

ക്രാന്തി ഗൗഡ്.
ഭോപ്പാൽ: വനിതാ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായ പേസ് ബൗളർ ക്രാന്തി ഗൗഡിന്‍റെ അച്ഛന് പൊലീസ് ജോലി തിരിച്ചുകിട്ടും. മധ്യ പ്രദേശ് പൊലീസ് സേനയിൽ നിന്ന് 2012ലാണ് മുന്ന സിങ് ഗൗഡിനെ പിരിച്ചുവിട്ടത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലെ കൃത്യവിലോപം ആരോപിച്ചായിരുന്നു നടപടി. അതിനു ശേഷം കുടുംബം നേരിട്ട കഷ്ടപ്പാടുകളെക്കുറിച്ച് ക്രാന്തി ഗൗഡ് ഒരു അഭിമുഖത്തിൽ വിശദീകരിച്ചിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് മധ്യ പ്രദേശ് സർക്കാരിന്‍റെ നടപടി.
ക്രാന്തി ഗൗഡിനെ ആദരിക്കാൻ മധ്യപ്രദേശ് സർക്കാർ ഭോപ്പാലിൽ സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി മോഹൻ യാദവാണ് പ്രഖ്യാപനം നടത്തിയത്. രാജ്യത്തിന്‍റെയും സംസ്ഥാനത്തിന്‍റെയും അഭിമാനമുയർത്തിയ കായികതാരമാണ് ക്രാന്തി. അവളുടെ അച്ഛന്‍റെ അന്തസ് പുനസ്ഥാപിക്കുന്നതാണ് ശരിയെന്നു മുഖ്യമന്ത്രി പറഞ്ഞു.
അച്ഛൻ വീണ്ടും പൊലീസ് യൂണിഫോം അണിഞ്ഞു കാണണമെന്നും, അദ്ദേഹം അന്തസോടെ വിരമിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ക്രാന്തി ഗൗഡ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ദിവസം ഒരു നേരം ഭക്ഷണം കഴിക്കാൻ കഴിയാത്ത സാഹചര്യം തന്‍റെ കുടുംബത്തിനുണ്ടായിരുന്നു എന്നും, അയൽക്കാരാണ് ഭക്ഷണം തന്നിരുന്നതെന്നും ക്രാന്തി പറഞ്ഞിരുന്നു.
പ്രാദേശിക കായിക പ്രതിഭകളെ വളർത്തിയെടുക്കാൻ ക്രാന്തി ഗൗഡിന്‍റെ നാടായ ഛത്തർപുരിൽ ലോകനിലവാരമുള്ള സ്റ്റേഡിയം നിർമിക്കുമെന്നും ആദരിക്കൽ ചടങ്ങിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഗോത്രാഭിമാന ദിവസമായ നവംബർ 15ന് ക്രാന്തിയെ അഭിനന്ദിക്കാൻ ഗംഭീരമായ പൊതുപരിപാടി സംഘടിപ്പിക്കാനും തീരുമാനമായി. ക്രാന്തിയുടെ മാതാപിതാക്കളെയും കോച്ചിനെയും ചടങ്ങിൽ സ്പോർട്സ് മന്ത്രി വിശ്വാസ് സാരംഗ് ആദരിച്ചു.
ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ സെമി ഫൈനൽ മത്സരത്തിനു മുൻപ് നാല് മാസം പ്രായമായ ഒരു പെൺകുട്ടി ഇന്ത്യൻ ടീമിനാകെ പ്രചോദനമായ കഥയും ക്രാന്തി ഗൗഡ് ചടങ്ങിൽ വിവരിച്ചു. മത്സരത്തലേന്ന് ക്ഷേത്ര ദർശനത്തിനു പോയ ടീമംഗങ്ങൾ അവിടെ ഒരു സ്ത്രീയെ പരിചയപ്പെട്ടു. നാലു മാസം പ്രായമുള്ള തന്‍റെ മകളെ ക്രിക്കറ്റാക്കി വളർത്തണമെന്ന ആഗ്രഹം അവർ പങ്കുവച്ചു. ഓസ്ട്രേലിയക്കെതിരായ കടുത്ത മത്സരത്തിൽ ടീമിനെയാകെ പ്രചോദിപ്പിച്ചത് ആ അമ്മയുടെ ആഗ്രഹമായിരുന്നു എന്നും ക്രാന്തി വിശദീകരിച്ചു.