മുംബൈ ഇന്ത‍്യൻസിനെ മൂന്ന് തവണ ചാംപ‍്യന്മാരാക്കിയ പരിശീലകൻ പടിയിറങ്ങി

മഹേല ജയവർധനയ്ക്ക് പകരക്കാരനെ ഇതുവരെ ടീം മാനേജ്മെന്‍റ് കണ്ടെത്തിയിട്ടില്ല
Mahela Jayawardene Steps Down As Mumbai Indians Head Coach

മഹേല ജയവർധനെ

Updated on: 

മുംബൈ: ഐപിഎൽ 2027 സീസണിന് മുന്നോടിയായി മുംബൈ ഇന്ത‍്യൻസ് മുഖ‍്യ പരിശീലക സ്ഥാനം ഒഴിഞ്ഞ് മുൻ ശ്രീലങ്കൻ താരം മഹേല ജയവർധന. ജയവർധന മുഖ‍്യ പരിശീലകനായിരുന്ന കാലത്താണ് മുംബൈ മൂന്ന് ഐപിഎൽ കിരീടം നേടിയത്. ജയവർധനയ്ക്ക് പകരക്കാരനെ ഇതുവരെ ടീം മാനേജ്മെന്‍റ് കണ്ടെത്തിയിട്ടില്ല.

കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി തന്‍റെ യാത്രയുടെ സവിശേഷമായ ഒരു ഭാഗമായിരുന്നു മുംബൈ ഇന്ത‍്യൻസെന്നും ആരാധകർ, താരങ്ങൾ, കോച്ചിങ് ടീം എന്നിവരുടെ പിന്തുണ വിലമതിക്കുന്ന അനുഭവമാക്കി മാറ്റിയെന്നും താരം പറഞ്ഞു. 2020ലാണ് മുംബൈ ഇന്ത‍്യൻസ് അവസാനമായി ഐപിഎൽ കിരീടം നേടിയത്.

ആറ് വർഷങ്ങൾ പിന്നിട്ടപ്പോൾ മുംബൈ ഹാർദിക് പാണ്ഡ‍്യയ്ക്കു കീഴിൽ 9ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇതുകാരണം പുതിയ മുഖ‍്യ പരിശീലകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ടീം മാനേജ്മെന്‍റ്. മഹേല ജയവർധനയ്ക്ക് പകരക്കാരനായി പ്രമുഖരെ മുംബൈ ഇന്ത‍്യൻസ് ചുരുക്ക പട്ടികയിൽ ഉൾപ്പെടുത്തിയതായാണ് പ്രമുഖ ദേശീയ മാധ‍്യമമായ ടൈംസ് ഓഫ് ഇന്ത‍്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

2017ൽ മുംബൈ ഇന്ത‍്യൻസിന്‍റെ ഭാഗമാകുമ്പോൾ ടീമിന് രണ്ട് ഐപിഎൽ കിരീടങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. പരിശീലകനായി ആദ‍്യ സീസണിൽ തന്നെ മുംബൈ വീണ്ടും ഐപിഎൽ കിരീടത്തിൽ മുത്തമിട്ടു. പിന്നീട് 2019ലും 2020ലും മഹേല പരിശീലകനായിരിക്കെ രോഹിത് ശർമയുടെ കീഴിൽ മുംബൈ കിരീടം നേടി. എന്നാൽ പിന്നിട് ആറ് വർഷത്തേക്ക് ഇതേ നേട്ടം ആവർത്തിക്കാനായില്ല.

logo
Metro Vaartha
www.metrovaartha.com