കെസിഎൽ: കൊല്ലം സെയിലേഴ്സ് സെമിയിൽ

ആലപ്പി റിപ്പിൾസിനെതിരെ നാല് വിക്കറ്റ് വിജയം, എ.ജി. അമൽ, വിഷ്ണു വിനോദ് തിളങ്ങി
കെസിഎൽ: കൊല്ലം സെയിലേഴ്സ്  സെമിയിൽ | Kollam sailors in KCL semi final

കൊല്ലത്തിനു വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തിയ എ.ജി. അമൽ പ്ലെയർ ഓഫ് ദി മാച്ച്.

Updated on

തിരുവനന്തപുരം: ആലപ്പി റിപ്പിൾസിനെ നാല് വിക്കറ്റിന് തോൽപ്പിച്ച് കൊല്ലം സെയിലേഴ്സ് കെസിഎല്ലിന്‍റെ സെമി ഫൈനലിൽ കടന്നു. തോൽവിയോടെ ആലപ്പി റിപ്പിൾസ് ടൂർണമെന്‍റിൽ നിന്ന് പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിൾസ് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലം മൂന്നോവർ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി. കൊല്ലത്തിനു വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തിയ എ.ജി. അമലാണ് പ്ലെയർ ഓഫ് ദി മാച്ച്.

ആദ്യം ബാറ്റ് ചെയ്ത ആലപ്പിക്കു വേണ്ടി ജലജ് സക്സേനയും എ.കെ. ആകർഷും ചേർന്നാണ് ഇന്നിങ്സ് തുറന്നത്. ആകർഷ് തകർത്തടിച്ചപ്പോൾ ആദ്യ ഓവറുകളിൽ ആലപ്പിയുടെ ഇന്നിങ്സ് അതിവേഗം മുന്നോട്ടു നീങ്ങി. എട്ട് റൺസെടുത്ത ജലജ് സക്സേന തുടക്കത്തിൽ തന്നെ മടങ്ങി. തുടർന്നെത്തിയ ആകാശ് പിള്ളയ്ക്കൊപ്പം ചേർന്ന് ആകർഷ് ഇന്നിങ്സ് മുന്നോട്ടു നീക്കി.

<div class="paragraphs"><p><em>വിഷ്ണു വിനോദ്.</em></p></div>

വിഷ്ണു വിനോദ്.

എട്ടാം ഓവറിൽ സച്ചിൻ ബേബിയുടെ പന്തിൽ ആകർഷ് പുറത്തായത് ആലപ്പിക്കു തിരിച്ചടിയായി. പിന്നീടെത്തിവർക്ക് മികച്ച റൺറേറ്റ് നിലനിർത്താനായില്ല. ആകാശ് പിള്ളയും അനൂജ് ജോതിനും 33 റൺസ് വീതം നേടി. തുടർന്നെത്തിയവരിൽ ആർക്കും രണ്ടക്കം പോലും കടക്കാൻ കഴിഞ്ഞില്ല. മൂന്നോവറിൽ 22 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ എ.ജി. അമലാണ് കൊല്ലം ബൗളിങ് നിരയിൽ തിളങ്ങിയത്. പവൻ രാജ് മൂന്നോവറിൽ 13 റൺസ് വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലത്തിന് ഓപ്പണർ ഭരത് സൂര്യയുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. നാല് റൺസെടുത്ത സച്ചിൻ ബേബി റണ്ണൗട്ടായി. 25 റൺസെടുത്ത അഭിഷേക് ജെ. നായർ കൂടി പുറത്തായത് കൊല്ലം സെയിലേഴ്സിനെ സമ്മർദത്തിലാക്കി.

എന്നാൽ, 14 പന്തിൽ ഒരു ഫോറും അഞ്ച് സിക്സുമടക്കം 39 റൺസെടുത്ത വിഷ്ണു വിനോദിന്‍റെ ഇന്നിങ്സ് മത്സരം കൊല്ലത്തിന് അനുകൂലമാക്കി. രാഹുൽ ശർമ 27 റൺസെടുത്തു. ഷറഫുദ്ദീൻ 13 റൺസുമായി പുറത്താകാതെ നിന്നു. ആലപ്പിക്കു വേണ്ടി ആദി അഭിലാഷ് നാല് വിക്കറ്റ് വീഴ്ത്തി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com