
മത്സരം ചൈനയിൽ; മെസിയും അർജന്‍റീനയും കേരളത്തിലേക്കില്ലെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: ലയണൽ മെസിയും അർജന്‍റീന ഫുട്ബോൾ ടീമും ഈ വർഷം കേരളത്തിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. മെസിയും അർജന്‍റീന ഫുട്ബോൾ ടീമും ഈ വർഷം കേരളത്തിൽ കളിക്കുമെന്നായിരുന്നു കായിക മന്ത്രി വി. അബ്ദുറഹിമാൻ ഉൾപ്പെടെയുള്ളവർ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോഴിതാ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം അർജന്‍റീന ഒക്‌ടോബറിൽ സൗഹൃദ മത്സരങ്ങൾ ചൈനയിൽ കളിക്കുമെന്നാണ് വിവരം.
രണ്ടു സൗഹൃദ മത്സരങ്ങളായിരിക്കും ടീം കളിക്കുക.ഒരു മത്സരം ചൈനക്കെതിരേയും രണ്ടാം മത്സരം ജപ്പാൻ, റഷ‍്യ, ദക്ഷിണ കൊറിയ എന്നിവയിൽ ഒരു ടീമിനെതിരേയുമായിരിക്കും. ലോകകപ്പ് തയാറെടുപ്പിനു വേണ്ടിയാണ് ടീം സൗഹൃദ മത്സരങ്ങൾ കളിക്കുന്നത്.
കഴിഞ്ഞ വർഷം നവംബറിലായിരുന്നു മന്ത്രി അബ്ദുറഹിമാൻ അർജന്‍റീന ടീം കേരളത്തിലെത്തുമെന്നും രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുമെന്നും അറിയിച്ചത്.
അർജന്‍റീന ടീമിന്‍റെ ഇന്ത‍്യയിലെ സ്പോൺസർമാരായ എച്ച്എസ്ബിസി ഈ കാര‍്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മുമ്പ് 2011ലാണ് അർജന്‍റീന ടീം ഇന്ത‍്യയിലെത്തിയത് അന്ന് മെസിയുടെ നേതൃത്വത്തിലുള്ള ടീം കോൽക്കത്തിയിലെ സാൾട്ട് സ്റ്റേഡിയത്തിൽ വെനസ്വേലക്കെതിരേ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചിരുന്നു.