കുൽദീപ് യാദവ് 2.0: ഇന്ത്യൻ ടീമിന്‍റെ പുതിയ വിശ്വസ്തൻ

ആർ. അശ്വിനും യുസ്‌വേന്ദ്ര ചഹലിനും വാഷിങ്ടൺ സുന്ദറിനും ഇടമില്ലാത്ത ടീമിൽ കുൽദീപ് യാദവ് ഓട്ടോമാറ്റിക് ചോയിസാകുന്നതിൽ അദ്ഭുതം തീരെയില്ല
Kuldeep Yadav
Kuldeep Yadav

സ്പോർട്സ് ലേഖകൻ

ക്വാളിറ്റി സ്പിൻ ബൗളർമാർക്ക് ഒരുകാലത്തും പഞ്ഞമുണ്ടായിട്ടില്ലാത്ത ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇപ്പോഴുള്ള ഏക സ്പെഷ്യലിസ്റ്റ് സ്പിന്നർ, കുൽദീപ് യാദവ്. ലോകകപ്പ് കളിക്കാനുള്ള ടീമിൽ സ്പിന്നർമാരായ രവീന്ദ്ര ജഡേജയും അക്ഷർ പട്ടേലും കൂടിയുണ്ടെങ്കിലും ഇരുവരുടെയും സ്ഥാനം ബാറ്റ് ചെയ്യാൻ സാധിക്കുന്ന ബൗളർമാർ, അല്ലെങ്കിൽ ഓൾറൗണ്ടർമാർ എന്ന നിലയിൽ തന്നെയാണ്. എന്നിട്ടും, ആർ. അശ്വിനും യുസ്‌വേന്ദ്ര ചഹലിനും വാഷിങ്ടൺ സുന്ദറിനും ഇടമില്ലാത്ത ടീമിൽ കുൽദീപ് യാദവ് ഓട്ടോമാറ്റിക് ചോയിസാകുന്നതിൽ അദ്ഭുതം തീരെയില്ല.

2021ന്‍റെ അവസാനം അന്താരാഷ്‌ട്ര കരിയർ തന്നെ അനിശ്ചിതത്വത്തിലായ ഒരു ഘട്ടത്തിൽ നിന്നാണ് കുൽദീപിന്‍റെ ഈ അവിശ്വസനീയ തിരിച്ചുവരവ്. വിക്കറ്റിനു പിന്നിൽ നിന്നു നിർദേശം നൽകാൻ എം.എസ്. ധോണി ഇല്ലാതായതോടെ കുൽദീപിന് ഇന്ത്യൻ ടീമിലെ ഇടം തന്നെ നഷ്ടപ്പെട്ടു. കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒരു ഐപിഎൽ സീസണിൽ മുഴുവനായി റിസർവെ ബെഞ്ചിലിരുത്തി.

എന്നാൽ, കഴിഞ്ഞ വർഷം മുതൽ കാണാനാവുന്നത് പുതിയൊരു കുൽദീപ് യാദവിനെയാണ്, കുൽദീപ് യാദവിന്‍റെ 2.0 വെർഷൻ! ഈ വർഷം കുൽദീപ് കളിച്ചത് 13 ഏകദിന മത്സരങ്ങളാണ്, നേടിയത് 23 വിക്കറ്റും; ഇന്ത്യൻ ബൗളർമാരിൽ ഏറ്റവും മുന്നിൽ.

അവിശ്വസനീയമായ ഈ മാറ്റത്തിനു പിന്നിലുള്ള കാരണം ചോദിക്കുന്നവരോട് കുൽദീപിന്‍റെ ബാല്യകാല പരിശീലകൻ കപിൽ പാണ്ഡെ ഒറ്റ വാക്കിൽ മറുപടി പറയും, ''നിശ്ചയദാർഢ്യം''.

''ഇന്ത്യൻ ടീമിന്‍റെ കാര്യം പോട്ടെ, കെകെആർ പോലും അവനെ തഴഞ്ഞു. ഹൃദയം തകർന്ന അവസ്ഥയിലായിരുന്നു അവൻ. കഴിവുകൾ തേച്ചുമിനുക്കി സ്വയം മെച്ചപ്പെട്ടുകൊണ്ടിരിക്കുക എന്നത് ഒരു സ്പിന്നറെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമാണ്'', പാണ്ഡെ കൂട്ടിച്ചേർക്കുന്നു.

''പക്ഷേ, അവൻ വിട്ടുകൊടുക്കാൻ തയാറാല്ലായിരുന്നു. എനിക്കൊപ്പം ദീർഘനേരം നെറ്റ്സിൽ ചെലവഴിച്ചു. ഡെലിവറി സ്പീഡ് ഉൾപ്പെടെ പല കാര്യങ്ങളിലും മാറ്റം വരുത്തി'', അദ്ദേഹം പറയുന്നു.

മുൻ ഇന്ത്യൻ താരം സുനിൽ ജോഷിയുടെ സാന്നിധ്യവും സഹായകമായി. നാഷണൽ ക്രിക്കറ്റ് അക്കാഡമിൽ ജോഷിയാണ് കുൽദീപിനു പാഠങ്ങൾ പകർന്നു നൽകിയത്. നേരത്തെ, പ്രകടനം മോശമായതു കാരണം കുൽദീപിനെ ഇന്ത്യൻ ടീമിൽ നിന്നു പുറത്താക്കിയ സെലക്ഷൻ കമ്മിറ്റിയിൽ ജോഷിയും അംഗമായിരുന്നു. കഴിവുറ്റ ഒരു ബൗളറുടെ പ്രതിഭ അങ്ങനെ പാഴായിപ്പോകുന്നത് സുഖമുള്ള കാഴ്ചയായിരുന്നില്ലെന്നും ജോഷി പറയുന്നു.

ആ സമയത്ത് കുൽദീപിന്‍റെ ആത്മവിശ്വാസം തകർന്നിരുന്നു. ബൗളിങ് രീതിയിൽ ചില മാറ്റങ്ങളും അനിവാര്യമായിരുന്നു. പക്ഷേ, എൻസിഎ നെറ്റ്സിലെ അധ്വാനം ഫലം ചെയ്തു. ബൗളിങ് സ്ട്രൈഡ് കുറയ്ക്കുക, കൈയുടെ വേഗം കൂട്ടുക, ക്രീസിലേക്കുള്ള ചുവടുകളിൽ മാറ്റം വരുത്തുക തുടങ്ങിയവയാണ് അവിടെ ചെയ്തത്.

ഐപിഎല്ലിൽ കെകെആരിൽ നിന്ന് ഡൽഹി ക്യാപ്പിറ്റൽസിലേക്കുള്ള മാറ്റവും കുൽദീപിന്‍റെ തിരിച്ചുവരവിനു സഹായകമായി. അവിടെ മുഖ്യ പരിശീലകൻ റിക്കി പോണ്ടിങ് നല്ല പിന്തുണ നൽകി.

ലോകകപ്പിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ പ്രധാന ആയുധം കുൽദീപ് യാദവ് ആയിരിക്കുമെന്നാണ് സുനിൽ ജോഷി ഉറപ്പിച്ചു പറയുന്നത്. ജഡേജയെയും അക്ഷറിനെയും പോലുള്ള ബൗളർമാർ റണ്ണൊഴുക്ക് തടഞ്ഞ് സമ്മർദം വർധിപ്പിച്ചാണ് വിക്കറ്റെടുക്കുന്നത്. കുൽദീപിന് അങ്ങനെയല്ലാതെ തന്നെ ബാറ്റർമാരെ പുറത്താക്കാനുള്ള സ്വാഭാവിക ശേഷിയുണ്ടെന്നും ജോഷി ചൂണ്ടിക്കാട്ടുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com