
കുൽദീപ് യാദവും രോഹിത് ശർമയും
ഫയൽ ഫോട്ടൊ
ലണ്ടൻ: ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ വിരമിച്ചിട്ട് അധികനാളായിട്ടില്ല. രോഹിത് ടെസ്റ്റിനോട് വിടപറഞ്ഞതോടെ യുവ ബാറ്റർ ശുഭ്മൻ ഗിൽ ടീമിന്‍റെ നായകനുമായി. എന്നാൽ ടീം ബസിൽ രോഹിതിന്‍റെ സീറ്റിന്‍റെ പുതിയ അവകാശി ഗിൽ അല്ല. അതു സ്പിന്നർ കുൽദീപ് യാദവാണ്. താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇന്ത്യൻ ടീമിന്‍റെ ബസിൽ രവീന്ദ്ര ജഡേജയ്ക്ക് തൊട്ട് അരുകിലാണ് ഞാൻ ഇരിക്കുന്നത്. അതായത് രോഹിത് ശർമ ഇരുന്ന സീറ്റിൽ. എന്നാൽ ടീമിൽ രോഹിത് ഭായിയുടെ സ്ഥാനം എനിക്ക് ഒരിക്കലും സ്വന്തമാക്കാനാവില്ല- കുൽദീപ് പറഞ്ഞു.
ശരിക്കു പറഞ്ഞാൽ ജഡേജയോടൊപ്പം ഒരുപാട് സമയം ഞാൻ ചെലവിടുന്നു, കളത്തിന് അകത്തും പുറത്തും. തന്ത്രങ്ങളുടെയും ഫീൽഡർമാരെ സെറ്റു ചെയ്യുന്നതിന്‍റെയും കാര്യത്തിൽ അതെന്നെ ഒരുപാട് സഹായിക്കുന്നു. ചില ടിപ്സുകളും അദ്ദേഹം എനിക്ക് തരുന്നുണ്ട്.
ജഡ്ഡു ഭായിക്കൊപ്പം സമയം ചെലവിടുകയെന്നത് സ്പിന്നർ എന്ന നിലയിൽ എനിക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കാരണം അശ്വിൻ ഭായി ഇപ്പോൾ ഒപ്പമില്ല. അശ്വിൻ ഭായിയിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു. ഇപ്പോൾ ടീമിലെ മറ്റൊരു സീനിയർ താരത്തിൽ നിന്ന് കാര്യങ്ങൾ മനസിലാക്കാനാണ് ശ്രമമെന്നും കുൽദീപ് കൂട്ടിച്ചേർത്തു.