

വി. അബ്ദുറഹിമാൻ, ലയണൽ മെസി
തിരുവനന്തപുരം: അർജന്‍റീന ഫുട്ബോൾ ടീമും ലയണൽ മെസിയും കേരളത്തിലേക്കില്ലെന്ന് സ്ഥിരീകരിച്ച് കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. താരം കേരളത്തിലേക്ക് വരില്ലെന്ന് ഔദ‍്യോഗികമായി അറിയിപ്പ് ലഭിച്ചുവെന്ന് മന്ത്രി വ‍്യക്തമാക്കി.
മെസിയും ടീമും ഒക്റ്റോബറിൽ കേരളത്തിലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. പിന്നീട് ഒക്റ്റോബറിൽ വരാൻ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു.
ഒക്‌റ്റോബറിൽ മാത്രമെ മെസിയെയും ടീമിനെയും എത്തിക്കാൻ സാധിക്കുയെന്ന് സ്പോൺസർ പറഞ്ഞിരുന്നു. മെസി ഉൾപ്പെടുന്ന അർജന്‍റീന ടീം കേരളത്തിൽ സൗഹൃദ മത്സരം കളിക്കുമെന്നായിരുന്നു കായികമന്ത്രി അബ്ദുറഹിമാൻ നേരത്തെ പ്രഖ‍്യാപിച്ചിരുന്നത്.
അതേസമയം മെസി ഡിസംബറിൽ ഇന്ത‍്യയിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം, കോൽക്കത്തിയിലെ ഈഡൻ ഗാർഡൻസ്, അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയേക്കുമെന്നാണ് വിവരം.
