
ദിഗ്‌വേഷ് രഥി, അഭിഷേക് ശർമ
ലഖ്നൗ: ഐപിഎല്ലിൽ തിങ്കളാഴ്ച നടന്ന സൺറൈസേഴ്സ് ഹൈദരാബാദ്- ലഖ്നൗ സൂപ്പർ ജയന്‍റ്സ് മത്സരത്തിനിടെ ദിഗ്‌വേഷ് രഥിയും അഭിഷേക് ശർമയും തമ്മിലുണ്ടായ വാക്കേറ്റത്തിൽ ഇരുവർക്കുമെതിരേ നടപടിയെടുത്ത് ഐപിഎൽ ഗവേണിങ് കൗൺസിൽ.
സ്പിന്നർ ദിഗ്‌വേഷ് രഥിക്ക് ഒരു മത്സരത്തിൽ നിന്ന് വിലക്കും മാച്ച് ഫീയുടെ 50 ശതമാനം പിഴയും അഭിഷേക് ശർമയ്ക്ക് മാച്ച് ഫീയുടെ 25 ശതമാനവുമാണ് പിഴ. ലഖ്നൗവിനെതിരായ മത്സരത്തിൽ രണ്ടാമത് ബാറ്റ് ചെയ്ത സൺറൈസേഴ്സിന്‍റെ എട്ടാം ഓവറിലായിരുന്നു സംഭവം.
ദിഗ്‌വേഷ് എറിഞ്ഞ പന്തിൽ അഭിഷേക് ശർമ കവറിലൂടെ സിക്സർ അടിക്കാനാുള്ള ശ്രമം പാളുകയും ശർദുൾ ഠാക്കൂർ ക‍്യാച്ച് എടുക്കുകയും ചെയ്തതോടെ അഭിഷേക് ഡഗ്ഔട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെയാണ് ദിഗ്‌വേഷ് രഥി നോട്ട് ബുക്ക് സെലിബ്രേഷൻ നടത്തിയത്. ഇതോടെ അഭിഷേക് തിരിച്ചെത്തി ദിഗ്‌വേഷുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയായിരുന്നു.
ഒടുവിൽ അമ്പയർമാരും സഹതാരങ്ങളും ഇടപ്പെട്ടാണ് തർക്കം ശാന്തമാക്കിയത്. ദിഗ്‌വേഷിന്‍റെ മുടിയിൽ പിടിച്ചു വലിക്കുമെന്ന് ആംഗ‍്യം കാണിച്ചുകൊണ്ടാണ് അഭിഷേക് മടങ്ങിയത്. അതിരു വിട്ട വിക്കറ്റ് ആഘോഷത്തിന്‍റെ പേരിൽ ദിഗ്‌വേഷിന് ഈ സീസണിൽ നേരത്തെ രണ്ടു മത്സരങ്ങളിലും മുന്നറിയിപ്പ് നൽകിയിരുന്നു. സൺറൈസേഴ്സിനെതിരായ മത്സരത്തിലും മോശം പെരുമാറ്റം തുടർന്നതോടെ മൂന്നു മത്സരങ്ങളിൽ നിന്നും 5 ഡീമെറിറ്റ് പോയിന്‍റ് ലഭിച്ചു. ഇതോടെയാണ് താരത്തെ വിലക്കിയത്.