

വി.വി.എസ്.ലക്ഷ്മൺ, ഗൗതം ഗംഭീർ
ന‍്യൂഡൽഹി: ടെസ്റ്റിൽ ഇന്ത‍്യൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനായി മുൻ ഇന്ത‍്യൻ താരം വി.വി.എസ് ലക്ഷ്മൺ എത്തുമെന്ന അഭ‍്യൂഹങ്ങൾ തള്ളി ബിസിസിഐ. ടെസ്റ്റ് ടീമിന്‍റെ പരിശീലക സ്ഥാനത്ത് മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടെന്നു വ‍്യക്തമാക്കിയ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്നും ഊഹാപോഹങ്ങൾ മാത്രമാണെന്നും കൂട്ടിച്ചേർത്തു.
ചില മാധ‍്യമങ്ങൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും ഇതിനെതിരേ ബിസിസിഐ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ നവംബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടു മത്സരങ്ങളും ഇന്ത‍്യ തോൽവി ഏറ്റുവാങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത‍്യൻ ടീമിന്‍റെ പരിശീലക സ്ഥാനത്തേക്ക് ലക്ഷ്മൺ എത്തുമെന്ന വാർത്ത പ്രചരിച്ചത്.
ഗംഭീറിന് പകരക്കാരനായി ബിസിസിഐ അനൗദ‍്യോഗികമായി ലക്ഷ്മണിനെ സമീപിച്ചിരുന്നതായും എന്നാൽ ലക്ഷ്മൺ ഇത് നിരസിക്കുകയായിരുന്നുവെന്നുമായിരുന്നു മാധ‍്യമങ്ങളുടെ റിപ്പോർട്ട്. എന്നാൽ ഗംഭീറിനെ പരിശീലക സ്ഥാനത്തു നിന്നു മാറ്റുന്നതിനെ പറ്റി ചർച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ലെന്നാണ് ദേവ്ജിത്ത് സൈക്കിയ പറയുന്നത്.