'അഭിഷേക് ശർമയുടെ ഫോമിൽ ആശങ്ക'; സഞ്ജുവിനോടുള്ള അവഗണനയിൽ പ്രതികരണവുമായി മുൻ ഇന്ത‍്യൻ താരം

മുൻ ഇന്ത‍്യൻ സെലക്റ്ററും താരവുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്താണ് തന്‍റെ യൂട‍്യൂബ് ചാനലിൽ ചോദ‍്യങ്ങൾ ഉയർത്തിയത്
kris sreekanth concerned about abhishek sharma form in recent t20 series against zimbabwe

അഭിഷേക് ശർമ, സഞ്ജു സാംസൺ

Updated on

ന‍്യൂഡൽഹി: സിംബാബ്‌വെയ്ക്കെതിരായ ടി20 പരമ്പരയിൽ മോശം പ്രകടനം കാഴ്ചവച്ച വെടിക്കെട്ട് ഓപ്പണർ അഭിഷേക് ശർമയുടെ ഫോമിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ ഇന്ത‍്യൻ സെലക്റ്ററും താരവുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. അഭിഷേക് ഇതിന് ഒരു പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും തുടക്കത്തിൽ പതുക്കെ ബാറ്റേന്തിയാൽ‌ പിന്നീട് അദ്ദേഹത്തിന് സ്കോർ കണ്ടെത്താനാകുമെന്നുമാണ് ശ്രീകാന്ത് പറയുന്നത്.

അഭിഷേകിന്‍റെ ഫോമിൽ‌ തനിക്ക് ആശങ്കയുണ്ടെന്നും അദ്ദേഹത്തിന് എന്താണ് സംഭവിക്കുന്നതെന്ന് തനിക്കറിയില്ലെന്നും അഭിഷേക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ശ്രീകാന്ത് പറഞ്ഞു.

സ്കോർ കണ്ടെത്താൻ അഭിഷേക് വേറെ വഴി കണ്ടെത്തണം. അൽപ്പസമയം 100 സ്ട്രൈക്ക് റേറ്റിൽ കളിച്ച് വിക്കറ്റ് വലിച്ചെറിയുന്നതിനു പകരം അത് 200ൽ എത്തിക്കണമെന്നും ശ്രീകാന്ത് അഭിപ്രായപ്പെട്ടു. തന്‍റെ യ‍ൂട‍്യൂബ് ചാനലിലാണ് ശ്രീകാന്ത് ഇക്കാര‍്യങ്ങൾ തുറന്നു പറഞ്ഞത്.

അന്താരാഷ്ട്ര തലത്തിൽ ലോകകപ്പ് മുതൽ അദ്ദേഹത്തിന്‍റെ പ്രകടനം അത്ര മികച്ചതല്ലെന്നും കുറച്ച് മത്സരങ്ങൾ മാത്രമാണ് തിളങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മലയാളി താരം സഞ്ജു സാംസൺ ലോകകപ്പിലെ താരമായിരുന്നുവെന്നും അഭിഷേകിന് ഇതുപോലുള്ള അവസരങ്ങൾ ലഭിക്കുമ്പോൾ സഞ്ജുവിന് ലഭിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. അത് വലിയൊരു ചോദ‍്യമാണ്. എന്തുകൊണ്ട് ഇത് ഒരു താരത്തിന് മാത്രം സംഭവിക്കുന്നു? ശ്രീകാന്ത് ചോദിച്ചു.

സിംബാബ്‌വെയ്ക്കെതിരായ ആദ‍്യ 2 മത്സരങ്ങളിൽ നിന്നും 9 റൺസ് മാത്രമാണ് അഭിഷേകിന് നേടാൻ സാധിച്ചത്. അതേസമയം, ലോകകപ്പിലെ മികച്ച താരമായിരുന്ന സഞ്ജുവിനെ മൂന്ന് മത്സരങ്ങൾ മോശം പ്രകടനം കാഴ്ചവച്ചതിന്‍റെ പേരിലാണ് സെലക്റ്റർമാർ പ്ലെയിങ് ഇലവനിൽ നിന്നും പുറത്താക്കിയത്. പിന്നീട് ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20യിൽ അവസരം നൽകിയെങ്കിലും സിംബാബ്‌വെയ്ക്കെതിരായ ടീമിലേക്ക് പരിഗണിച്ചില്ല.

logo
Metro Vaartha
www.metrovaartha.com