കൽ മത്സരം അർഹിച്ചിരുന്നു എന്നാണ് കുംബ്ലെ അഭിപ്രായപ്പെട്ടത്.
രവി ശാസ്ത്രിയോ രാഹുൽ ദ്രാവിഡോ പരിശീലകരായിരുന്ന സമയത്ത് ടീമിൽ കിട്ടിയിരുന്ന സ്വാതന്ത്ര്യം തനിക്ക് ഗംഭീറിനു കീഴിൽ കിട്ടുന്നില്ലെന്ന തോന്നൽ കോലിക്കുണ്ടായിരുന്നു എന്നാണ് ടീമിനോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. രോഹിത് ശർമ വിരമിച്ച സാഹചര്യത്തിൽ, ടീമിലെ തലമുറ മാറ്റത്തിനു ചുക്കാൻ പിടിക്കാൻ കോലി ആഗ്രഹിച്ചിരുന്നു. താത്കാലിക ക്യാപ്റ്റൻ എന്ന നിലയിൽ പുതിയൊരു വെല്ലുവിളി ഏറ്റെടുക്കുന്നത് തന്‍റെ ഗെയിമിനെയും മെച്ചപ്പെടുത്തുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിശ്വാസം.
എന്നാൽ, താത്കാലിക ക്യാപ്റ്റൻ എന്ന ആശയത്തോട് ഗംഭീറും സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും ബിസിസിഐയും യോജിച്ചില്ല. യുവതാരമായിരിക്കും പുതിയ ക്യാപ്റ്റൻ എന്നു വ്യക്തമായതോടെ കോലി ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കുക എന്ന തീരുമാനത്തിലേക്ക് എത്തിച്ചേരുകയായിരുന്നു. ഗംഭീർ കോച്ചായ ശേഷം ടീമിന്‍റെ ഡ്രസിങ് റൂം അന്തരീക്ഷത്തിൽ വന്ന മാറ്റത്തോടു കോലിക്കു പൊരുത്തപ്പെടാൻ സാധിച്ചിരുന്നില്ല. ഗംഭീർ ചുമതലയേൽക്കും മുൻപും ഇരുവരും തമ്മിൽ അത്ര രസത്തിലായിരുന്നില്ല.
മൂന്നു വർഷത്തോളമായി 32 റൺസ് മാത്രമാണ് കോലിയുടെ ബാറ്റിങ് ശരാശരി. ഇങ്ങനെയൊരു സാഹചര്യത്തിൽ, ക്യാപ്റ്റൻസി പോലൊരു വെല്ലുവിളി മുന്നിൽ ഇല്ലെങ്കിൽ കളി തുടരുന്നതിൽ അർഥമില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്.
അടുത്ത സുഹൃത്തും ഇന്ത്യൻ ടീമിന്‍റെ മുൻ പരിശീലകനുമായ രവി ശാസ്ത്രിയുമായി സംസാരിച്ച ശേഷമാണ് കോലി വിരമിക്കൽ തീരുമാനം അന്തിമമായി പ്രഖ്യാപിച്ചതെന്നാണ് സൂചന. ബിസിസിഐ മുൻ സെക്രട്ടറി ജയ് ഷായുമായും ചർച്ച നടത്തിയിരുന്നു. ബിസിസിഐ ഉന്നതനായ രാജീവ് ശുക്ലയുമായും കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും, ഇന്ത്യ - പാക്കിസ്ഥാൻ സംഘർഷം കാരണം അതു നടന്നില്ല. വിരമിക്കൽ സാധ്യതയെക്കുറിച്ച് അഗാർക്കറുമായി രണ്ടു വട്ടമെങ്കിലും കോലി ടെലിഫോണിൽ സംസാരിച്ചിരുന്നു.