
പ്രത്യേക ലേഖകൻ
മലയാളി താരം സഞ്ജു സാംസണെ സംബന്ധിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടമുറപ്പിക്കാനുള്ള അവസാന അവസരമാണ് വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഏകദിന ടീമിലേക്കുള്ള തെരഞ്ഞെടുപ്പ് എന്നു പറയാം. ട്വന്‍റി20 ക്രിക്കറ്റിലെ പ്രകടനങ്ങൾ ടെസ്റ്റ് ടീം തെരഞ്ഞെടുപ്പിനെപ്പോലും സ്വാധീനിച്ചു തുടങ്ങിയ കാലത്ത്, ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ ശരാശരി പ്രകടനം മാത്രം കാഴ്ചവച്ചിട്ടും ദേശീയ ടീമിലേക്കു വിളി വന്നത് ഭാഗ്യത്തിന്‍റെ കൂടി അകമ്പടിയോടെയാണ്. ഇതുവരെ കിട്ടിയ അവസരങ്ങളിൽ സഞ്ജുവിന് ഇല്ലാതെ പോയതും ഇതേ ഭാഗ്യത്തിന്‍റെ ആനുകൂല്യമായിരുന്നു.
ഋഷഭ് പന്തും ശ്രേയസ് അയ്യരും കെ.എൽ. രാഹുലും പരുക്ക് കാരണം വിട്ടുനിൽക്കുന്നതാണ് ഇന്ത്യൻ മധ്യനിരയിൽ വലിയൊരു വിടവുണ്ടാക്കിയത്. വിക്കറ്റ് കീപ്പറായി ഇഷാൻ കിഷൻ കൂടി ടീമിലുണ്ടെങ്കിലും, സെപ്ഷ്യലിസ്റ്റ് ബാറ്റർ എന്ന നിലയിലും സഞ്ജു ഫൈനൽ ഇലവനിലേക്കു പരിഗണിക്കപ്പെടാം. ഏകദിന ക്രിക്കറ്റിൽ സൂര്യകുമാർ യാദവിന്‍റെ പരിമിതികൾ ഇതിനകം വ്യക്തമായിക്കഴിഞ്ഞ സാഹചര്യത്തിൽ, ശരാശരിക്കു മുകളിലുള്ള പ്രകടനത്തിലൂടെ സഞ്ജുവിന് ചുരുങ്ങിയ പക്ഷം ഏഷ്യ കപ്പിനുള്ള ടീമിലെങ്കിലും ഇടമുറപ്പിക്കാൻ കഴിയും. അവിടെ തിളങ്ങിയാൽ ലോകകപ്പ് ടീമിലും.
പൊതുവേ ടോപ്പ് ഓർഡറിൽ മാത്രം പരിഗണിക്കപ്പെടുന്ന ഇഷാൻ കിഷനു മേൽ, മിഡിൽ ഓവറുകളിലും ആഞ്ഞടിക്കാനുള്ള ശേഷി സഞ്ജുവിന് ആനുകൂല്യം നൽകുന്നു; വിശേഷിച്ച് മിഡിൽ ഓർഡറിലും ലോവർ മിഡിൽ ഓർഡറിലുമാണ് ഇന്ത്യയ്ക്ക് ഇപ്പോൾ ഫയർ പവർ കുറവുള്ളതെന്ന വസ്തുത കൂടി കണക്കിലെടുക്കുമ്പോൾ.
രോഹിത് ശർമയും ശുഭ്‌മാൻ ഗില്ലും വിരാട് കോലിയും ആദ്യ മൂന്നു ബാറ്റിങ് സ്ലോട്ടുകൾ സീൽ ചെയ്യുമ്പോൾ അതിനു താഴേക്ക് അനിശ്ചിതത്വം തന്നെയാണ്. റിസർവ് ഓപ്പണർ എന്ന നിലയിൽ കിഷൻ, ഇപ്പോൾ മികച്ച ഫോമിലുള്ള ഋതുരാജ് ഗെയ്‌ക്ക്‌വാദിനോടു കൂടിയാണ് മത്സരിക്കേണ്ടത്. ഇക്കഴിഞ്ഞ ഐപിഎൽ സഞ്ജുവിനെന്നതുപോലെ കിഷനും അത്ര മെച്ചമായിരുന്നില്ല.
മൂന്ന് ഏകദിന മത്സരങ്ങളാണ് വിൻഡീസിനെതിരേ ഇന്ത്യയ്ക്ക് കളിക്കാനുള്ളത്. പ്രോപ്പർ മിഡിൽ ഓർഡർ ബാറ്റർമാരായി ടീമിലുള്ളത് സൂര്യയും സഞ്ജുവും മാത്രം. ഓൾറൗണ്ടർമാരായ ഹാർദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും അക്ഷർ പട്ടേലും ശാർദൂൽ ഠാക്കൂറും ഉൾപ്പെടെ പത്തു ബൗളർമാരാണ് ടീമിൽ. ഈ സാഹചര്യത്തിൽ ടീം മാനെജ്‌മെന്‍റിന്‍റെ കൂടി പിന്തുണയുണ്ടെങ്കിൽ സുവർണാവസരമാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്. നാലാം നമ്പറിൽ സൂര്യയ്ക്കും അഞ്ചാം നമ്പറിൽ സഞ്ജുവിനും തുടർച്ചയായി അവസരങ്ങൾ കിട്ടുമെന്നു പ്രതീക്ഷിക്കാം. കിഷനെ സ്ഥാനം മാറ്റി കളിപ്പിക്കുകയോ, ഗെയ്‌ക്ക്‌വാദിന് കോലിക്കു മുകളിൽ മൂന്നാം നമ്പറിൽ അവസരം കൊടുക്കുകയോ ചെയ്താൽ മാത്രമാണ് ഇതിനു തടസമുണ്ടാകുക.
ഇതിനകം 11 ഏകദിന മത്സരങ്ങളാണ് സഞ്ജു ഇന്ത്യക്കായി കളിച്ചിട്ടുള്ളത്. രണ്ട് അർധ സെഞ്ചുറി ഉൾപ്പെടെ 330 റൺസും നേടി. 66 റൺസാണ് ബാറ്റിങ് ശരാശരി. എന്നാൽ, ഇത്തവണ ഐപിഎൽ സീസണിൽ അർധ സെഞ്ചുറിയുമായി മികച്ച തുടക്കം കുറിച്ചെങ്കിലും, തുടർന്നിങ്ങോട്ട് സ്ഥിരത പുലർത്താനായില്ല. 13 മത്സരങ്ങളിൽ 360 റൺസെടുത്ത രാജസ്ഥാൻ റോയൽസ് ക്യാപ്റ്റന് ടീമിനെ പ്ലേഓഫിലേക്കു നയിക്കാനും സാധിച്ചിരുന്നില്ല.
ഇപ്പോൾ കിട്ടിയ അവസരമെങ്കിലും മുതലാക്കാനായില്ലെങ്കിൽ ശ്രേയസ് അയ്യരും കെ.എൽ. രാഹുലും തിരിച്ചുവരുന്നതോടെ സഞ്ജുവിന്‍റെ സാധ്യതകൾ അടയുക തന്നെ ചെയ്യും. ഐപിഎല്ലിൽ ഫിനിഷർമാരായി തിളങ്ങിയ റിങ്കു സിങ്ങിനെയും ജിതേഷ് ശർമയെയും പോലുള്ള യുവതാരങ്ങൾ ടീമിലേക്ക് വിളി കാത്തിരിക്കുകയും ചെയ്യുന്നു.
17-അംഗ ഏകദിന ടീം:
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ഋതുരാജ് ഗെയ്‌ക്ക്‌വാദ്, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പർ), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പർ), ഹര്‍ദിക് പാണ്ഡ്യ, ശാര്‍ദൂല്‍ ഠാക്കൂര്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ജയദേവ് ഉനദ്‌കത്, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാര്‍.
സാധ്യതാ ഇലവൻ
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പർ), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ജയദേവ് ഉനദ്‌കത്, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചഹല്‍.