

ട്രാവിസ് ഹെഡിന് കൈകൊടുക്കാതെ പോകുന്ന കോലി, ജസീക
റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തിൽ വിരാട് കോലിയും ട്രാവിസ് ഹെഡും കൊമ്പുകോർത്തത് വലിയ വാർത്തയായിരുന്നു. മത്സരശേഷം ട്രാവിസിന് കോലി കൈ കൊടുക്കാതെ പോകുന്നതിന്‍റെ വിഡിയോയും വലിയ രീതിയിൽ വൈറലായി. പിന്നാലെ ട്രാവിസ് ഹെഡിന്‍റെ ഭാര്യയ്ക്ക് നേരെ തിരിഞ്ഞിരിക്കുകയാണ് കോലി ആരാധകർ.
സോഷ്യൽ മീഡിയയിലൂടെ വലിയ അധിക്ഷേപത്തിനാണ് ട്രാവിസ് ഹെഡിന്‍റെ ഭാര്യ ജസീക ഇരയാവുന്നത്. എന്നാൽ ഇത് ആദ്യമായല്ല ജസീക്കയ്ക്ക് നേരെ ഇത്തരത്തിലുള്ള ആക്രമണം നടക്കുന്നത് 2023ൽ ഏകദിന ലോകകപ്പ് ഫൈനലിൽ രോഹിത് ശർമയെ ട്രാവിസ് ക്യാച്ച് പിടിച്ച് പുറത്താക്കിയതിന്‍റെ പേരിലും ഇന്ത്യൻ ആരാധകരിൽ നിന്ന് അവർക്ക് മോശം അനുഭവമുണ്ടായിട്ടുണ്ട്. ലോകകപ്പ് സമയത്തേതിനു സമാനമായാണ് ഇപ്പോൾ തനിക്ക് നേരെ നടക്കുന്ന ആക്രമണം എന്നാണ് ജസീക്ക പറയുന്നത്.
നിലവിൽ എല്ലാ കായിക വിനോദങ്ങളിലും മാനസികാരോഗ്യം, കാഴ്ചപ്പാട്, നമ്മൾ പരസ്പരം സംസാരിക്കുന്ന രീതി എന്നിവയെക്കുറിച്ച് ഒരു ചർച്ച ആവശ്യമാണെന്ന് ഞാൻ കരുതുന്നു. അഭിനിവേശം എപ്പോഴും കായികരംഗത്തിന്റെ ഭാഗമായിരിക്കും, എന്നാൽ കളിക്ക് പിന്നിൽ യഥാർഥ മനുഷ്യരും കുടുംബങ്ങളുമുണ്ടെന്ന് ഓർക്കുന്നതും അതുപോലെ പ്രധാനമാണ്. - അവർ കൂട്ടിച്ചേർത്തു.
മേയ് 22 ന് നടന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരു- സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിനിടെ മൈതാനത്തുവച്ച് കോലിയും ട്രാവിസും ഏറ്റുമുട്ടിയിരുന്നു. കളിയിൽ 55 റൺസിന് ആർസിബി പരാജയപ്പെടുകയും ചെയ്തു. എന്നാൽ കളിക്ക് ശേഷം കോലി ട്രാവിസിനെ ഒഴിവാക്കുന്നതാണ് കണ്ടത്. ട്രാവിസിന് കൈ കൊടുക്കാതെ നടന്നു നീങ്ങുന്ന കോലിയുടെ വിഡിയോ വലിയ രീതിയിൽ വൈറലായിരുന്നു.