മലയാളി താരം ഇന്ത്യ അണ്ടർ-19 ടീമിൽ, കൂടെ വൈഭവ് സൂര്യവംശിയും ആയുഷ് മാത്രെയും

അടുത്ത വർഷം നടത്താനിരിക്കുന്ന അണ്ടർ-19 ലോകകപ്പിൽ കളിക്കാവുന്ന പ്രായപരിധിയിലുള്ളവരെ മാത്രമാണ് ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
Muhamad Eman

മുഹമ്മദ് ഇമാൻ

Updated on

മുംബൈ: ഐപിഎൽ താരങ്ങളായ വൈഭവ് സൂര്യവംശിയെയും ആയുഷ് മാത്രെയെയും ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ അണ്ടർ-19 ടീമിൽ ഉൾപ്പെടുത്തി. 17 വയസുള്ള മാത്രെ ആയിരിക്കും ടീമിന്‍റെ ക്യാപ്റ്റൻ. 14 വയസുകാരൻ സൂര്യവംശി ഓപ്പണിങ് പങ്കാളിയാകും. മുംബൈയിൽ നിന്നുള്ള വിക്കറ്റ് കീപ്പർ അഭിജ്ഞാൻ കുണ്ഡുവിനെ ടീമിന്‍റെ വൈസ് ക്യാപ്റ്റനായും നിയോഗിച്ചിട്ടുണ്ട്.

ആഭ്യന്തര ക്രിക്കറ്റിൽ മുംബൈക്കു വേണ്ടി അരങ്ങേറിക്കഴിഞ്ഞ ആയുഷ് മാത്രെ ചെന്നൈ സൂപ്പർ കിങ്സ് ഓപ്പണറായാണ് ഐപിഎല്ലിൽ സാന്നിധ്യമറിയിച്ചത്. ബിഹാറിൽനിന്നുള്ള സൂര്യവംശി രാജസ്ഥാൻ റോയൽസിനു വേണ്ടി ഇന്നിങ്സ് ഓപ്പൺ ചെയ്ത് ഒരു സെഞ്ചുറിയും ഒരു അർധ സെഞ്ചുറിയും നേടിയിരുന്നു.

കേരളത്തിൽനിന്നുള്ള ലെഗ് സ്പിന്നർ മുഹമ്മദ് ഇമാനും ടീമിൽ സ്ഥാനം നിലനിർത്തി. ഓസ്ട്രേലിയ അണ്ടർ-19 ടീമിനെതിരായ രണ്ട് യൂത്ത് ടെസ്റ്റ് മത്സരങ്ങളിൽ 16 ഇരകളെ കണ്ടെത്തിയ ഇമാൻ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനായിരുന്നു. ഒമ്പത് വിക്കറ്റുമായി രണ്ടാമതെത്തിയ പഞ്ചാബ് ഓഫ് സ്പിന്നർ അൻമോൽജിത് സിങ്ങും ടീമിൽ തുടരുന്നു.

പഞ്ചാബിൽനിന്നുള്ള വിഹാൻ മൽഹോത്രയാണ് ടീമിലെ മൂന്നാമത്തെ ഓപ്പണർ. മുൻപ് ദേശീയ അണ്ടർ-19 ടീമിൽ സൂര്യവംശിയുടെ ഓപ്പണിങ് പങ്കാളിയായിരുന്നു. സൗരാഷ്ട്രയിൽനിന്നുള്ള വിക്കറ്റ് കീപ്പർ ഹർവംശ് പംഗാലിയ, ബംഗാൾ സീമർ യുധജിത് ഗുഹ എന്നിവരും ദേശീയ അണ്ടർ-19 ടീമിൽ കളിച്ചു പരിചയമുള്ളവരാണ്.

കൂച്ച് ബിഹാർ ട്രോഫിയിൽ പ്ലെയർ ഒഫ് ദ സീരീസ് ആയിരുന്ന ഓൾറൗണ്ടർ ഖിലൻ പട്ടേൽ പുതിയതായി ടീമിലെത്തിയവരിൽ പ്രമുഖനാണ്.

ജൂൺ 24ന് ഏകദിന സന്നാഹ മത്സരത്തോടെയാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനു തുടക്കമാകുക. തുടർന്ന് അഞ്ച് യൂത്ത് ഏകദിന മത്സരങ്ങൾ കളിക്കും. അതിനു ശേഷം രണ്ട് ബഹുദിന മത്സരങ്ങളുമുണ്ടാകും.

അടുത്ത വർഷം നടത്താനിരിക്കുന്ന അണ്ടർ-19 ലോകകപ്പിൽ കളിക്കാവുന്ന പ്രായപരിധിയിലുള്ളവരെ മാത്രമാണ് ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ടീം ഇങ്ങനെ:

ആയുഷ് മാത്രെ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, വിഹാൻ മൽഹോത്ര, മൗല്യരാജ്സിങ് ചാവ്ഡ, രാഹുൽ കുമാർ, അഭിജ്ഞാൻ കുണ്ഡു (വൈസ്-ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ഹർവംശ് പംഗാലിയ (വിക്കറ്റ് കീപ്പർ), ആർ.എസ്. അംബരീഷ്, കനിഷ് ചൗഹാൻ, ഖിലൻ പട്ടേൽ, ഹെനിൽ പട്ടേൽ, യുധജിത് ഗുഹ, പ്രണവ് രാഘവേന്ദ്ര, മുഹമ്മദ് ഇമാൻ, ആദിത്യ റാണ, അൻമോൽജിത് സിങ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com